കണ്ണൂർ: അമിത് ഷാ മട്ടന്നൂരിൽ ഇറങ്ങിയാൽ തിരിച്ചു പോകില്ലെന്നായിരുന്നു സിപിഎം ഭീഷണി. എന്നാൽ ഒന്നുമുണ്ടായില്ല. മട്ടന്നൂരിൽ നിന്ന് കണ്ണൂരിലെത്തി പിണറായിയും എത്തിയായിരുന്നു ബിജെപി അധ്യക്ഷന്റെ മടക്കം. കേരളത്തിലെ ചെങ്കോട്ടയാണ് പിണറായി. മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വന്തം നാട്. കൊല്ലപ്പെട്ട രമിത്തിന്റെ വീട്ടിലെത്തി അമ്മയെ ആശ്വസിപ്പിക്കാൻ അമിത് ഷാ തീരുമാനിച്ചത് മാസങ്ങൾക്ക് മുമ്പാണ്. എന്നാൽ അന്ന് അത് നടന്നില്ല. ഇതോടെ അമിത് ഷാ പേടിച്ചോടിയതാണെന്ന വാദം സിപിഎം സജീവമാക്കി. ഈ സാഹടര്യത്തിലാണ് കെ സി നാരായണിയെ ആശ്വസിപ്പിക്കാൻ അമിത് ഷാ പിണറായിയിലെത്തിയത്. ഭാര്യ സൊണാലിനേയും ഒപ്പം കൂട്ടി. വികാരപരമായ രംഗങ്ങളാണ് അവിടെ അരങ്ങേറിയത്.

പിണറായിയിൽ കൊല്ലപ്പെട്ട ബിജെപി പ്രവർത്തകരായ ചാവശ്ശേരി ഉത്തമന്റെയും മകൻ രമിത്തിന്റെയും വീടു സന്ദർശിക്കാനെത്തിയതായിരുന്നു അമിത് ഷായും പത്‌നിയും പാർട്ടിക്കാരിലേും നൊമ്പരമിട്ടു. 2002ലാണു ബസ് ഡ്രൈവറായിരുന്ന ഉത്തമനെ അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയത്. പിന്നീട് മകനേയും. അക്രമികളുടെ കൊലക്കത്തിക്കിരയായ ഭർത്താവിന്റെയും മകന്റെയും ചിത്രങ്ങൾക്കരികിൽനിന്നു പൊട്ടിക്കരഞ്ഞ നാരായണിയെ സൊണാൽ ചേർത്തുപിടിച്ചു പറഞ്ഞു: 'അമ്മയെ കാണാൻ വേണ്ടി മാത്രമാണു ഞാൻ വന്നത്'. നീന്തിക്കടന്ന സങ്കടങ്ങൾ ഓരോന്നായി നാരായണി വിവരിച്ചപ്പോൾ സൊണാലും ഒരു മാത്ര വികാരാധീനയായി. 'എന്റെ മകനെ കൊന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം, എന്തിനാണ് ഇതു ചെയ്തതെന്ന് എനിക്കവരോടു ചോദിക്കണം' - അമിത് ഷായ്ക്കു മുൻപിൽ കൈകൂപ്പി നാരായണി വിതുമ്പി.

2016ൽ മകൻ രമിത്തും കൊല്ലപ്പെട്ടു. ഗർഭിണിയായ സഹോദരിക്കു മരുന്നുവാങ്ങാൻ പോകുമ്പോൾ അക്രമികൾ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.'മുഖ്യമന്ത്രിയുടെ നാടാണിത്. മകൻ മരിച്ചതിനു ശേഷം ഈ വീടിനു തൊട്ടടുത്തുള്ള പരിപാടിക്കു വന്നിട്ടും മുഖ്യമന്ത്രി ഈ വീട്ടിലേക്കു തിരിഞ്ഞുനോക്കിയില്ല' - നാരായണി പറഞ്ഞു. എനിക്ക് ഒരു തുള്ളി വെള്ളം തരാൻ പോലും ഇനിയാരുമില്ലെന്നു പറഞ്ഞു വിതുമ്പിയ നാരായണിയുടെ കൈകൾ അമിത് ഷാ തന്റെ നെറ്റിയിൽ ചേർത്തുവച്ചു. ഒരിക്കൽ കൂടി അവരെ ആശ്വസിപ്പിച്ചു. അമ്മയെ കാണാനാണ് താനെത്തിയതെന്ന് അമിത് ഷായുടെ ഭാര്യ സൊണാലും പറഞ്ഞു. ഉത്തമന്റെയും രമിത്തിന്റെയും ചിത്രങ്ങളിൽ പുഷ്പാർച്ചന നടത്തിയ ശേഷം അമിത് ഷാ നാരായണിയെ പൊന്നാടയണിയിച്ചു.

