മേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ഡൊണാൾഡ് ട്രംപി തികഞ്ഞൊരു പെണ്ണ് പിടിയനാണെന്ന് ആരോപിച്ച് ഒമ്പത് സ്ത്രീകൾ ഒരുമ്പെട്ട് രണ്ടും കൽപ്പിച്ച് ഇറങ്ങിയതോടെ ട്രംപിന്റെ നില പരുങ്ങലിലായിരിക്കുകയാണ്. ഇതോടെ സ്ത്രീ വോട്ടർമാരിൽ നല്ലൊരു ശതമാനം ട്രംപിന് വോട്ട് ചെയ്യില്ലെന്ന് പ്രഖ്യാപിച്ച് ഒറ്റക്കെട്ടായി പിൻവലിഞ്ഞത് മില്യണയർക്ക് തിരിച്ചടിയായിരിക്കുകയാണെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതോടെ എതിരാളിയായ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയും മുൻ സെക്രട്ടറി ഓഫ് സ്റ്റേറ്റുമായ ഹില്ലാരി ക്ലിന്റണ് ഏഴ് പോയിന്റ് വ്യക്തമായ ലീഡുണ്ടായിരിക്കുകയാണ്. ചുരുക്കിപ്പറഞ്ഞാൽ ആരോഗ്യം ഇല്ലാതിരുന്നിട്ടും മുൻ പ്രസിഡന്റ് ബിൽ ക്ലിന്റന്റെ ഭാര്യ തന്നെ അടുത്ത അമേരിക്കൻ പ്രസിഡന്റാകുമെന്ന് ഉറപ്പായിരിക്കുകയാണ്.

ട്രംപിനടുത്തിരുന്ന് വിമാനത്തിൽ യാത്ര ചെയ്തതിന്റെ പീഡനാനുഭവങ്ങൾ പങ്ക് വച്ച് ജസീക്ക് ലീഡ്സ് എന്ന ബിസിനസ് വുമൺ വ്യാഴാഴ്ച രാത്രി സിഎൻഎന്നിൽ രംഗത്തെത്തിയത് വൻ വിവാദമായിരുന്നു സൃഷ്ടിച്ചിരുന്നത്. വിമാനത്തിലെ ആം റെസ്റ്റ് പൊക്കുമ്പോൾ ട്രംപ് തന്നെ അസഭ്യപൂർവം സ്പർശിച്ചിരുന്നുവെന്നാണവർ ആരോപിച്ചിരുന്നത്. ട്രംപിന്റെ സ്ഥാപനത്തിൽ ജോലിക്ക് ശ്രമിച്ച തന്നെ ട്രംപ് ബലാൽക്കാരമായി ചുംബിച്ചിരുന്നുവെന്ന ആരോപണവുമായി മറ്റൊരു യുവതിയായ സമ്മർ സെർവോസും മുന്നോട്ട് വന്നിരുന്നു. ബെവെർലി ഹിൽസ് ഹോട്ടലിലേക്ക് ജോലിയുടെ പേരിൽ തന്നെ കൂടിക്കാഴ്ചക്ക് ക്ഷണിച്ച ട്രംപ് അപ്രതീക്ഷിതമായി തന്റെ കവിളിൽ ചുംബിക്കുകയും മാറിൽ സ്പർശിച്ചുവെന്നുമാണ് യുവതി ആരോപിച്ചിരിക്കുന്നത്.

1990ൽ താൻ ന്യൂയോർക്കിലെ നൈറ്റ് ക്ലബിൽ ഇരിക്കുമ്പോൾ ട്രംപ് അപ്രതീക്ഷിതമായി തന്റെ സ്‌കർട്ടുയർത്തി അടിവസ്ത്രം സ്പർശിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി ക്രിസ്റ്റിൻ ആൻഡേഴ്സൻ എന്ന സ്ത്രീയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.1997ൽ ട്രംപ് തന്നെ ബലം പ്രയോഗിച്ച് ചുംബിച്ചിരുന്നുവെന്ന ആരോപണവുമായി ന്യൂയോർക്കിലെ 63കാരി കാത്തി ഹെല്ലറും കുറ്റപ്പെടുത്തുന്നുണ്ട്. ഇതിന് പുറമെ റേച്ചൽ ക്രൂക്സ്,മിൻഡി മാക് ഗില്ലിവരി,നതാഷ സ്റ്റോയ്നോഫ്,കാസൻഡ്ര സീർലെസ്,ടെംപിൾ ടാഗാർട്ട്,എന്നീ സ്ത്രീകളും ട്രംപിനെതിരെ ലൈംഗിക ആരോപണവുമായി രംഗത്തെത്തിയത് ട്രംപിന് കനത്ത തിരിച്ചടിയാണേകിയിരിക്കുന്നത്.

ടംപിന് ഇത്തരത്തിലുണ്ടായ തിരിച്ചടി ഹില്ലാരിക്ക് വൻ നേട്ടമാണുണ്ടാക്കിയിരിക്കുന്നത്. ഏറ്റവും പുതിയ പബ്ലിക്ക് ഒപ്പീനിയൻ പോൾ പ്രകാരം ഇതിനെ തുടർന്ന് ഹില്ലാരിക്ക് വ്യക്തമായി ഏഴ് പോയിന്റ് ലീഡുണ്ടായിട്ടുമുണ്ട്. പുതിയ റോയിട്ടേർസ്/ ഇപ്സോസ് നാഷണൽ പോളിലാണ് ഹില്ലാരി ട്രംപിന് മേൽ വ്യക്തമായ ലീഡ് നേടിയിരിക്കുന്നത്. അതനുസരിച്ച് 44 ശതമാനം പേരുടെ പിന്തുണ ഹില്ലാരി നേടിയപ്പോൾ ട്രംപിന് ലഭിച്ചിരിക്കുന്നത് വെറും 37 ശതമാനം പേരുടെ പിന്തുണ മാത്രമാണ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കവെ പുറത്ത് വന്ന പോൾ ഫലം നിർണായകമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഇതിന് മുമ്പത്തെ പോൾ ഫലം ചൊവ്വാഴ്ചയായിരുന്നു പുറത്ത് വിട്ടിരുന്നത്. അതനുസരിച്ച് ഹില്ലാരിക്ക് എട്ട് പോയിന്റ് ലീഡാണുണ്ടായിരുന്നത്.

എന്നാൽ തനിക്കെതിരെ ഹില്ലാരി പക്ഷത്തുള്ള മാദ്ധ്യമങ്ങൾ നടത്തുന്ന കെട്ടിച്ചമച്ച കഥകളാണ് പുതിയ ലൈംഗിക ആരോപണങ്ങളെന്നാണ് ട്രംപ് ഇതിനെതിരെ ശക്തമായി പ്രതികരിച്ചിരിക്കുന്നത്. താൻ പ്രസിഡന്റ് പദവിയിലെത്തുന്നത് തടയാൻ വ്യാജ ആരോപണങ്ങളുമായി ഹില്ലാരി സ്ത്രീകളെ അണിനിരത്തുകയാണെന്നും ട്രംപ് ആരോപിക്കുന്നു. യുഎസ് സമാധാനപരമായ ജനാധിപത്യ പരിവർത്തനത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന വേളയിൽ മൊത്തം സിസ്റ്റത്തെ തനിക്കെതിരെ തിരിച്ച് വിട്ട് അന്യായമായ മാർഗത്തിലൂടെ വിജയിക്കാൻ ഹില്ലാരി കുത്സിത പ്രവർത്തനങ്ങൾ നടത്തുകയാണെന്നും ട്രംപ് കുറ്റപ്പെടുത്തുന്നു.