- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീറും വാശിയും നിറഞ്ഞ അമ്മയിലെ തിരഞ്ഞെടുപ്പിൽ മോഹൻലാലിന്റെ ഔദ്യോഗിക പാനലിന് തിരിച്ചടി; അട്ടിമറി ജയം നേടി മണിയൻപിള്ള രാജുവും വിജയ് ബാബുവും ലാലും; വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി ആശ ശരത്തിന് തോൽവി; എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് പരാജയപ്പെട്ട് നിവിൻ പോളിയും ഹണി റോസും
കൊച്ചി: താരസംഘടനയായ അമ്മയിൽ നടന്ന തിരഞ്ഞെടുപ്പിൽ മോഹൻലാലിന്റെ ഓദ്യോഗിക പാനലിന് തിരിച്ചടി. ഔദ്യോഗിക പാനൽ മുന്നോട്ട് വച്ച മൂന്ന് സ്ഥാനാർത്ഥികളെ അട്ടിമറിച്ച് മണിയൻപിള്ള രാജു, വിജയ് ബാബു, ലാൽ എന്നിവർ ജയിച്ചു. ഒദ്യോഗിക പാനലിന്റെ ഭാഗമായി മത്സരിച്ച നിവിൻ പോളി, ആശാ ശരത്ത്, ഹണി റോസ് എന്നിവരാണ് പരാജയപ്പെട്ടത്.
ഔദ്യോഗിക പാനലിന്റെ വൈസ് പ്രസിഡന്റ സ്ഥാനാർത്ഥികളായി ആശാ ശരത്തും ശ്വേതാ മേനോനുമാണ് മത്സരിച്ചിരുന്നത്. മണിയൻപിള്ള രാജു സ്വന്തം നിലയിലും മത്സരിച്ചു ഫലം വന്നപ്പോൾ മണിയൻപിള്ള രാജു അട്ടിമറി വിജയം നേടി. ആശാ ശരത്ത് പരാജയപ്പെട്ടു. ഇതോടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും മണിയൻപിള്ളരാജുവും എത്തും.
പതിനൊന്ന് അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഔദ്യോഗിക പാനലിൽ നിന്നും ബാബുരാജ്, ലൈന, മഞ്ജുപിള്ള, രചന നാരായണൻകുട്ടി, സുധീർ കരമന, സുരഭി ലക്ഷ്മി, ടിനിടോം, ടോവിനോ തോമസ്, ഉണ്ണി മുകുന്ദൻ, നിവിൻ പോളി, ഹണി റോസ് എന്നിവരാണ് മത്സരിച്ചത്.
ഇവർക്കെതിരെ വിജയ് ബാബു,ലാൽ, നാസർ ലത്തീഫ് എന്നിവർ മത്സരിക്കാൻ രംഗത്ത് എത്തി. ഫലം വന്നപ്പോൾ ഔദ്യോഗിക പാനലിലെ ഒൻപത് പേർ വിജയിച്ചു. നിവിൻ പോളിയും ഹണി റോസും പരാജയപ്പെട്ടു. ലാലും വിജയ് ബാബും അട്ടിമറി ജയം നേടിയപ്പോൾ വിമതനായി മത്സരിച്ച നാസർ ലത്തീഫ് പരാജയപ്പെട്ടു.
കഴിഞ്ഞ കുറേ വർഷങ്ങളായി അമ്മയിൽ തിരഞ്ഞെടുപ്പ് നടക്കാറില്ല. മുൻ വർഷങ്ങളിലും പലരും മത്സരിക്കാൻ തയ്യാറായി രംഗത്തു വന്നിരുന്നുവെങ്കിലും അവസാനനിമിഷം സമവായമുണ്ടാക്കി മത്സരം ഒഴിവാക്കാറാണ് പതിവ്. എന്നാൽ ഇക്കുറി സമ്മർദ്ദ-സമവായ നീക്കം തള്ളി മണിയൻ പിള്ള രാജുവും ലാലും അടക്കം നാല് പേർ മത്സരിക്കാൻ ഇറങ്ങുകയായിരുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായി നടൻ സിദ്ധീഖ് ഫേസ്‌ബുക്കിലിട്ട പോസ്റ്റിലെ ചില പരാമർശങ്ങൾ വലിയ വിവാദമായിരുന്നു. ഇതിനെതിരെ മണിയൻ പിള്ള രാജുവും ഷമ്മി തിലകനും രംഗത്ത് വന്നിരുന്നു.