1992ൽ കൊല്ലപ്പെട്ട വെണ്ടുട്ടായിയിലെ സുരേഷ് ബാബുവിന്റെ ഭാര്യ പ്രേമ അമിത് ഷായ്ക്കു നിവേദനം നൽകാനെത്തിയിരുന്നു. പിണറായിയിലെ ചുവപ്പുകോട്ടയിൽ വൻ വരവേൽപാണ് അമിത് ഷായ്ക്കു ബിജെപി പ്രവർത്തകർ ഒരുക്കിയത്. നേരത്തെ ബിജെപിയുടെ ജനരക്ഷായാത്രയുടെ ഭാഗമായി അമിത് ഷാ പിണറായിയിലെത്തുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും അവസാന നിമിഷം റദ്ദാക്കിയിരുന്നു. ഡൽഹിയിലേക്ക് തിരിച്ച് മടങ്ങേണ്ടി വന്നതിനാലാണ് ഇത്. ഇന്നലെ ഉച്ചക്ക് 2 മണിയോടെയാണ് അമിത് ഷായും ഭാര്യ സോണാൽ ഷായും നാരായണിയെ കാണാൻ എത്തിച്ചേർന്നത്. പിണറായിയിലെ വീട്ടിലെത്തിയ ഇരുവരും അരമണിക്കൂറോളം നാരായണിക്കും കുടുംബാംഗങ്ങൾക്കുമൊപ്പം ചിലവഴിച്ചു.

ഭർത്താവിനേയും മകനേയും നഷ്ടപ്പെട്ട വേദന നാരായണി ഇരുവരുമായി പങ്കുവെച്ചു. ഭർത്താവിനെ നിഷ്ഠൂരമായി കൊല്ലപ്പെടുത്തിയ മാർക്സിസ്റ്റ് അക്രമികൾ തന്റെ മകനേയും കൺമുന്നിലിട്ട് കൊലപ്പെടുത്തിയത് എന്തിനെന്ന് മനസ്സിലാകുന്നില്ല. പ്രതികൾ എന്റെ കൺമുന്നിലൂടെ ഇപ്പോഴും നടന്നു പോകുന്നുവെന്നും നാരായണി പറഞ്ഞു. അവരുടെ വാക്കുകൾക്ക് മുന്നിൽ അമിത് ഷായും ഭാര്യയും ഒരു നിമിഷം നിശബ്ദരായി. മമ്പറം പറമ്പായിയിൽ ദുരൂഹ സാഹചര്യത്തിൽ കാണാതായ നിഷാദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് എൻഐഎ ഏറ്റെടുക്കാൻ കേന്ദ്ര സർക്കാർ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അമിത് ഷായ്ക്ക് ബിജെപി മണ്ഡലം നേതാക്കൾ നിവേദനം നൽകി.

കണ്ണൂരിലെ പാർട്ടി ഓഫീസ് ഉദ്ഘാടന സമ്മേളന പന്തലിൽ ബലിദാനി കുടുംബങ്ങളെ സമാശ്വസിപ്പിച്ചും പ്രസ്ഥാനത്തിനു വേണ്ടി ജീവത്യാഗം ചെയ്ത സംഘപ്രവർത്തകരുടെ അമ്മമാരെയും കുഞ്ഞുങ്ങളേയും കുടുംബാംഗങ്ങളേയും വണങ്ങിയും അമിത്ഷായും ഭാര്യ സൊണാൽ ഷായും ആദരവ് പ്രകടിപ്പിച്ചിരുന്നു. സമ്മേളന വേദിയിൽ പ്രത്യേകം തയ്യാറാക്കിയ ഇരിപ്പിടത്തിലെത്തിയാണ് ബലിദാനി കുടുംബങ്ങളേയും സിപിഎം അക്രമത്തിൽ ശാരീരിക ദൈന്യംപേറി ജീവിക്കുന്ന സംഘ പ്രവർത്തകരുമായും ഇരുവരും സംവദിച്ചത്. ഇന്നലെ രാവിലെ തന്നെ ബലിദാനികളായ സംഘപ്രവർത്തകരുടെ നിരവധി കുടുംബാംഗങ്ങൾ അമിത്ഷായെ കാണാനും ഓഫീസ് ഉദ്ഘാടനത്തിന് സാക്ഷ്യം വഹിക്കാനും എത്തിയിരുന്നു.

അമിത്ഷായും ഭാര്യ സൊണാൽ ഷായും അവരോടൊപ്പം ചെലവഴിക്കുകയും വിഷമങ്ങൾ ചോദിച്ചറിയുകയും ചെയ്തു. ബിജെപി ദേശീയ നേതൃത്വവും രാജ്യത്തെ ബിജെപി പ്രവർത്തകരും നിങ്ങളോടൊപ്പം ഉണ്ടാകുമെന്ന് ഉറപ്പ്നൽകിയാണ് അമിത്ഷാ വേദിവിട്ടത്.