ലോകത്തിലെ തന്നെ ഏറ്റവും അനുഗ്രഹീതനും ഭാഗ്യവാനുമായ ബോക്സറാണ് ബ്രിട്ടീഷുകാരനായ അമീർഖാൻ. പാക്കിസ്ഥാനിൽ നിന്നും ബ്രിട്ടനിൽ എത്തുകയും 18 വയസ് തികയും മുമ്പ് ഒളിമ്പിക് മെഡൽ നേടി ചരിത്രമാവുകയും ചെയ്ത കായികതാരമാണിദ്ദേഹം. എന്നാൽ ഇപ്പോൾ ഗൗരവപരമായ കുടുംബപ്രശ്നങ്ങൾ മൂലം ഈ താരം സഹികെട്ടിരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. ഇദ്ദേഹത്തിന്റെ ഭാര്യയും 25കാരിയായ മോഡലുമായ ഫർയാൽ മഖ്ദൂം ഖാനും അമീർഖാന്റെ കുടുംബവും തമ്മിലാണ് കടുത്ത അഭിപ്രായവ്യത്യാസവും ആരോപണങ്ങളും രൂക്ഷമായിരിക്കുന്നത്.

തന്നെ ഡിവോഴ്സ് ചെയ്യാൻ അമീറിനെ അദ്ദേഹത്തിന്റെ അമ്മ ഫലാക് ഖാൻ നിർബന്ധിക്കുന്നതിൽ കടുത്ത പ്രതിഷേധമാണ് ഫർയാൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത്തരം ഒരു സാഹചര്യത്തിൽ വിവാഹമെന്നാൽ അടിമത്തമാണെന്നും ഭാര്യയ്ക്ക് ഇവിടെ അടിമയുടെ സ്ഥാനമേയുള്ളുവെന്നുമാണ് ഈ മോഡൽ സുന്ദരി ആരോപിക്കുന്നത്. അമീറിന്റെ സഹോദരിയായ മറിയാ ഖാനുമായും ഫർയാലും തമ്മിൽ നാത്തൂൻപോരും രൂക്ഷമാണ്. ഇത് അടുത്തിടെ സോഷ്യൽ മീഡിയിയിലേക്ക് എത്തിയപ്പോൾ സഹികെട്ട് രൂക്ഷമായി പ്രതികരിച്ച് അമീർ രംഗത്തെത്തുകയും ചെയ്തിരുന്നു.

അമീറിന്റെ അമ്മയെ കുറ്റപ്പെടുത്തിക്കൊണ്ട് ഫർയാൽ നടത്തിയ സ്നാപ്പ് ചാറ്റാണ് വിവാദം ശക്തിപ്പെടുത്തിയിരിക്കുന്നത്. മൂന്ന് വർഷങ്ങൾ മാത്രം തികഞ്ഞിരിക്കുന്ന തങ്ങളുടെ ദാമ്പത്യ ജീവിതത്തിന് തുരങ്കം വയ്ക്കാനാണ് അമീറിന്റെ മാതാവ് ശ്രമിക്കുന്നതെന്നും അവർ തന്നെ അമീറിന്റെ അടിമമയായിട്ടാണ് കണക്കാക്കുന്നതെന്നും ഫർയാൽ ആരോപിക്കുന്നു. അനിസ്ലാമികമായ വസ്ത്രം ധരിക്കുന്നുവെന്നും ശിരോവസ്ത്രം ധരിക്കുന്നില്ലെന്നും പറഞ്ഞ് അമീറിന്റെ അമ്മ നേരത്തെ തന്നെ ഫർയാലിനെതിരെ ശക്തമായ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

അമ്മ പറഞ്ഞാൽ തന്നെ ഡിവോഴ്സ് ചെയ്യണമെന്നും കാരണം അവരാണ് അമീറിന്റെ ജീവിതത്തിലേക്ക് ആദ്യം വന്നതെന്നും ഭാര്യ വെറും അടിമയാണെന്നും കാനഡയിലുള്ള ഫർയാൽ പരിഹാസ രൂപത്തിൽ അമീറിനോട് നിർദ്ദേശിച്ചിട്ടുമുണ്ട്. ഇത്തരത്തിലുള്ള പരസ്യമായുള്ള വിഴുപ്പലക്കൽ ഇനിയും നിർത്തിയില്ലെങ്കിൽ ഭാര്യയ്ക്ക് ഭർത്താവിനെയും കുടുംബത്തിന് പുത്രനെയും നഷ്ടപ്പെടുമെന്ന ഭീഷണിയാണ് ഇതിനോടുള്ള പ്രതികരണമെന്ന നിലയിൽ അമീർ ഇപ്പോൾ ഉയർത്തിയിരിക്കുന്നത്.

