കൊച്ചി: അക്രമത്തിന് ഇരയായ നടിക്കൊപ്പം നിൽക്കുമ്പോഴും ദിലീപിനായി പ്രാർത്ഥിക്കുന്നവരാണ് താരസംഘടനയിലെ ബഹുഭൂരിപക്ഷവും. എഎംഎംഎ എന്ന സംഘടനയുമായി പ്രത്യക്ഷത്തിൽ ദിലീപ് സഹകരിക്കുന്നില്ലെങ്കിലും എല്ലാം നടക്കുന്നത് താരത്തിന്റെ ഇഷ്ടമനുസരിച്ചാണ്. എഎംഎംഎയുടെ പ്രസിഡന്റായ മോഹൻലാലിനും ദിലീപിനെ തള്ളനാകില്ല. ഇത് ചെയ്താൽ സംഘടനയിൽ ഒറ്റപ്പെടും. എക്‌സിക്യൂട്ടിവിൽ അടക്കം മൃഗീയ ഭൂരിപക്ഷമാണ് ദിലീപിനുള്ളത്. അതുകൊണ്ട് തന്നെ സംഘടനയ്ക്ക് പുറത്ത് നിർത്തിയാലും അതിശക്തൻ. ഈ സാഹചര്യത്തിാണ് ദിലീപിനെതിരെ നടപടിയെടുക്കാനാവില്ലെന്ന് അമ്മ നിർവാഹക സമിതി നിലപാടെടുത്തത്, ഈ ആവശ്യമുന്നയിച്ചു കത്തു നൽകിയ മൂന്ന് നടിമാർ സംഘടനയ്ക്കു കൈമാറിയ നിയമോപദേശങ്ങൾ തള്ളിക്കൊണ്ട്. മൂന്ന് മുതിർന്ന അഭിഭാഷകരുടെ നിയമോപദേശമാണ് നടിമാർ നൽകിയത്.

ദിലീപിനെ സംഘടനയിൽ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് നടിമാരായ പാർവതി, പത്മപ്രിയ, രേവതി എന്നിവർ നൽകിയ കത്തിൽ എ.എം.എം.എ എക്സിക്യൂട്ടീവിന് തീരുമാനമെടുക്കാനാകില്ലെന്ന് മോഹൻലാൽ അറിയിച്ചിരുന്നു. ഇതിനായി ജനറൽ ബോഡി യോഗം വരെ കാത്തിരിക്കണമെന്നും മോഹൻലാൽ അറിയിച്ചു. എക്സിക്യൂട്ടീവ് യോഗത്തിൽ തീരുമാനം എടുക്കാൻ ആകില്ലെന്ന് നിയമോപദേശം ലഭിച്ചു. ഇക്കാര്യം കത്ത് തന്ന നടിമാരെ രേഖ മൂലം അറിയിക്കുമെന്നായിരുന്നു മോഹൻലാൽ പറഞ്ഞത്. മോഹൻലാൽ പറഞ്ഞ നിയമോപദേശം ദിലീപിന് വേണ്ടി ഉണ്ടാക്കിയതെന്നാണ് സൂചന. കോടതി കുറ്റവിമുക്തനാക്കുന്നത് വരെ ആരോപണ വിധേയനായ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കരുതെന്നതാണ് നടിമാർ സംഘടനയ്ക്ക് മുൻപിൽ വച്ച പ്രധാന നിർദ്ദേശം. ഇതിനായി നിയമോപദേശം തേടണം എന്നും മോഹൻലാലിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ഇവർ ആവശ്യപ്പെട്ടു. എന്നാൽ ഇവരുടെ നിലപാട് അംഗീകരിക്കേണ്ടതില്ലെന്നാണ് എഎംഎംഎയുടെ പക്ഷം.

