- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രാഫിക്കിലെ ശ്രീനിവാസന് കൈയടിച്ചവർക്ക് ജീവിതത്തിൽ ഷഫീഖിന് കൈയടക്കാം; 7 വയസ്സുകാരന്റെ ജീവൻരക്ഷാ മരുന്നുമായി 420 കിമി ഷഫീക്ക് താണ്ടിയത് 5 മണിക്കൂർ കൊണ്ട്; ദൗത്യത്തിന് പിന്തുണയുമായി സന്നദ്ധസംഘടനകളും
കോഴിക്കോട് : ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ്യക്കുള്ള ഹൃദയം കൊണ്ട് കുതിച്ചുപാഞ്ഞ ട്രാഫിക്കിലെ ശ്രീനിവാസനും കൂട്ടാളികൾക്കും കൈയടിച്ചവരാണ് പ്രേക്ഷകർ.എന്നാൽ ജീവിതത്തിൽ അത്തരമൊരു സംഭവം ഉണ്ടായലോ.. അവയവം വഹിച്ചല്ല പക്ഷെ ജീവൻരക്ഷാ മരുന്നുമായി സമാനമായ ദൗത്യം നിർവഹിച്ച് ഏവരുടെയും പ്രശംസയ്ക്ക് പാത്രമായിരിക്കുകയാണ് മട്ടന്നൂർ വെളിയമ്പ്രം കുഞ്ഞൻവീട്ടിൽ ഷെഫീഖ് എന്ന 28 കാരൻ. ഷെഫീക്ക് നിർവഹിച്ച ദൗത്യം ആംബുലൻസ് ഡ്രൈവർമാരുടെ ചരിത്രത്തിൽ തിളങ്ങുന്ന അധ്യായമാണ് എന്നതിൽ തർക്കമില്ല.
കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന 7 വയസ്സുകാരനു അത്യാവശ്യം നൽകേണ്ട ജീവൻ രക്ഷാ മരുന്നുമായി ഷെഫീഖ് 420 കിലോമീറ്റർ ദൂരം താണ്ടിയത് വെറും 5 മണിക്കൂർ കൊണ്ട്. ബെംഗളൂരു കെഎംസിസി ആംബുലൻസ് ഡ്രൈവറായ ഷെഫീഖിനു ചൊവ്വാഴ്ച വൈകിട്ടാണു ദൗത്യം ഏറ്റെടുക്കാനുള്ള നിർദ്ദേശം ലഭിച്ചത്. അതിവേഗത്തിലും ശ്രദ്ധയോടെയും ഒറ്റയിരുപ്പിൽ ആംബുലൻസ് ഓടിക്കേണ്ട ദൗത്യം ഏറെ സന്തോഷത്തോടെ ഏറ്റെടുത്തു.
ട്രാഫിക് എന്ന സിനിമയിൽ ശ്രീനിവാസൻ അവതരിപ്പിച്ച ആംബുലൻസ് ഡ്രൈവറുടെ സ്ഥാനം ഏറ്റെടുത്തു. പിന്നെ മനസ്സുമുഴുവൻ രോഗത്തോടു മല്ലടിക്കുന്ന ഏഴു വയസുകാരൻ മാത്രമായിരുന്നു.വൈകിട്ട് 4.30നു ബെംഗളൂരു ഹെബാളിലെ ആസ്റ്റർ ഹോസ്പിറ്റലിന്റെ മുറ്റത്തു മരുന്നുമായി കെഎംസിസി പ്രവർത്തകർ ആംബുലൻസിൽ കയറി. പിന്നെ ഒരു നിമിഷം പോലും വൈകാതെ ഷെഫീഖ് എൻജിൻ സ്റ്റാർട്ടാക്കി. ആക്‌സിലേറ്ററിൽ കാൽ അമർന്നു. ഗിയർ നിമിഷങ്ങൾ കൊണ്ടു ടോപ്പിലേക്കെത്തി.
കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രി ലക്ഷ്യമാക്കി ആംബുലൻസ് ശരവേഗത്തിൽ പാഞ്ഞു. സ്പീഡോ മീറ്റർ പലപ്പോഴും 120 വരെ ഉയർന്നു. വഴിയിൽ കർണാടക പൊലീസും ബെംഗളൂരു, മൈസുരു കെഎംസിസി പ്രവർത്തകരും റോഡ് സേഫ്റ്റി സംഘടനാ പ്രവർത്തകരും പൊതുജനങ്ങളും തടസ്സങ്ങൾ നീക്കി ആംബുലൻസിനു പച്ചക്കൊടി കാണിച്ചു കൊണ്ടിരുന്നു.
7 മണിയോടെ മൈസുരു പിന്നിട്ടു. രാത്രി 8 മണിയോടെ മുത്തങ്ങ കാട് താണ്ടി കേരളത്തിലേക്കു പ്രവേശിച്ചു. പിന്നീട് കേരള പൊലീസും സന്നദ്ധ സംഘടന പ്രവർത്തകരും പൊതുജനങ്ങളും റോഡ് തടസ്സങ്ങൾ നീക്കി കൊണ്ടിരുന്നു. താമരശ്ശേരി ചുരം ഇറങ്ങി രാത്രി ഒൻപതരയോടെ ആംബുലൻസ് ആസ്റ്റർ മിംസ് ആശുപത്രിയുടെ മുറ്റത്തെത്തി നിന്നു.ഡോക്ടർമാരും ആശുപത്രി ജീവനക്കാരും മരുന്ന് ഏറ്റുവാങ്ങി ഐസിയുവിൽ കഴിയുന്ന 7 വയസുകാരനു നൽകാൻ കാത്തു നിൽക്കുകയായിരുന്നു.
ഉടൻ ചികിത്സ ആരംഭിക്കുകയും ചെയ്തു. വലിയ ദൗത്യം നിർവഹിച്ചതിന്റെ ചാരിതാർഥ്യത്തോടെ ഷെഫീഖ് ആശുപത്രി മുറ്റത്തേക്കിറങ്ങി. ഷെഫീഖിനെയും ദൗത്യത്തിൽ പങ്കാളികളായ എല്ലാവരെയും ക്ലസ്റ്റർ ഡയറക്ടർ ആസ്റ്റർ ഒമാൻ, കേരള ഫർഹാൻ യാസിൻ അഭിനന്ദിച്ചു.
മറുനാടന് മലയാളി ബ്യൂറോ