പത്തനംതിട്ട: റാന്നി പുല്ലൂപ്രം കൃഷ്ണകൃപ ബാലികാസദനത്തിൽ പുതുശേരിമല തട്ടാക്കുന്നേൽ തേവരുപറമ്പിൽ വൽസലയുടെ മകൻ അമ്പിളിയെ കൊന്ന കേസിൽ, മറുനാടൻ അടക്കമുള്ള മാധ്യമങ്ങൾ പുറത്തു വിട്ട പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യാജമാണെന്നു പ്രചരിപ്പിച്ച് നടത്തിപ്പുകാരനും സംഘവും.

ബാലികാസദനത്തിലെ മറ്റൊരു അന്തേവാസിയുടെ ഭർത്താവിന്റെ നേതൃത്വത്തിലാണ് വ്യാജ റിപ്പോർട്ട് തയാറാക്കിയതെന്ന് ആരോപിച്ച ബാലികാസദനം നടത്തിപ്പുകാരൻ ആർഡിഒ കോടതിയിൽ നിന്ന് റിപ്പോർട്ടിന്റെ പകർപ്പ് എടുത്തപ്പോൾ മാധ്യമങ്ങൾ പുറത്തുവിട്ടത് തന്നെ. ഇതോടെ കുറ്റം മുഴുവൻ പോസ്റ്റ്‌മോർട്ടം ചെയ്ത പൊലീസ് സർജൻ ശശികലയുടെ തലയിൽ ചാർത്താനുള്ള ശ്രമവും തുടങ്ങി. മറുനാടൻ പുറത്തു വിട്ട വാർത്ത മറ്റുള്ളവരും ഏറ്റു പിടിച്ചതോടെ കേസ് ഒതുക്കാനുള്ള നീക്കം ബാലികാ സദനം നടത്തിപ്പുകാരൻ ആരംഭിച്ചിരുന്നു. ഇതിന്റെ ആദ്യപടിയായിട്ടാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യാജമാണെന്നു പ്രചരിപ്പിച്ചത്.

ബാലികാസദനത്തിലെ മറ്റൊരു അന്തേവാസിയുടെ ഭർത്താവാണ് ഇപ്പോൾ ഈ കേസ് വീണ്ടും കുത്തിപ്പൊക്കിയതെന്നും ഇയാളുടെ നേതൃത്വത്തിൽ, ബംഗളൂരുവിലുള്ള മറ്റൊരു യുവതിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തിരുത്തൽ വരുത്തി മാധ്യമങ്ങൾക്ക് നൽകിയതാണെന്നുമായിരുന്നു ആദ്യ ആരോപണം. എട്ടാം ക്ലാസ് വരെ പഠിച്ച ഈ യുവാവ് എങ്ങനെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് തിരുത്തുമെന്ന് പലരും മറുചോദ്യം ഉന്നയിച്ചു. ബാലികാസദനത്തിൽ നടന്ന മരണമായതു കൊണ്ട് ആർഡിഒ കോടതിയിൽ പൊലീസ് പോസ്റ്റുമോർട്ടം റിപ്പോർട്ട് സമർപ്പിക്കേണ്ടതുണ്ട്. ഇങ്ങനെ സമർപ്പിച്ച റിപ്പോർട്ടിന്റെ പകർപ്പ് ബാലികാസദനം നടത്തിപ്പുകാരൻ അപേക്ഷ നൽകി വാങ്ങി. ഇതായിരിക്കും യഥാർഥ റിപ്പോർട്ട് എന്നു പറഞ്ഞായിരുന്നു പകർപ്പെടുത്തത്. ഇത് കൈയിൽ കിട്ടിയപ്പോഴാണ് രസം. മറുനാടൻ പുറത്തു വിട്ട റിപ്പോർട്ട് തന്നെ.

ഇതോടെ തന്ത്രം മാറ്റിപ്പിടിച്ചു. പൊലീസ് സർജൻ ശശികല ഇല്ലാത്തത് എഴുതി വച്ചിരിക്കുയാണെന്നായി. മാത്രവുമല്ല, പത്തനംതിട്ടയിലെ സർജനെ കൊണ്ട് റിപ്പോർട്ട് വായിപ്പിച്ചപ്പോൾ അതിൽ ഒരു കുഴപ്പവും കാണുന്നില്ലെന്ന പ്രചാരണവും അഴിച്ചു വിട്ടു. ഗുഹ്യഭാഗങ്ങളിൽ ഉണ്ടെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വന്ന മുറിവുകൾ മരണവെപ്രാളത്തിൽ ഉണ്ടായതാണ്. ഗർഭപാത്രം ചതഞ്ഞത് അമ്പിളിക്ക് ഹൃദയാഘാതം വന്നപ്പോൾ നെഞ്ചിൽ ഇടിച്ചതു കൊണ്ടാണ് എന്നിങ്ങനെയുള്ള ദുർബലമായ വാദഗതികളാണ് നടത്തിപ്പുകാരൻ ഉന്നയിക്കുന്നത്.
ആദ്യം കേസ് പണം വാങ്ങി അട്ടിമറിച്ച പൊലീസ് ഇപ്പോഴും അതിന്റെ കൂറ് കാണിച്ചു കൊണ്ടിരിക്കുന്നു. രണ്ടാമത് നൽകിയ പരാതിയിൽ ഒരു നടപടിയും ജില്ലാ പൊലീസ് മേധാവി സ്വീകരിച്ചിട്ടില്ല. സർക്കാരിന്റെ ഉന്നതങ്ങളിലുള്ള ഒരാളുടെ നിർദേശപ്രകാരമാണ് ഈ കേസ് അട്ടിമറിച്ചിരിക്കുന്നത് എന്നാണ് കിട്ടുന്ന സൂചന.

2015 ഫെബ്രുവരി അഞ്ചിനാണ് അമ്പിളി കൊല്ലപ്പെട്ടത്. ഒരാഴ്ചയ്ക്കകം പുറത്തു വന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ അമ്പിളി ക്രൂരമായ പീഡനത്തിനിരയായെന്ന് അക്കമിട്ടു പറഞ്ഞിരുന്നു. അത് ഒതുക്കിയ പൊലീസ് കേസ് തേച്ചു മാച്ചു കളഞ്ഞിരുന്നു. ഇതാണിപ്പോൾ വീണ്ടും പുറത്തു വന്നിരിക്കുന്നത്.