ദീലീപ് സംഘടനയ്ക്ക് പുറത്താണ് ഇപ്പോഴുള്ളതെന്ന് പോലും പറയരുതെന്ന പൊതുവികാരമാണ് എഎംഎംഎയുടെ എക്‌സികൂട്ടീവിൽ ഉണ്ടായത്. സസ്‌പെന്റ് ചെയ്തു നിർത്തുന്നതിനോട് മോഹൻലാലിന് താൽപ്പര്യമുണ്ടായിരുന്നു. വിവാദം തന്റെ പ്രതിച്ഛായയെയാണ് ബാധിക്കുന്നതെന്ന നിലപാട് മോഹൻലാലിനുണ്ട്. ഇക്കാര്യം യോഗത്തെ അറിയിക്കുകയും ചെയ്തു. എന്നാൽ മറ്റൊരു അംഗവും മോഹൻലാലിനെ തുണച്ചില്ല. ദിലീപിനൊപ്പമാണ് തങ്ങളുടെ മനസ്സെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതോടെയാണ് കണ്ണിറുക്കി ചരിച്ച് മാധ്യമങ്ങളെ കണ്ട് ദിലീപ് വിഷയത്തിൽ തീരുമാനം ജനറൽ ബോഡി എടുക്കുമെന്ന് പറഞ്ഞത്. ജനറൽ ബോഡി ചേരാനും ഇനി മാസങ്ങൾ വേണ്ടി വരും. അല്ലെങ്കിൽ സംഘടനയുടെ മൂന്നിൽ രണ്ട് അംഗങ്ങളുടെ ഒപ്പ് വാങ്ങി നടിമാർ സംഘടനയ്ക്ക് നൽകേണ്ടി വരും.

ദിലീപിനെ സംഘടനയിൽ തിരിച്ചെടുക്കാൻ തീരുമാനിച്ചതു ജനറൽ ബോഡി ആയതിനാൽ അതു തിരുത്തി മറ്റൊരു നടപടിയെടുക്കാനുള്ള അവകാശം ജനറൽ ബോഡിക്കു മാത്രമാണെന്ന് നിയമോപദേശം ലഭിച്ചെന്നായിരുന്നു ശനിയാഴ്ചത്തെ നിർവാഹക സമിതി യോഗത്തിനു ശേഷം പ്രസിഡന്റ് മോഹൻലാൽ വ്യക്തമാക്കിയത്. എന്നാൽ പരാതി നൽകിയ രേവതി, പാർവതി തിരുവോത്ത്, പത്മപ്രിയ എന്നീ മൂന്നു നടിമാർ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകയിൽ നിന്നുൾപ്പെടെ നേടിയ മൂന്ന് നിയമോപദേശങ്ങളിലും പറയുന്നത് മറ്റ് കാര്യങ്ങളാണ്. ദിലീപിനെ പുറത്താക്കാനുള്ള തീരുമാനം എടുക്കാനുള്ള പൂർണ അധികാരം അമ്മ നിർവാഹക സമിതിക്കുണ്ടെന്നാണ് ഈ നിയമോപദേശം. ഈ നിയമോപദേശങ്ങൾ അവർ സംഘടനയ്ക്കു കൈമാറിയിരുന്നു. ഇതു തള്ളിക്കൊണ്ടാണ് അമ്മ നിർവാഹക സമിതി ദിലീപ് വിഷയം വീണ്ടും ജനറൽ ബോഡിക്കു വിട്ടത്.

പരാതിക്കാർ കൈമാറിയ നിയമോപദേശങ്ങളുടെ കാര്യം അമ്മ നേതൃത്വം വെളിപ്പെടുത്തിയുമില്ല. നടിമാരുമായി ചർച്ച നടന്ന ഓഗസ്റ്റ് ഏഴിലെ അമ്മ നിർവാഹക സമിതി യോഗത്തിലാണ് ദിലീപ് വിഷയത്തിൽ ഇരുപക്ഷവും നിയമോപദേശം തേടാൻ തീരുമാനിച്ചത്. ഇതനുസരിച്ച് ഈ യോഗത്തിന്റെ ഇടവേളയിൽ തന്നെ നടിമാർ സുപ്രീം കോടതി അഭിഭാഷകയെ ബന്ധപ്പെട്ട് അടിയന്തര നിയമോപദേശം നേടിയിരുന്നു. ഇത് ഉടൻ അവർ നിർവാഹക സമിതിയെ അറിയിച്ചെങ്കിലും ഇരു ഭാഗത്തുനിന്നും വിശദമായ നിയമോപദേശം തേടിയ ശേഷം രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനം എടുത്ത് സംയുക്തമായി മാധ്യമങ്ങളെ അറിയിക്കാമെന്ന നിലപാടുമായാണ് യോഗം പിരിഞ്ഞത്. യോഗതീരുമാനങ്ങൾ ഓർമിപ്പിച്ചുകൊണ്ട് ഓഗസ്റ്റ് 13നു നടിമാർ അമ്മയ്ക്കു കത്തയയ്ക്കുകയും ചെയ്തു.

