കൊച്ചി: മലയാള സിനിമയിൽ കൊച്ചിൻ ഹനീഫ ഓൾറൗണ്ടറായിരുന്നു. സഹനടനായും വില്ലനായും ഹാസ്യ താരവുമായും തിളങ്ങിയ ഹനീഫ സംവിധായകനെന്ന നിലയിലും പ്രതിഭകാട്ടി. ദക്ഷിണേന്ത്യൻ സിനിമകളിലെല്ലാം മുഖം കാട്ടി പ്രേക്ഷക പ്രീതി നേടിയ നടൻ അപ്രതീക്ഷിതമായി ജീവിതത്തിൽ നിന്ന് വിടവാങ്ങി. സമ്പാദിച്ചതെല്ലാം സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വീതിച്ചു നൽകുന്ന ഫനീഫയെ സിനിമാ ലോകത്തിനും നന്നായി അറിയാം. അതുകൊണ്ട് തന്നെ ഹനീഫയുടെ വിടവാങ്ങാൽ നൽകിയ ആഘാതത്തിൽ നടന്റെ കുടുംബത്തിന് കൈതാങ്ങായി ഉണ്ടാകുമെന്ന് താര സംഘടനയായ അമ്മയും അറിയിച്ചു.

എന്നാൽ അമ്മയുടെ സഹായ പ്രഖ്യാപനം വാക്കുകളിൽ മാത്രമൊതുങ്ങി. ഹനീഫയുടെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് വഹിക്കുമെന്ന താര സംഘടനയുടെ പ്രഖ്യാപനം ഇനിയും നടന്നില്ല. ആരോടും പരാതി പറയാതെ പരിഭവവുമില്ലാതെ വാടകവീട്ടിൽ കഴിയുകയാണ് ഹനീഫയുടെ കുടുംബം. കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത വാത്സല്യം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ മമ്മുട്ടി അവതരിപ്പിച്ച തറവാട്ടുകാരണവരായ രാഘവൻ നായരുടെത് പോലെയുള്ള ജീവിതം എന്നാണ് ഹനീഫയുടെ ഒരു കുടുംബ സുഹൃത്ത് അദ്ദേഹത്തെ പറ്റി പറഞ്ഞത്. കുടുംബത്തിനും സഹോദരങ്ങൾക്കുമായി സ്വന്തം ജീവിതം പോലും കൊച്ചിൻ ഹനീഫ മറന്നുവെന്നതാണ് സത്യവും.

ഹനീഫ മൺമറഞ്ഞിട്ട് 5 വർഷം തികയാൻ ഏതാനും മാസങ്ങൾ മാത്രമേ ഉള്ളൂ. ഹനീഫയുടെ കുടുംബം ഇന്ന് കഴിയുന്നത് വാടക വീട്ടിലാണ്. മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന ഹനീഫയുടെ മക്കളായ സഫയ്ക്കും മർവ്വയ്ക്കും ഭാര്യ ഫാസിലയ്ക്കും ഇന്ന് ഏക തുണ ഫാസിലയുടെ ഉമ്മയാണ്. പുല്ലേപടിയിൽ കൂട്ടുകുടുംബത്തിലെ മുഴുവൻ പേർക്കുമായി ഹനീഫ തന്നെയാണ് പുതിയ വീട് നിർമ്മിച്ചത്. ആ വീട്ടിൽ ഇപ്പോൾ താമസിക്കുന്നതാകട്ടെ അദ്ദേഹത്തിന്റെ സഹോദരങ്ങളും.

കുട്ടികളുടെ പഠനാർത്ഥം വീടുമാറിയെന്ന് പറയുമ്പോഴും ആ വീട് തങ്ങളുടെ പേരിലല്ലെന്ന് കൂടി കൂട്ടിച്ചേർത്തുകൊണ്ട് ഫാസില പറയാതെ പറയുന്നതും തന്റെയും കുട്ടികളുടേയും നീറുന്ന ജീവിത പ്രശ്‌നങ്ങളിലേക്ക് കൂടിയാണ്. 40 വർഷത്തിലേറെയായി മലയാള സിനിമയിലെ നിറ സാന്നിധ്യമായി നിറഞ്ഞ് നിന്നിരുന്ന കൊച്ചിൻ ഹനീഫയെന്ന മഹാനടന്റെ ആകെയുള്ള സമ്പാദ്യവും പാൽ പുഞ്ചിരി തൂകുന്ന ഈ പൊന്നോമനകൾ മാത്രമാണ്. വളരെ വൈകിയായിരുന്നു ഫാസിലയെന്ന തലശ്ശേരിക്കാരിയെ വിവാഹം ചെയ്തത്. 45ാം വയസ്സിൽ വിവാഹം കഴിച്ച അദ്ദേഹത്തിന്റെ തണലിൽ മാത്രം ഒതുങ്ങാനായിരുന്നു ഫാസിലയ്ക്കിഷ്ടം.

