കുടിയേറ്റക്കാരോട് പ്രത്യേകിച്ച് അമേരിക്കയിലേക്ക് വരുന്ന മുസ്ലീങ്ങളോട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കടുത്ത വിരോധമാണെന്ന് നേരത്തെ വ്യക്തമായ സംഗതിയാണെങ്കിലും അതിത്രത്തോളം കടുത്തതായിരിക്കുമെന്ന് മിക്കവരും കരുതിക്കാണില്ല. അമേരിക്കൻ പ്രസിഡന്റിന്റെ കൊട്ടാരമായ വൈറ്റ്ഹൗസിലേക്ക് വിദേശപൗരത്വമുള്ളവരാരും പ്രവേശിക്കേണ്ടതില്ലെന്ന ട്രംപിന്റെ പുതിയ വിലക്ക്..!!.ആറ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുമുള്ളവർ അമേരിക്കയിലേക്ക് വരുന്നത് നിരോധിച്ച ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ വിരുദ്ധ വികാരം മൂർധന്യത്തിലെത്തിയെന്നാണ് പുതിയ വിലക്കിലൂടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. കാര്യങ്ങൾ ഇവിടം വരെയെത്തി നിൽക്കുകയായതിനാൽ ഇനി സാക്ഷാൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നാലും വൈറ്റ്ഹൗസിലേക്ക് കയറ്റില്ലേയെന്ന ചോദ്യവും മിക്കവരുടെയും മനസിൽ ഉയരുന്നുണ്ട്...!!.

വൈറ്റ് ഹൗസ് സന്ദർശകർക്കായി ട്രംപ് തുറന്ന് കൊടുത്തിട്ട് ദിവസങ്ങൾക്കുള്ളിലാണീ നിരോധനം നടപ്പിലാക്കാനൊരുങ്ങുന്നതെന്നതും ശ്രദ്ധേയമാണ്. എന്നാൽ പെൻസിൽ വാനിയ അവന്യൂവിലേക്ക് പ്രവേശിക്കാൻ പാടില്ലെന്നാണ് ബ്രിട്ടീഷുകാരടക്കമുള്ള വിദേശ ടൂറിസ്റ്റുകൾക്ക് ഇപ്പോൾ നിർദ്ദേശം ലഭിച്ചിരിക്കുന്നത്. ഈ ആഴ്ചയാണ് വൈറ്റ് ഹൗസ് സന്ദർശനത്തിനായി തുറന്ന് കൊടുക്കപ്പെട്ടിരുന്നത്. എന്നാൽ ഈ സന്ദർശനത്തിനായി അപേക്ഷ സമർപ്പിക്കുന്നതിനായി വാഷിങ്ടണിലെ തങ്ങളുടെ എംബസികളെ ബന്ധപ്പെടാനാണ് വിദേശ സന്ദർശകരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാൽ നോൺ യുഎസ് പൗരന്മാരെ പ്രസിഡന്റിന്റെ വസതി സന്ദർശിക്കാൻ അനുവദിച്ചിട്ടില്ലെന്നാണ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് തങ്ങളോട് പറഞ്ഞിട്ടുള്ളതെന്നാണ് നിരവധി ഫോറിൻ എംബസികൾ വ്യക്തമാക്കിയിരിക്കുന്നത്. ആറ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ളവർ യുഎസിലേക്ക് യാത്ര ചെയ്യുന്നതാണ് ട്രംപ് നിരോധിച്ചിരിക്കുന്നതെങ്കിൽ വൈറ്റ് ഹൗസിലേക്ക് പ്രവേശിക്കുന്നതിനുള്ള നിരോധനത്തിൽ ബ്രിട്ടൻ, ഓസ്‌ട്രേലിയ, കാനഡ, ഡെന്മാർക്ക് എന്നിവയടക്കമുള്ള നിരവധി രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ ഉൾപ്പെടുന്നുണ്ട്.താൻ മൂത്ത മകനൊപ്പം 2009ൽ വൈറ്റ് ഹൗസ് സന്ദർശിച്ചിരുന്നുവെന്നും ഈ വർഷം അവസാനം ഇളയമകനൊപ്പം അതിനൊരുങ്ങവെയാണ് പുതിയ നിരോധനം വന്നതെന്നും ഇതിനാൽ താൻ തീർത്തും നിരാശനാണെന്നുമാണ് ബ്രിട്ടീഷ് ടൂറിസ്റ്റായ ജൂലിയൻ എക്കിൾസ് പ്രതികരിച്ചിരിക്കുന്നത്. ഇത്തരത്തിൽ നിരാശയിലായ നിരവധി ടൂറിസ്റ്റുകളുണ്ട്.

വൈറ്റ്ഹൗസ് സന്ദർശിക്കുന്നതിനായി എംബസികളുമായി ബന്ധപ്പെടാൻ വിദേശ ടൂറിസ്റ്റുകളെ വൈറ്റ്ഹൗസിന്റെ വെബ്‌സൈറ്റ് നിർദേശിക്കുന്നുവെങ്കിലും നിലവിൽ ഇത്തരം ടൂറുകൾ വൈറ്റ്ഹൗസിലേക്ക് നടത്തുന്നതിൽ നിന്നും വിദേശ ടൂറിസ്റ്റുകളെ വിലക്കിയിരിക്കുന്നുവെന്നാണ് യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് സ്റ്റേറ്റിൽ നിന്നും തങ്ങൾക്ക് നിർദ്ദേശം ലഭിച്ചിരിക്കുന്നതെന്ന് ഡാനിഷ്എംബസി വെളിപ്പെടുത്തുന്നു. വൈറ്റ് ഹൗസിലേക്ക് എംബസി സ്‌പോൺസർ ചെയ്യുന്ന ടൂറുകൾ യുഎസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് 2011 മുതൽ ലഭ്യമാക്കുന്നില്ലെന്നാണ് ഓസ്‌ട്രേലിയൻ എംബസി വിശദമാക്കുന്നത്. വൈറ്റ് ഹൗസ് സന്ദർശിക്കാനാഗ്രഹിക്കുന്ന അമേരിക്കക്കാർ ഇതിനായി തങ്ങളുടെ കോൺഗ്രസ് അംഗം മുഖേനെയാണ് ശ്രമിക്കേണ്ടത്.