ഏതാനും ദിവസം മുൻപ്, നിയമോപദേശങ്ങൾ കൂടി ഉൾപ്പെടുത്തി നടിമാർ വീണ്ടും കത്തയച്ചു. മുൻപത്തെ കത്തുകൾക്കു മറുപടിയില്ലാത്തതിനാൽ ഇത്തവണ നിർവാഹക സമിതിയിലെ മുഴുവൻ അംഗങ്ങൾക്കും കത്തിന്റെ കോപ്പി അയച്ചിരുന്നു. ചൊവ്വാഴ്ച വൈകുന്നേരത്തിനുള്ളിൽ മറുപടി നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു. ഈ നിയമോപദേശങ്ങൾ തള്ളി, ദിലീപിന്റെ കാര്യം വീണ്ടും ജനറൽബോഡിക്കു വിടുകയായിരുന്നു മോഹൻലാൽ ചെയ്തത്. ഈ സാഹചര്യത്തിൽ കുറ്റാരോപിതനെ സംരക്ഷിക്കുന്ന സമീപനത്തിനെതിരെ ശക്തമായി പ്രതികരിക്കാനാണ് ഡബ്ല്യുസിസിയുടെ തീരുമാനം. പരസ്യമായി തന്നെ താരസംഘടനയെ ഇവർ തള്ളിപ്പറയും. നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനായ നടൻ ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് അഭിനേതാക്കളുടെ സംഘടനയായ എ.എം.എം.എയും വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സിയും തമ്മിൽ നേരത്തെ ചർച്ച നടന്നിരുന്നു. എ.എം.എം.എ അംഗങ്ങൾ എന്ന നിലയിൽ നടിമാർ മറ്റു ചില നിർദ്ദേശങ്ങളും വച്ചിരുന്നു. എന്നാൽ സംഘടനയുടെ ഭാഗത്ത് നിന്ന് കൃത്യമായ വിശദീകരണം ലഭിക്കാത്തതിനാലാണ് നടിമാർ മൂന്നാമതും കത്ത് നൽകിയത്. ഇതോടെയാണ് ദിലീപിനെ പുറത്താക്കാനാകില്ലെന്ന ഉറച്ച നിലപാട് മോഹൻലാൽ എടുത്തത്.

തങ്ങൾ സംഘടനയിൽ വച്ച നിർദ്ദേശങ്ങൾക്ക് ഉടൻ മറുപടി വേണമെന്ന് ആവശ്യപ്പെട്ട് രേവതിയാണ് കഴിഞ്ഞ ദിവസം കത്ത് നൽകിയത്. ചൊവ്വാഴ്ചയ്ക്കുള്ളിൽ അന്തിമ തീരുമാനം അറിയിക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരുന്നത്. പാർവതി, പത്മപ്രിയ, രേവതി എന്നിവരാണ് ദിലീപിനെ തിരിച്ചെടുത്ത വിഷയങ്ങളിലടക്കം ഉടൻ തീരുമാനം അറിയിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയത്. ഓഗസ്റ്റ് 7 ന് നടന്ന ചർച്ചയിൽ തൃപ്തിയുണ്ടെന്ന് നടിമാർ പ്രതികരിച്ചിരുന്നു. എ.എം.എം.എയിൽ നിന്ന് രാജിവെച്ചുപോയ ഡബ്ല്യു.സി.സി. അംഗങ്ങൾ തിരിച്ചുവരുന്ന കാര്യത്തിലുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചയ്ക്കെടുത്തിരുന്നു. കഴിഞ്ഞ എ.എം.എം.എ. ജനറൽ ബോഡി യോഗത്തിൽ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനമാണ് എ.എം.എം.എയെയും ഡബ്ല്യു.സി.സിയെയും നേർക്കുനേർ കൊണ്ടുവന്നത്. തീരുമാനത്തെ തുടർന്ന് ആക്രമിക്കപ്പെട്ട നടിയും ഡബ്ല്യു.സി.സി. അംഗങ്ങളായ റിമ കല്ലിങ്കൽ, രമ്യാ നമ്പീശൻ, ഗീതു മോഹൻദാസ് എന്നിവരും എ.എം.എം.എയിൽ നിന്ന് രാജിവെച്ചിരുന്നു.

