കണ്ണൂർ: രാജ്യാന്തര വിമാനത്താവളത്തിന്റെ ഉദ്ഘാടനം ഡിസംബർ ഒൻപതിനാണ് തീരുമാനിച്ചിരിക്കുന്നത്. ഇത് ഡിസംബർ ആറ് ആയേക്കാനും സാധ്യതയുണ്ട്. എന്നാൽ ഉദ്ഘാടനം എന്നായാലും ആദ്യ യാത്രക്കാരനായി എത്തുക ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ആയിരിക്കും എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്ത.ഉദ്ഘാടനത്തിന് മുമ്പെ കണ്ണൂർ വിമാനത്താവളത്തിൽ ആദ്യ യാത്രക്കാരനായി ബിജെപി അധ്യക്ഷൻ അമിത് ഷാ വിമാനമിറങ്ങും. ഈ മാസം ഇരുപത്തിയേഴിന് ബിജെപി കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനാണ് അമിത് ഷാ എത്തുന്നത്. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ സമ്മർദത്തിന് വഴങ്ങിയാണ് കിയാൽ അമിത് ഷാക്ക് യാത്രാനുമതി നൽകിയത്.

ബിജെപി കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ മാരാർജി മന്ദിരത്തിന്റെ ഉദ്ഘാടനത്തിനായാണ് അമിത് ഷാ ശനിയാഴ്ച കണ്ണൂരിലെത്തുന്നത്. പ്രത്യേക വിമാനത്തിൽ കരിപ്പൂരിലിറങ്ങി അവിടെ നിന്ന് കാർ മാർഗം കണ്ണൂരിലെത്താനായിരുന്നു ആദ്യ തീരുമാനം. എന്നാൽ കണ്ണൂർ വിമാനത്താവളത്തിന് വ്യോമയാന ഡയറക്ടറേറ്റിന്റെ അന്തിമാനുമതി ലഭിച്ച സാഹചര്യത്തിൽ കണ്ണൂരിൽ വിമാനമിറക്കാൻ അനുമതി തേടി ബിജെപി നേതൃത്വം കിയാലിനെ സമീപിക്കുകയായിരുന്നു. തുടർന്നാണ് അമിത് ഷാക്ക് കണ്ണൂരിൽ വിമാനമിറങ്ങാൻ അനുമതി ലഭിച്ചത്.

ഉദ്ഘാടനത്തിന് മുന്നെ യാത്രാ വിമാനമിറക്കാൻ അനുമതി നൽകേണ്ടതില്ലെന്നായിരുന്നു കിയാലിന്റെ ആദ്യ തീരുമാനം. എന്നാൽ കേന്ദ്ര വ്യോമയാന മന്ത്രാലയം സമ്മർദം ശക്തമാക്കിയതോടെ അമിത് ഷാക്ക് വിമാനമിറങ്ങാൻ ഇന്ന് അനുമതി നൽകുകയായിരുന്നു. ഇതോടെ കണ്ണൂർ വിമാനത്താവളത്തിൽ വിമാനമിറങ്ങുന്ന ആദ്യ യാത്രക്കാരനാവും അമിത് ഷാ.

കേരളത്തിലെ ബിജെപി.യുടെ ആദ്യത്തെ ഹൈടെക് ജില്ലാ കമ്മിറ്റി ഓഫീസ് കണ്ണൂരിൽ സജ്ജമായി. 17,700 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഓഫീസിന് നാല് നിലകളുണ്ട്. ഇത് ഉദ്ഘാടനം ചെയ്യാനാണ് അമിത് ഷാ എത്തുന്നത്. കണ്ണൂരിലെ രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകളിൽ ഏറ്റവും മികച്ചത് ബിജെപി. ക്ക് സ്വന്തം. കണ്ണൂരിലെ ബിജെപി. പ്രവർത്തകരുടെ ആഗ്രഹമാണ് ഏറെക്കാലത്തിന് ശേഷം സഫലീകരിക്കപ്പെട്ടത്. 90 ഓളം ബലിദാനികളുടെ ഓർമ്മക്കായി ഈ മന്ദിരം സമർപ്പിക്കപ്പെടും. ബിജെപി.യുടെ മുൻ സംസ്ഥാന പ്രസിഡണ്ട് ആയിരുന്ന കെ.ജി. മാരാരുടെ സ്മരണ നിലനിർത്താൻ മാരാർജി ഭവൻ എന്ന് ഈ സമുച്ചയത്തിന് നാമകരണം ചെയ്യും.