അതേസമയം തിരഞ്ഞെടുപ്പ് ഫലങ്ങൾ അറിയിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ വിവാദമായ ഫേസ്‌ബുക്ക് പോസ്റ്റിനെകുറിച്ച് നടൻ സിദ്ദിഖും മണിയൻപിള്ള രാജുവും വിശദീകരണങ്ങൾ നൽകി. ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് സിദ്ദിഖും പരാമർശങ്ങൾ തിരഞ്ഞെടുപ്പിന്റെ ഭാഗം മാത്രമായിരുന്നെന്ന് മണിയൻപിള്ള രാജുവും വ്യക്തമാക്കി. ഔദ്യോഗിക പാനൽ മത്സരിക്കുന്നുണ്ടെന്ന കാര്യം നേരത്തെ പറഞ്ഞിരുന്നില്ലെന്നും മണിയൻപിള്ള രാജു പറഞ്ഞു.
അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ അടിത്തറ ഇളക്കുമെന്ന് വീരവാദം മുഴക്കിയവരൊന്നും പാനലിലില്ലെന്നായിരുന്നു സിദ്ദിഖിന്റെ പോസ്റ്റിലുണ്ടായിരുന്നത്. എന്നാൽ പോസ്റ്റിലൂടെ എതിർ സ്ഥാനാർത്ഥികളെ വിമർശിച്ചതിൽ ശക്തമായ പ്രതിഷേധമുണ്ടെന്നായിരുന്നു മണിയൻപിള്ള രാജുവിന്റെ പ്രതികരണം. അമ്മയിൽ മത്സരം നടക്കുന്നത് സംഘടനയിൽ ഉണർവുണ്ടാക്കിയെന്നും താരം അഭിപ്രായപ്പെട്ടു.
ഔദ്യോഗിക പാനലിനെതിരെയായിരുന്നു മണിയൻപിള്ള രാജു മത്സരിച്ചത്.സാധാരണഗതിയിൽ അമ്മയിൽ ഔദ്യോഗിക പാനലിനെ മറ്റ് അംഗങ്ങൾ അംഗീകരിക്കുകയാണ് പതിവ്. എന്നാൽ ഇക്കുറി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും നിർവാഹക സമിതിയിലേക്കും മത്സരമ നടന്നു. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മോഹൻലാലും ജനറൽ സെക്രട്ടറിയായി ഇടവേള ബാബുവും എതിരില്ലാതെ ഇക്കുറിയും തിരഞ്ഞെടുക്കപ്പെട്ടു. ജോയിന്റ് സെക്രട്ടറിയായി ജയസൂര്യക്കും, ട്രഷറായി സിദ്ദിഖിനും എതിരാളികളില്ലായിരുന്നു.
വീറും വാശിയും നിറഞ്ഞ പ്രചാരണത്തിന് ഒടുവിലായിരുന്നു അമ്മയിൽ തിരഞ്ഞെടുപ്പ് നടന്നത്. വോട്ടെടുപ്പിന് മുമ്പ് ഔദ്യോഗിക പാനൽ വോട്ട് തേടി രംഗത്ത് വന്നിരുന്നു. അതേ സമയം മണിയൻപിള്ള രാജു അടക്കമുള്ളവരും അംഗങ്ങളെ നേരിട്ട് വിളിച്ച് വോട്ട് തേടിയിരുന്നു. ഇതിനിടെ സാമൂഹ്യ മാധ്യമങ്ങളിലും പരസ്പരം ഏറ്റുമുട്ടലുമായി താരങ്ങൾ എത്തി.തെരഞ്ഞെടുപ്പിന് മുന്നോടിയായി നടൻ സിദ്ധീഖ് ഫേസ്‌ബുക്കിലിട്ട പോസ്റ്റിലെ ചില പരാമർശങ്ങൾ വലിയ വിവാദമായിരുന്നു. ഇതിനെതിരെ മണിയൻ പിള്ള രാജുവും ഷമ്മി തിലകനും രംഗത്ത് വന്നിരുന്നു.
രണ്ട് ദിവസം മുൻപാണ് നടൻ സിദ്ദിഖ് ഫേസ്‌ബുക്ക് പോസ്റ്റിട്ടത്. ഔദ്യോഗിക പാനലിലെ സ്ഥാനാർത്ഥികൾക്ക് വോട്ടു തേടി സിദ്ധീഖിട്ട് ഫേസ്‌ബുക്ക് പോസ്റ്റിന്റെ അവസാന ഭാഗത്തെ വരികൾ ഇങ്ങനെയാണ്.
