ബേയ്ജിങ്: 1962-ലെ ഇന്ത്യയല്ല ഇപ്പോഴത്തെ ഇന്ത്യയെന്ന പ്രതിരോധ മന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ പ്രസ്താവനക്ക് മറുപടിയായി ഇന്ത്യയ്ക്കുചുറ്റും സമ്മർദമുയർത്തി ചൈന രംഗത്ത്. സിക്കിമിന്റെ അതിർത്തിയിൽ കൂടുതൽ സൈന്യത്തെ നിയോഗിച്ച ചൈന, ഇന്ത്യൻ മഹാസമുദ്രത്തിൽ യുദ്ധക്കപ്പലുകളെയും നിയോഗിച്ചു. 1962-ലെ ചൈനയല്ല ഇതെന്ന വ്യക്തമായ സൂചനയാണ് ഇതിലൂടെ അയൽരാജ്യം നൽകാൻ ശ്രമിക്കുന്നത്.

1962-ൽ നേരിട്ട ചരിത്രപരമായ പാഠങ്ങൾ മറക്കരുതെന്ന ചൈനയുടെ താക്കീതിനുള്ള മറുപടിയെന്നോണമാണ് അന്നത്തെ ഇന്ത്യയല്ല ഇതെന്ന് ജെയ്റ്റ്‌ലി പറഞ്ഞത്. അതേനാണയത്തിൽത്തന്നെ ചൈനയും തിരിച്ചടിക്കുന്നതാണ് ഇന്നലെ കണ്ടത്. അതിർത്തിയും പരമാധികാരവും സംരക്ഷിക്കാൻ ചൈനയും സുസജ്ജമാണെന്ന് അവരുടെ വക്താവ് പറഞ്ഞു.

ഇതിന്റെ തുടർച്ചയെന്നോണം, ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയുടെ പടക്കപ്പലുകളുടെ സാന്നിധ്യം ശക്തമാക്കുകയും ചെയ്തു. നാവികസേന ഇത് സസൂഷ്മം നിരീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടുമാസത്തിനിടെ 13 യുദ്ധക്കപ്പലുകളാണ് ഇന്ത്യൻ മഹാസമുദ്രത്തിൽ കണ്ടെത്തയിട്ടുള്ളത്. നാവികസേനയുടെ രുക്മിണി എന്ന ഉപഗ്രഹമാണ് ചൈനീസ് പടക്കപ്പലുകളുടെ നീക്കം പകർത്തി സേനയ്ക്ക് വിവരം നൽകുന്നത്.

ഇതോടൊപ്പം സിക്കിം-ഭൂട്ടാൻ-ടിബറ്റ് ട്രൈജങ്ഷനിൽ ഇരുസേനകളും കൂടുതൽ സൈന്യത്തെ നിയോഗിച്ച് നിലയുറപ്പിക്കുകയും ചെയ്തിട്ടുണ്ട്. സിക്കിം മേഖലയിൽ ഇന്ത്യ അതിർത്തി ഭേദിച്ചുവെന്നാണ് ചൈനയുടെ ആരോപണം. ദോഘ്‌ലായിലേക്കുള്ള റോഡ് നിർമ്മാണ് നിയമാനുസൃതമാണെന്നും ചൈന അവകാശപ്പെടുന്നു. റോഡ് നിർമ്മാണത്തിനെതിരെ ഭൂട്ടാൻ ഉയർത്തുന്ന പ്രതിഷേധം അവർ വകവെക്കുന്നുമില്ല.

ദേഘ്‌ലാ മേഖലയിൽ ഇരുരാജ്യങ്ങളും നടത്തിയിട്ടുള്ള സൈനിക വിന്യാസവും അതുണ്ടാക്കുന്ന സംഘർഷവും നയതന്ത്രതലത്തിൽമാത്രമേ പരിഹരിക്കാൻ സാധിക്കൂ എന്നാണ് വിലയിരുത്തപ്പെടുന്നത്. ആര് ആദ്യം സമാധാനം ലംഘിക്കുന്നുവെന്ന് നോക്കിയിരിക്കുകയാണ് ഇരുസേനകളും. ഇന്ത്യയും ഭൂട്ടാനും ആവശ്യപ്പെടുന്നതുപോലെ റോഡ് നിർമ്മാണം ചൈന അവസാനിപ്പിച്ച് മുമ്പത്തെ നിലയിലേക്ക് മടങ്ങുകയാണ് വേണ്ടതെന്നും അന്താരാഷ്ട്ര സമൂഹം ആഗ്രഹിക്കുന്നു.

നാഥുലാ ചുരം അടച്ചതും മേഖലയിൽ സമാധാനത്തിന് ഭംഗംവരുത്തിയതും ചൈനയാണെന്ന് അന്താരാഷ്ട്ര തലത്തിൽ വിലയിരുത്തപ്പെടുന്നുണ്ട്. ഇന്ത്യക്കും ചൈനയ്ക്കുമിടയിൽ മുമ്പെന്നത്തേക്കാളും യുദ്ധസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് അമേരിക്കയും വിലയിരുത്തുന്നു. 2013 ഡിസംബർ മുതൽ ഇന്ത്യൻ മഹാസമുദ്രത്തിൽ ഒരു ആണവ അന്തർവാഹിനി ചൈന സ്ഥിരമായി വിന്യസിച്ചിട്ടുണ്ട്. ചാരപ്രവൃത്തിക്ക് നിയോഗിക്കുന്ന ഹൈവിങ്‌സിങ് യുദ്ധക്കപ്പലും മേഖലയിലെത്തിയിട്ടുണ്ടെന്നാണ് വിവരം.