വീട്ടിലെ ഏത് ആവശ്യവും പെട്ടന്ന് തന്നെ നിറവേറ്റുന്ന ഒരുത്തമ ഗൃഹ നാഥനായിരുന്നു ഹനീഫക്കയെന്ന് ഫാസില പറയുന്നു. നാല് വർഷങ്ങൾക്ക് മുൻപ് ഒരു ഫെബ്രുവരി 2നായിരുന്നു ഫനീഫയുടെ മരണം. താങ്ങായി നിന്ന വലിയൊരു വൃക്ഷം മുറിച്ച് മാറ്റപ്പെട്ട വേദനയായിരുന്നു പിന്നിങ്ങോട്ട് ഫാസിലയ്ക്കും കുട്ടികൾക്കും. ഹനീഫ മരിക്കുമ്പോൾ ഇരട്ടക്കുട്ടികളായ സഫയ്ക്കും, മർവ്വയ്ക്കും സ്‌കൂളിൽ പോലും പോയി തുടങ്ങിയിട്ടുണ്ടായിരുന്നില്ല. പിന്നീടിങ്ങോട്ടാണ് ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണ കാലം ആരംഭിച്ചതെന്ന് ഫാസില പറയുന്നു.

രണ്ട് വർഷത്തോളം കൊച്ചിൻ ഹനീഫയുടെ പുല്ലേപടിയിലെ ഫഌറ്റിലെ വീട്ടിൽ തന്നെയായിരുന്നു ഫാസിലയും മക്കളും കഴിഞ്ഞത്. അതിന് ശേഷം കടവന്ത്രയിലെ ഭവൻസ് സ്‌കൂളിന് സമീപത്തെ വീട്ടിലേക്ക് താമസം മാറുകയായിരുന്നു. ഹനീഫയുടെ കുടുംബത്തിൽ നിന്ന് കിട്ടാനുള്ളതൊന്നും ഇവർക്ക് ഇതു വരെ ലഭിച്ചിട്ടില്ല. അദ്ദേഹത്തിന്റെ മരണശേഷം നടനും സുഹൃത്തുമായ ദിലീപ് മാത്രമാണ് സിനിമാരംഗത്ത് നിന്ന് തങ്ങളെ സഹായിക്കാൻ എത്തിയതെന്നും ഫാസില പറയുന്നു.

ഹനീഫയുടെ സുഹൃത്തുക്കളുടേയും സഹതാരങ്ങളുടേയും ആവശ്യപ്രകാരം കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് വഹിക്കുമെന്ന് താര സംഘടനയായ അമ്മ പ്രഖ്യാപിച്ചിരുന്നു. തിരക്കുകളായിരിക്കാം അതു വഴി ബന്ധപ്പെട്ട കാര്യങ്ങൾ മുന്നോട്ട് നീങ്ങുന്നതിന്റെ തടസമെന്ന് കാരുതുന്നതായും അമ്മ ഭാരവാഹികളിൽ പബർമ്ണ വിശ്വാസമുണ്ടെന്നും ഫാസില മറുനാടൻ മലയളിയോട് പറഞ്ഞു. നടൻ ദിലീപുൾപ്പെടുള്ളവരുടെ പിന്തുണയാണ് കുടുംബത്തിന്റെ കരുത്ത്. എന്നാൽ സംസ്ഥാന സർക്കാരിൽ നിന്നോ സാംസ്‌കാരിക വകുപ്പിൽ നിന്നോ യാതൊരു സഹായവും ലഭിച്ചിട്ടില്ലെന്നും ഫാസില വ്യക്തമാക്കി.

ഈയിടെ പുറത്തിറങ്ങിയ ഗീതാഞ്ജലി എന്ന സിനിമയിൽ സഫയും മർവ്വയും ബാലതാരങ്ങളായി വേഷമിട്ടിരുന്നു. പ്രിയദർശന്റെ ഭാര്യ ലിസിയാണ് കുട്ടികളെ സിനിമയിലേക്ക് ക്ഷണിച്ചത്. മാന്യമായ പ്രതിഫലം തന്ന് ചിത്രത്തിന്റെ അംിയറ പ്രവർത്തകർ മര്യാദ പൂർവ്വമാണ് തങ്ങളെ പരിഗണിച്ചതെന്ന് ഫാസില കൂട്ടിച്ചേർത്തു. പഠനത്തിനും പാഠ്യേതര വിഭാഗത്തിലും മിടുക്കികളായ സഫയും മർവ്വയിലുമാണ് ഫാസിലയുടെ ഏക പ്രതീക്ഷ. ഹനീഫയുടെ മോഹം പോലെ മക്കളെ ഉയരങ്ങളിലെത്തിക്കാൻ പടച്ചവന്റെ കൃപ തേടുകയാണ് ആ കുടുംബം.