ദിലീപിനെതിരായ നടപടിക്ക് താര സംഘടനയായ 'അമ്മ' സമയം ചോദിക്കുന്നത് നടപടി വൈകിക്കാനെന്നതിന് തെളിവുകൾ പുറത്ത്. 2010ൽ മുതിർന്ന നടൻ തിലകനെ തിടുക്കപ്പെട്ട് പുറത്താക്കിയ സംഘടനയുടെ ഇരട്ടത്താപ്പാണ് പുറത്തുവന്നിരിക്കുന്നത്. അച്ചടക്ക സമിതിയുടെ ശുപാർശ പ്രകാരമാണ് എഎംഎംഎ എക്സിക്യൂട്ടീവ് കമ്മിറ്റി 2010 ഏപ്രിൽ അഞ്ചിന് തിലകനെ പുറത്താക്കിയത്. എന്നാൽ ഒരു ജനറൽ ബോഡി മീറ്റിങ് പോലും വിളിച്ചു ചേർക്കാതെയും നിയമോപദേശം തേടാതെയുമായിരുന്നു ഈ നീക്കം. സംഘടനയെ അപകീർത്തിപ്പെടുത്തിയും അംഗങ്ങളുടെ വികാരങ്ങൾ മുറിവേൽപ്പിച്ചും തിലകൻ നുണ പ്രചരണം നടത്തുന്നുവെന്നാണ് ആരോപിക്കപ്പെട്ടത്. ഈ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ 2010 ഫെബ്രുവരി 10ന് അന്നത്തെ സംഘടന സെക്രട്ടറി ഇടവേള ബാബു അദ്ദേഹത്തിന് കത്തയച്ചിരുന്നു.

'സംഘടനയെ പരസ്യമായി അപമാനിച്ചതിന് താങ്കൾ മാപ്പ് പറയണമെന്ന് 2010 ഫെബ്രുവരി ഒമ്പതിന് കൊച്ചി അബ്ബാദ് പ്ലാസയിൽ ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചു' എന്നാണ് ഈ കത്തിൽ പറഞ്ഞിരിക്കുന്നത്. സംഘടനയെ പരസ്യമായോ മാധ്യമങ്ങൾക്ക് മുന്നിലോ വിമർശിക്കുന്നത് സംഘടന നിയമപ്രകാരം അച്ചടക്ക ലംഘനമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഏഴ് ദിവസത്തിനകം വിശദീകരണം നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു. ഫെബ്രുവരി 17ന് സംഘടനയ്ക്ക് തിലകനയച്ച മറുപടി കത്തും മകൾ സോണിയ പുറത്തുവിട്ടു. എപ്പോൾ, എവിടെവച്ച്, ആരെ അപമാനിച്ചുവെന്ന് ഇടവേള ബാബുവിന്റെ കത്തിൽ വ്യക്തമല്ലെന്നാണ് ഇതിൽ തിലകൻ പറഞ്ഞിരിക്കുന്നത്. കൂടാതെ ക്രിസ്ത്യൻ ബ്രദേഴ്സ് ഉൾപ്പെടെ വിവിധ ചിത്രങ്ങളിൽ നിന്നും അഡ്വാൻസ് നൽകിയ ശേഷം പോലും തന്നെ ഒഴിവാക്കാൻ നിർമ്മാതാക്കളെ നിർബന്ധിച്ച ഫെഫ്ക നേതാവിനെതിരെ സംഘടന നിശബ്ദത പാലിച്ചതും തിലകൻ ചൂണ്ടിക്കാട്ടുന്നു. ജനപ്രിയ താരങ്ങളുടെ ആരാധകരിൽ നിന്നും തനിക്ക് ഭീഷണി സന്ദേശവും ഫോൺ വിളികളും വന്നപ്പോഴും സംഘടന എവിടെയായിരുന്നുവെന്നും തിലകൻ ചോദിക്കുന്നു.

തിലകനെതിരെ നടപടിയെടുക്കാൻ സംഘടനാ ഭാരവാഹികൾ കാണിച്ച തിടുക്കം പരിശോധിക്കുമ്പോൾ ദിലീപിനെ സംരക്ഷിക്കാനാണ് ഇവർ ശ്രമിക്കുന്നതെന്ന് മനസിലാകും. ഗുരുതര സ്വഭാവമുള്ള ഒരു ക്രിമിനൽ കേസിൽ പ്രതിയായിട്ടും അതിന്റെ പേരിൽ ഇരയായ നടിയുൾപ്പെടെ നാല് നടിമാർ സംഘടനയിൽ നിന്നും രാജിവച്ചിട്ടും ദിലീപിനെതിരായ നടപടി ഒഴിവാക്കാനോ താമസിപ്പിക്കാനോ ഒക്കെയാണ് സംഘടന ശ്രമിക്കുന്നതെന്ന ആരോപണം ഇതോടെ ശക്തമാവുകയാണ്.