തിരുവനന്തപുരം: വീട്ടുവളപ്പിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത് ദീപ അശോക് എന്ന എൽഐസി ഏജന്റിന്റെ മൃതദേഹം ആണെന്ന വാർത്ത സമീപവാസികളും നാട്ടുകാരെയും ഒരുപോലെ ഞെട്ടിക്കുന്നു. എല്ലാവരോടും വളരെ നല്ല സൗഹൃദത്തിൽ പോയിരുന്ന അവർക്ക് എങ്ങനെയാണ് ഇത്തരത്തിലൊരു ദുർമരണം സംഭിച്ചതെന്ന ആശ്ചര്യത്തിലും അതിനൊപ്പം തന്നെ നടുക്കം വിട്ടുമാറാത്ത അവസ്ഥയിലുമാണ് നാട്ടുകാർ. നഗരത്തിലെ ജനങ്ങൾ തിങ്ങിപാർക്കുന്ന അമ്പലംമുക്ക് മണ്ണടി ലയിൻ റസിഡൻസ് അസോസിയേഷനിലാണ് സംഭവം. സംഭവത്തെതുടർന്ന് ഇവരുടെ മകനും ബിടെക്ക് വിദ്യാർത്ഥിയുമായ അക്ഷയ് അശോകിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇന്ന് രാവിലെയോടെയാണ് ദീപയുടെ മൃതദേഹം കത്തികരിഞ്ഞ നിലയിൽ വീടിന് സമീപം കണ്ടെത്തിയത്. പേരൂർക്കട പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.

ദീപയുടെ ഭർത്താവ് അശോക് വിദേശത്താണ്. കഴിഞ്ഞ വർഷം വിവാഹം കഴിഞ്ഞ മൂത്ത മകളും ഭർത്താവിനും കുഞ്ഞിനുമൊപ്പം വിദേശത്താണ്. ഇളയ മകൻ അക്ഷയ് അശോകും ദീപയും മാത്രമാണ് മണ്ണടി ലയിനിലെ ബി11ാം നമ്പർ വീടായ ദ്വാരകയിൽ താമസിക്കുന്നത്. വീടുകൾ തമ്മിൽ ഒരു മതിലിന്റെ മാത്രം വ്യത്യാസമാണ് ഈ പ്രദേശത്തുള്ളത്. ഇന്ന് രാവിലെയോടെയാണ് വീടിന് സമീപമുള്ള കിണറിന് അടുത്തായി ശവശരീരം കത്തിക്കരിഞ്ഞ നിലയിൽ കാണപ്പെട്ടത്. തിരുവനന്തപുരം സെന്റ് തോമസ് കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലെ വിദ്യാർത്ഥിയായിരുന്നു അക്ഷയ്. ഇന്നലെ ഉച്ചയോടെ സുഹൃത്തുക്കൾക്കൊപ്പം സിനിമയ്ക്ക് പോയതായിരുന്നു അക്ഷയ്. ഈ സമയം അമ്മ വീട്ടിലുണ്ടായിരുന്നുവെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞതായാണ് സൂചന.

സിനിമ കണ്ട ശേഷം വൈകുന്നേരത്തോടെ അക്ഷയ് വീട്ടിലെത്തിയപ്പോൾ അമ്മയെ കാണുന്നുണ്ടായിരുന്നില്ല. എന്നാൽ എല്ലാ ദിവസവും സ്ഥിരമായി അമ്പലത്തിൽ പോകുന്നതിനാൽ തന്നെ അമ്മ അമ്പലത്തിൽ പോയതായിട്ടാണ കരുതിയത്. എന്നാൽ രാത്രിയായിട്ടും അമ്മയെ കാണാതായിട്ടും അക്ഷയ് ആരോടും സംഭവം അറിയിച്ചില്ലെന്നതാണ് പൊലീസിന് സംശയം തോന്നിപ്പിക്കുന്നത്. ഇയാളെ ഇപ്പോഴും പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. വീട്ടിൽ വെച്ച് ചോദ്യം ചെയ്യുകയായിരുന്നു ആദ്യമെങ്കിലും ഉച്ചയ്ക്ക് രണ്ടരമണിയോടെ പൊലീസ് ഇയാളെ പുറത്തേക്ക് കൊണ്ട് പോയി. രാത്രിയായിട്ടും അമ്മയെ കാണാതായിട്ടും സമീപത്തെ വീടുകളിൽ നല്ല സൗഹൃദം പങ്കിടുന്ന അമ്മയെ കാണുന്നില്ലെന്ന വിവരം അക്ഷയ് ആരോടും പറയാത്തതിലും പൊലീസിന് സംശയമുണ്ട്. ഇന്ന് രാവിലെ സമീപത്തെ വീട്ടുകാർ ജോലിക്ക് ഓഫീസിലേക്ക് പോകാൻ തയ്യാറെടുക്കുമ്പോഴും അക്ഷയ് വീടിന്റെ മുന്നിൽ നിൽക്കുന്നത് ശ്രദ്ധിച്ചിരുന്നുവെന്നും അയൽവാസി പറയുന്നു.

