മുംബൈ: മുകേഷ് അംബാനിയുടെ വസതിക്ക് മുന്നിൽ സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ നിർണായക ട്വിസ്റ്റ്്. ജയ്്ഷ് ഉൽ -ഹിന്ദ് ഉപയോഗിച്ച മൊബൈൽ ഫോൺ തിഹാർ ജയിലിൽ നിന്ന് കണ്ടെടുത്തു. വ്യാഴാഴ്ച രാത്രി നടത്തിയ തിരച്ചിലിലാണ് ഇന്ത്യൻ മുജാഹിദ്ദീൻ പ്രവർത്തകനായ തെഹ്‌സീൻ അക്തർ അഥവാ മോനുവിന്റെ ബാരക്കിൽ നിന്നും സെൽ ഫോൺ കണ്ടെടുത്തത്. ഈ ഫോണിലാണ് ജയ്ഷ് ഉൽ ഹിന്ദിന്റെ ടെലിഗ്രാം ചാനൽ തുടങ്ങിയതെന്ന് പൊലീസ് സംശയിക്കുന്നു.

അംബാനിയുടെ വസതിക്ക് മുന്നിൽ സ്ഫോടക വസ്തുക്കളടങ്ങിയ വാഹനം ഉപേക്ഷിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ജയ്ഷ്-ഉൽ-ഹിന്ദിന്റെ ടെലഗ്രാം ചാനൽ തുടങ്ങിയത് തിഹാർ ജയിലിലാണെന്ന് മുംബൈ പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. അതിനിടെ, ആദ്യം ഉത്തരവാദിത്തം ഏറ്റെടുത്ത ജയ്ഷ്-ഉൽ-ഹിന്ദ് മണിക്കൂറുകൾക്കകം തങ്ങൾക്ക് പങ്കില്ലെന്ന സന്ദേശവും പുറത്തുവിട്ടിരുന്നു.

നിരവധി തീവ്രവാദികളെ പാർപ്പിച്ചിരിക്കുന്ന ജയിലിൽ നിന്നാണ് മൊബൈൽ ഫോൺ കണ്ടെടുത്തതെന്ന് സ്‌പെഷ്യൽ സെൽ ഡിസിപി പ്രമോദ് കുശ്വാഹ് അറിയിച്ചു. വിശദമായ അന്വേഷണത്തിനും ഫോറൻസിക് പരിശോധനയ്ക്കും ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂ. .ഇന്ത്യൻ മുജാഹിദ്ദീൻ പ്രവർത്തകനായ തെഹ്‌സീൻ അക്തർ മുംബൈ, ഹൈദരാബാദ്, വാരണാസി എന്നിവിടങ്ങളിൽ അടക്കം നിരവധി ബോംബാക്രമണക്കേസുകളിൽ ഉൾപ്പെട്ടയാളാണ്. 2013 ൽ ഇന്ത്യൻ മുജാഹിദ്ദീന്റെ സഹസ്ഥാപകനായ യാസിൻ ഭട്ടകൽ പിടിയിലായ ശേഷം തെഹ്‌സീൻ അക്തറായിരുന്നു തലവൻ.

കഴിഞ്ഞ മൂന്നരമാസത്തോളമായി തെഹ്‌സീൻ അടക്കം നിരവധി തടവുകാർ ഫോൺ ഉപയോഗിക്കുന്നുണ്ടായിരുന്നു. വ്യാഴാഴ്ച ഡൽഹി പൊലീസിന്റെ സ്പഷ്യെൽ സെൽ ഉദ്യോഗസ്ഥർ ജയിൽ സമുച്ചയത്തിൽ തിരച്ചിൽ നടത്തുകയും, നിരവധി വിചാരണ തടവുകാരെ ചോദ്യം ചെയ്യുകയും ചെയ്തു. ആ സമയത്ത് തടവുകാരെല്ലാം ബാരക്കിന് പുറത്തായിരുന്നതുകൊണ്ട് പരിശോധന ബുദ്ധിമുട്ടായിരുന്നു. പിന്നീടാണ് ജയിൽ അധികൃതരുടെ സഹകരണത്തോടെ പരിശോധന നടത്തി ഫോൺ കണ്ടെടുത്തത്.

ഫെബ്രുവരി 25-ന് മുകേഷ് അംബാനിയുടെ വസതിക്ക് മുന്നിൽ സ്ഫോടക വസ്തുക്കളടങ്ങിയ വാഹനം കണ്ടെത്തിയതിന് പിന്നാലെയാണ് ജയ്ഷ്-ഉൽ-ഹിന്ദിന്റെ പേരിലുള്ള ടെലഗ്രാം ചാനലിൽ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുള്ള സന്ദേശങ്ങൾ പ്രത്യക്ഷപ്പെട്ടത്. ഇതിനൊപ്പം ക്രിപ്റ്റോകറൻസി ആവശ്യപ്പെട്ടുള്ള ഒരു ലിങ്കും ഉണ്ടായിരുന്നു. മുംബൈ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഫെബ്രുവരി 26-നാണ് ഈ ടെലഗ്രാം ചാനൽ നിർമ്മിച്ചതെന്ന് കണ്ടെത്തി.

ഫെബ്രുവരി 27-ന് രാത്രിയാണ് സ്ഫോടകവസ്തുക്കൾ ഉപേക്ഷിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുള്ള സന്ദേശങ്ങൾ പ്രത്യക്ഷപ്പെട്ടത്. എന്നാൽ ക്രിപ്റ്റോകറൻസി ആവശ്യപ്പെട്ട് നൽകിയ ലിങ്ക് പ്രവർത്തനരഹിതമായിരുന്നു. ഇതോടെ ടെലഗ്രാം സന്ദേശം തെറ്റിദ്ധരിപ്പിക്കാനുള്ളതാകുമെന്ന് പൊലീസ് സംശയിച്ചു. പിന്നാലെ സ്വകാര്യ സൈബർ ഏജൻസിയുടെ സഹായത്തോടെ ടെലഗ്രാം ചാനൽ നിർമ്മിച്ച മൊബൈൽ ഫോണിന്റെ ലൊക്കേഷൻ കണ്ടെത്തി. തിഹാർ ജയിലിലോ സമീപപ്രദേശത്തോ വച്ചാണ് ടെലഗ്രാം ചാനൽ നിർമ്മിച്ചതെന്നാണ് സൈബർ ഏജൻസി പൊലീസിന് നൽകിയ വിവരം. ഇതുസംബന്ധിച്ചാണ് പൊലീസ് സംഘം നിലവിൽ അന്വേഷണം നടത്തുന്നത്. മുംബൈ പൊലീസിന്റെ ക്രൈംബ്രാഞ്ചാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ ആദ്യം അന്വേഷണം നടത്തിയത്. പിന്നീട് മഹരാഷ്ട്ര തീവ്രവാദ വിരുദ്ധ സേന(എടിഎസ്)യ്ക്ക് അന്വേഷണം കൈമാറിയെങ്കിലും കഴിഞ്ഞദിവസം എൻ.ഐ.എ. അന്വേഷണം ഏറ്റെടുത്തിരുന്നു.