തന്നെ മോശപ്പെട്ട മുസ്ലീമായിട്ടാണ് അമീറിന്റെ കുടുംബം കണക്കാക്കുന്നതെന്നും കുടുംബഫോട്ടോകളിൽ നിന്ന് പോലും തന്നെ മുറിച്ച് മാറ്റിയിട്ടുണ്ടെന്നും ഫർയാൽ ആരോപിക്കുന്നു. അമീറിന്റെ സഹോദരനായ ഹാരൂൺ ഖാൻ നഗ്‌നനായി കിടക്കുന്ന ഫോട്ടോ ഫർയാൽ പോസ്റ്റ് ചെയ്യുകയും അയാൾ മദ്യപിച്ചിട്ടുണ്ടെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് പരസ്പരം പരസ്യമായി ചെളിവാരിയെറിയുന്നത് നിർത്തണമെന്നാവശ്യപ്പെട്ട് അമീർ രംഗത്തെത്തിയത്. ഇത്തരത്തിലുള്ള തരം താണ ചിത്രങ്ങൾ തന്റെ ഭാര്യ പോസ്റ്റ് ചെയ്തതിൽ താൻ മാപ്പ് ചോദിക്കുന്നുവെന്നാണ് അമീർ പ്രതികരിച്ചത്.

തന്റെ കുടുംബവും ഭാര്യയും ചേർന്ന് തന്റെ സൽപേര് കളങ്കപ്പെടുത്താൻ ശ്രമിക്കുകയാണെന്നും അമീർ ആരോപിക്കുന്നു. മാതാപിതാക്കൾ തനിക്ക് മാതാപിതാക്കളാണെന്നും ഭാര്യ തനിക്ക് ഭാര്യയാണെന്നും അവർ തമ്മിലുണ്ടായിരിക്കുന്ന തെറ്റിദ്ധാരണ ഇരുവരും രഹസ്യമായി കൈകാര്യം ചെയ്യണമെന്നുമാണ് അമീർ ആവശ്യപ്പെട്ടിരിക്കുന്നത്. ഇല്ലെങ്കിൽ അവർക്ക് തന്നെ നഷ്ടപ്പെടുമെന്നും താരം മുന്നറിയിപ്പേകുന്നു. ഇരു കൂട്ടരും ഇക്കാര്യത്തിൽ ബാലിശമായ പെരുമാറ്റമാണ് കാഴ്ച വയ്ക്കുന്നതെന്നും ഇതുടൻ നിർത്തിയേ മതിയാകൂ എന്നും ബോക്സർ ആവശ്യപ്പെടുന്നു.

എന്നാൽ ഫർയാലിന്റെ ആരോപണങ്ങളെ ശക്തമായി നിഷേധിച്ച് അമീറിന്റെ മാതാപിതാക്കളായ ഫലാക് ഖാനും സജാദ് ഖാനും രംഗത്തെത്തിയിരുന്നു. ഫർയാൽ കളവ് പറയുകയാണെന്നാണ് അവർ ആരോപിക്കുന്നത്. പുത്രവധുവിനെ തങ്ങൾ സ്വന്തം മകളെ പോലെയാണ് കാണുന്നതെന്നും അവർ ഉറപ്പിച്ച് പറയുന്നു. എന്നാൽ ഫർയാൽ പിന്തുടർന്ന് വരുന്ന വസ്ത്രധാരണ രീതി ഇസ്ലാമിക വിശ്വാസവുമായി പൊരുത്തപ്പെടുന്നതല്ലെന്ന് അവർ ആരോപിക്കുന്നു. തങ്ങൾ അവളെ ഉപദ്രവിച്ചുവെന്നതിന് തെളിവ് ഹാജരാക്കാനും അവർ ഫർയാലിനോട് ആവശ്യപ്പെടുന്നു. തങ്ങൾ രണ്ട് പുത്രിമാർക്ക് നൽകുന്ന സമാനമായ സ്നേഹം ഫർയാലിനും നൽകുന്നുണ്ടെന്നും മാതാപിതാക്കൾ വിശദമാക്കുന്നു.