വീടിന് പുറത്തായി അസാധാരണമായി എന്തോ ഒന്ന് കണ്ടതോടെ അക്ഷയ് തന്റെ രണ്ട് സുഹൃത്തുക്കളെ വിവരമറിയിക്കുകയും ചെയ്തു. എന്തിനാണ് അയൽവാസികളെ അറിയിക്കാതെ സുഹൃത്തുക്കളോട് വിവരം പറഞ്ഞത് എന്നതും പൊലീസിന് സംശയം തോന്നിപ്പിക്കുന്നു. അമ്മയും മകനും തമ്മിൽ നല്ലസൗഹൃദവും സ്നേഹവുമായിരുന്നുവെന്നാണ് അയൽവാസികളും പറയുന്നത്. എപ്പോഴും പ്രദേശത്തുണ്ടെങ്കിലും ഈ പ്രദേശത്തെ യുവാക്കളുമായി അക്ഷയ്ക്ക് വലിയ സൗഹൃദങ്ങളില്ല, അതുകൊണ്ട് തന്നെ എന്തെങ്കിലും പ്രശ്നങ്ങളുണ്ടായിരുന്നതായി ആർക്കും അറിയില്ല. മൃതദേഹം കണ്ട ഉടനെ തന്നെ ഇത് അയൽവാസികൾ അറിയുകയും പിന്നീട് പൊലീസിൽ അറിയിക്കുകയുമായിരുന്നു. പൊലീസ് എത്തി ഇൻക്വസ്റ്റ് നടത്തിയ ശേഷം ഇപ്പോൾ പോസ്റ്റ് മാർട്ടത്തിനായി മൊബൈൽ യൂണിറ്റ് എത്തുന്നതിനായി കാത്തിരിക്കുകയാണ്.

അതേസമയം വീട്ടിൽ നിന്നു ലഭിച്ച മൃതദേഹത്തിന്റെ കൈയൊഴികെയുള്ള എല്ലാ ഭാഗങ്ങളും പൂർണമായി കത്തി നശിച്ച അവസ്ഥയിലായിരുന്നു. ദീപയുടെ ശരീരം തന്നെയാണ് ലഭിച്ചതെന്ന് പൊലീസ് ഏകദേശം ഉറപ്പിച്ചിട്ടുണ്ട്. എന്നാൽ ഇതിന്റെ സ്ഥിരീകരണം പോസ്റ്റ് മാർട്ടം നടത്തിയ ശേഷം മാത്രമെ ഉണ്ടാവുകയുള്ളു. അക്ഷയ് വീടിന് പുറത്ത് സിനിമയ്ക്ക് പോയ സമയത്ത് വീട്ടിൽ എന്തെങ്കിലും മോഷണ ശ്രമങ്ങൾ നടന്നിട്ടുണ്ടോയെന്നും അതിനെതുടർന്നുള്ള അക്രമമാണോ എന്നും പൊലീസ് അന്വേഷിക്കും. എന്നാൽ ഈ പ്രദേശത്ത് ധാരാളം ആളുകൾ താമസിക്കുന്നുണ്ട്.

തിരക്കേറിയ അമ്പലംമുക്ക് ജംങ്ങ്ഷനിൽ നിന്നും വെറും മീറ്ററുകൾ മാത്രം അകലെയാണ് ഈ വീട്. അതുകൊണ്ട് തന്നെ മോഷണ ശ്രമത്തിനിടയിലെ കൊലപാതകമാകാനുള്ള സാധ്യത കുറവാണെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. വിശദമായി ചോദ്യം ചെയ്തെങ്കിലും അക്ഷയിൽ നിന്നും സംശയം തോന്നിപ്പിക്കുന്ന ഒന്നും ലഭിച്ചിട്ടില്ലെന്നും സൂചനയുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടതിലാകും ഇനി അക്ഷയെ ചോദ്യം ചെയ്യുക.

കഴിഞ്ഞ ഓണത്തിനാണ് അക്ഷയുടെ അച്ഛൻ അശോകൻ വിദേശത്ത് നിന്നും നാട്ടിൽ ലീവിനെത്തിയ ശേഷം മടങ്ങിയത്. ഇന്നലെ വൈകുന്നേരത്തോടെയായിരിക്കാം മരണം സംഭവിച്ചതെന്നാണ് പൊലീസ് ഭാഷ്യം. മരണത്തിൽ ദുരൂഹത തുടരുമ്പോഴും അസ്വഭാവികമായി ഒന്നും ശ്രദ്ധയിൽപെട്ടതായി അയൽവാസികൾ പറയുന്നില്ല. വൈകുന്നേരത്തോടെ എന്തോ കത്തിക്കുന്ന മണം വരികയും മുടി കത്തിയപോലെയുള്ള മണം വന്നതായും ചില അയൽവാസികൾ പറയുന്നുണ്ട്. എന്നാൽ സ്ഥിരമായി ഇവിടെ ചവറും പ്ലാസ്റ്റിക്കുമൊക്കെ കൂട്ടിയിട്ട് കത്തിക്കുന്നതുകൊണ്ട് തന്നെ ആരും അത് കാര്യമാക്കിയതുമില്ല. എന്തായാലും മരണത്തെക്കുറിച്ച് ദുരൂഹത ഇപ്പോഴും നിലനിൽക്കുകയാണ്.