ഉത്ഘാടനം ആഘോഷമാക്കാനുള്ള ഒരുക്കങ്ങൾ തകൃതിയായി നടന്നു വരുന്നു. ലോകസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയാനുള്ള വാർ റൂം അടക്കം അത്യന്താധുനിക സജ്ജീകരണങ്ങളാണ് ഈ ഓഫീസിലെ നാല് നിലകളിലായി ഒരുക്കിയിട്ടുള്ളത്. കണ്ണൂർ താളിക്കാവിലാണ് പുതിയ ബഹുനില മന്ദിരം നിർമ്മാണം പൂർത്തിയാക്കിയത്. സംസ്ഥാനത്തെ തന്നെ ഏറ്റവും വലുതും ആധുനിക സൗകര്യങ്ങളുള്ളതുമായ ഓഫീസാണിത്. തെരഞ്ഞെടുപ്പ് വാർ റൂം, വീഡിയോ കോൺഫറൻസിങ് സംവിധാനം, മിനി കോൺഫറൻസ് ഹാൾ, പോഷക സംഘടനാ ജില്ലാ അധ്യക്ഷന്മാർക്കുള്ള ഓഫീസുകൾ, അതി വിശാലമായ ലൈബ്രറി തുടങ്ങി എല്ലാവിധ സൗകര്യങ്ങളുള്ള ഓഫീസാണിത്.താഴത്തെ നിലയിൽ

9 സെന്റ് സ്ഥലത്ത് രണ്ടര കോടി രൂപ ചെലവിലാണ് മാരാർജി മന്ദിരം പൂർത്തിയാവുന്നത്. 10,700 ചതുരശ്ര അടിയാണ് കെട്ടിടത്തിന്റെ വിസ്തീർണം. ബിജെപി സംസ്ഥാന സെൽ കോർഡിനേറ്റർ കെ.രഞ്ജിത്താണ് നിർമ്മാണ കമ്മിറ്റി കൺവീനർ. ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്, ദേശീയ സമിതി അംഗം സി.കെ.പത്മനാഭൻ, ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് തുടങ്ങിയവരുടെ മേൽനോട്ടത്തിലാണ് നിർമ്മാണം പൂർത്തിയാക്കിയത്.

കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉണ്ടാകില്ല. ഡിസംബർ ഒൻപതിനു മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും വിമാനത്താവളം നാടിനു സമർപ്പിക്കുക. കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭു മുഖ്യാതിഥിയായിരിക്കും.കണ്ണൂരിൽനിന്ന് ഡിസംബർ ആറുമുതൽ സർവീസ് തുടങ്ങാനും ആലോചനയുണ്ട്. ഒൻപതിന് എയർ ഇന്ത്യ എക്സ്‌പ്രസിന്റെ ആദ്യവിമാനം അബുദാബിയിലേക്ക് സർവീസ് നടത്താനായിരുന്നു നേരത്തെയുള്ള തീരുമാനം. ടിക്കറ്റ് ബുക്കിങ് നാളെ തുടങ്ങിയേക്കും. ഇതുസംബന്ധിച്ച അന്തിമതീരുമാനം ഇന്നുണ്ടാകും. ഇൻഡിഗോ, ഗോ എയർ, ജെറ്റ് എയർവെയ്‌സ്, സ്‌പൈസ് ജെറ്റ് എന്നിവയും തുടക്കം മുതൽ ആഭ്യന്തരരാജ്യാന്തര സർവീസുകൾ നടത്തും.