''ആരെ തെരഞ്ഞെടുക്കണമെന്ന് അംഗങ്ങൾക്ക് തീരുമാനിക്കാം. അമ്മ ഉണ്ടാക്കിയത് താനാണെന്ന് അവകാശം മുഴക്കിയവരല്ല ഇവരാരും. അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ അടിയത്തറ ഇളക്കുമെന്നും ഇവരാരും വീരവാദം മുഴക്കിയിട്ടില്ല. അമ്മയുടെ തലപ്പത്തിരിക്കാൻ ഏറ്റവും അനുയോജ്യനായ വ്യക്തി താനാണെന്ന് വിശ്വസിച്ച് അതിനുവേണ്ടി മത്സരക്കാൻ നൽകിയ നോമിനേഷനിൽ പേരെഴുതി ഒപ്പിടാൻ അറിയാത്തവരുമല്ല. ഇല്ലാത്ത ഭൂമി അമ്മയ്ക്കു നൽകാം എന്ന് വാദ്ഗാനം നൽകി അമ്മയെ കബളിപ്പിച്ചവരുമല്ല...''
മണിയൻപിള്ള രാജുവിന്റെ പ്രതികരണം
എതിർ സ്ഥാനാർത്ഥികൾക്കെതിരെ സിദ്ദീഖ് പോസ്റ്റിട്ടത് ശരിയായ നടപടിയല്ല. ഇതിൽ ശക്തമായ പ്രതിഷേധമുണ്ട്. വളരെ മോശമായ കാര്യമാണ് സിദ്ദീഖ് ചെയ്തത്. മത്സരം നടക്കുന്നത് സംഘടനയിൽ ഉണർവുണ്ടാക്കിയിട്ടുണ്ട്. നീണ്ട കാലത്തിന് ശേഷമാണ് അമ്മയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഷൂട്ടിങ് ലൊക്കേഷനിൽ തമ്മിൽ കണ്ടാൽ മിണ്ടാത്തവർ പോലും ഇപ്പോൾ വിളിച്ചു വോട്ട് ചോദിക്കുന്ന നിലയായി. ആരേയും താഴ്‌ത്തിക്കെട്ടി ഞാൻ വോട്ടു ചോദിച്ചിട്ടില്ല. ഞാൻ മത്സരിക്കുന്നുണ്ട്.
ഷമ്മി തിലകന്റെ പ്രതികരണം
സിദ്ദിഖ് സമൂഹമാധ്യമങ്ങളിൽ നടത്തിയ പരാമർശം എന്നെ ഉദ്ദേശിച്ചാണ്. സിദ്ദിഖ് ഇങ്ങനെ പറഞ്ഞത് അദ്ദേഹത്തിന്റെ കുറ്റബോധം കൊണ്ടാണ്. പീഡനപരാതിയോ മീ ടൂ ആരോപണമോ അമ്മയുടെ ഫണ്ട് വെട്ടിച്ചതോ അങ്ങനെ ഒരു ആരോപണവും എനിക്കെതിരെ ഇല്ല. അപ്പോൾ സംഘടനയുടെ തലപ്പത്തിരിക്കാൻ എനിക്ക് യോഗ്യതയുണ്ട്. അമ്മ എക്കാലത്തും ഒരുപക്ഷത്തിന്റെ മാത്രം സംഘടനയാണ്. ഇങ്ങനെയൊരു പരാമർശം നടത്തിയതിലൂടെ സ്വന്തം ധാർമികതയാണ് അദ്ദേഹം കാണിച്ചത്. ഒപ്പ് ഇല്ലാതെ നോമിനേഷൻ തള്ളിയ വ്യക്തി ഞാൻ മാത്രമാണ്. അതുകൊണ്ട് പരാമർശം തന്നെ കുറിച്ചാണെന്ന് എല്ലാവർക്കും മനസ്സിലാകും. ഈ വിഷയം ജനറൽബോഡിയിൽ ഉന്നയിക്കും. ഉന്നയിച്ചാലും എത്രത്തോളം ഗുണം ഉണ്ടാകും എന്ന് അറിയില്ല. അമ്മ എക്കാലത്തും ഒരു വിഭാഗത്തിന്റെ നിയന്ത്രണത്തിലാണ്. മുൻ വൈസ് പ്രസിഡണ്ട് പത്രത്തിലൂടെ പ്രസ്താവന നടത്തുന്ന സാഹചര്യം വരെ മുൻപ് ഉണ്ടായതാണ്. സിദ്ദിഖിനെ പരാമർശം കണ്ട് പലരും വിളിച്ചിരുന്നു. ഭാരവാഹികൾ അടക്കം അംഗങ്ങളിൽ പലരും പിന്തുണ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