കൊച്ചി: നടിയെ ആക്രമിച്ച് സംഭവങ്ങൾക്ക് ശേഷം മലയാള സിനിമ ഇപ്പോൾ പല തട്ടിലാണ് നിൽക്കുന്നത്. ദിലീപിനെ അനുകൂലിക്കുന്നവർ ഒരു പക്ഷത്ത് എതിർക്കുന്ന ഡബ്ല്യൂ സി സി അടക്കമുള്ള യുവതാരങ്ങൾ മറ്റൊരു പക്ഷത്ത് രണ്ട് ഭാഗത്തും നിക്കാതെ നിൽക്കുന്നവർ മറ്റൊരു പക്ഷത്ത് എന്ന നിലയിലാണ്.

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അറസ്റ്റ് ചെയതത് മുതൽ പല രീതിയിലാണ് പ്രശ്‌നങ്ങൾ സിനിമയെ ബാധിച്ചത്. ഇപ്പോൾ ആ പ്രതിസന്ധിയുടെ ബാക്കി പത്രമാവുകയാണ് താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനം. ദിലീപ് അനുകൂലികളുടെ നിരയിൽ ഒന്നാമതുള്ള ഗണേശ് കുമാറും ഇത് വരെ നിലപാടൊന്നും വ്യക്തമാക്കാത്ത മമ്മൂട്ടിയും തമ്മിലാണ് ഇപ്പോൾ അമ്മയുടെ പ്രസിഡന്റെ സ്ഥാനത്തേക്കുള്ള ശീത യുദ്ധം നടക്കുന്നത്.

കഴിഞ്ഞ പതിനേഴ് വർഷമായി അമ്മയുടെ പ്രസിഡന്റ് സ്ഥാനം അലങ്കരിച്ചിരുന്ന വ്യക്തിയായ ഇന്നസെന്റ് കുറച്ചു ദിവസങ്ങൾക്ക് മുമ്ബായിരുന്നു പ്രസിഡന്റ് സ്ഥാനത്തു നിന്നും ഒഴിയുകയാണെന്ന് അറിയിച്ചത്. തുടർന്നാണ് അധികാരത്തിലേക്കുള്ള വടം വലികൾ രൂക്ഷമാവുന്നത്. നേതൃനിരയിൽ താരരാജാവും മന്ത്രി മുഖ്യനും തമ്മിൽ പോരടിക്കുമ്പോൾ മറ്റൊരു പക്ഷവും അണിയറിൽ ചരട് വലിക്കുന്നുണ്ട്.

പൃഥ്വിരാജിന്റെ നിർബന്ധം മൂലമാണ് മമ്മൂട്ടി ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്ന തരത്തിൽ ഗണേശ് കുമാർ മമ്മൂട്ടിക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു, പൃഥ്വിരാജിനെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടിയാണ് മമ്മൂട്ടി അത്തരമൊരു തീരുമാനമെടുത്തതെന്നും ഗണേശ് കുമാർ അന്ന് ആരോപിച്ചിരുന്നു. ഇത് മമ്മൂട്ടിക്ക് വലിയ രീതിയിലുള്ള മനപ്രയാസം സൃഷ്ടിച്ചിരുന്നതായാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്,

ദിലീപിനെ അമ്മ സംഘടനയിൽ നിന്നും പുറത്താക്കിയതിനെതിരെ ഗണേശ് കുമാർ പരസ്യ പ്രതികരണം നടത്തിയിരുന്നു. അമ്മയിൽ നിന്നും പുറത്താക്കിയത് തെറ്റായ നടപടിയായിരുന്നെന്നും അമ്മയുടെ ഭാഗമാകണോ വേണ്ടയോ എന്നതു ദിലീപിനു തീരുമാനിക്കാമെന്നും അദ്ദേഹം പറയുന്നു. സിനിമാമേഖലയിൽ ദിലീപിന് പരസ്യമായി പിന്തുണപ്രഖ്യാപിച്ച ചുരുക്കം ചില ആളുകളിൽ ഒരാളാണ് ഗണേശ് കുമാർ. ദിലീപിനെ ജയിലിലെത്തി സന്ദർശിച്ചതും വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഗണേശ് മമ്മൂട്ടിയെ വിമർശിച്ചത്. 'ദിലീപിന് അമ്മയിൽ അംഗത്വമുണ്ടെങ്കിലും ഇല്ലെങ്കിലും അഭിനയിക്കാൻ കഴിയും. മമ്മൂട്ടിയാണു ദിലീപിന്റെ പ്രാഥമിക അംഗത്വം റദ്ദാക്കിയെന്നു വ്യക്തമാക്കിയത്. എന്നാൽ, അമ്മയുടെ നിയമങ്ങൾ അനുസരിച്ച് ഇതു സാധ്യമല്ല. അംഗത്വത്തിൽനിന്നു സസ്‌പെൻഡ് ചെയ്യാം. അതിനുശേഷം വിശദമായ അന്വേഷണങ്ങൾക്കു ശേഷം അച്ചടക്ക സമിതിക്കു മാത്രമേ പുറത്താക്കാൻ അവകാശമുള്ളൂ. അതുകൊണ്ടു മമ്മൂട്ടിയുടെ പ്രഖ്യാപനം അടിസ്ഥന രഹിതമാണ്. പൃഥ്വിരാജിനെ പ്രീതിപ്പെടുത്താനായിരുന്നു അത്. നിലവിൽ അമ്മയുടെ ഭാഗമാകണോ വേണ്ടയോ എന്നതു ദിലീപിനു തീരുമാനിക്കാം.'ഗണേശ് കുമാർ പറഞ്ഞിരുന്നു.

ഞാനായിരുന്നു ദിലീപിന്റെ സ്ഥാനത്തെങ്കിൽ അമ്മയിൽ തിരികെ പ്രവേശിക്കില്ല. പൊന്നുകൊണ്ടു പുളിശേരി വച്ചുതരാമെന്നു പറഞ്ഞാലും അമ്മയിലേക്കു പോകില്ല. ദിലീപിന് ശക്തമായി സിനിമകളുമായി മുന്നോട്ടു പോകാം. ദിലീപിനു ജാമ്യം കിട്ടിയതിൽ അങ്ങേയറ്റം സന്തോഷിക്കുന്നു. അദ്ദേഹത്തിനൊപ്പം നിൽക്കാൻ കഴിയുന്നതിൽ അഭിമാനിക്കുന്നു. മാധ്യമങ്ങൾ എത്ര ആക്രമിച്ചാലും ഇതാണു നിലപാട്. ജനങ്ങളും അദ്ദേഹത്തിനൊപ്പമാണ്;- ഗണേശ് കുമാർ വിശദീകരിച്ചിരുന്നു.

നടിക്കൊപ്പവും ദിലീപിനൊപ്പവും എന്ന വഴുക്കൻ നിലപാടായിരുന്നു അമ്മയുടേത്. എന്നാൽ അറസ്റ്റോടെ അമ്മയ്ക്ക് ദിലീപിനെ പുറത്താക്കാതെ നിവൃത്തിയില്ലെന്നായി മമ്മൂട്ടിയുടെ വീട്ടിലെ യോഗം മമ്മൂട്ടിയും മോഹൻലാലും അടക്കം പങ്കെടുത്ത അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ദിലീപിനെ പുറത്താക്കാൻ തീരുമാനിച്ചത്. മമ്മൂട്ടിയുടെ വീട്ടിൽ ചേർന്ന യോഗത്തിലെ ആ തീരുമാനം ഏകകണ്ഠമായിരുന്നു എന്നാണ് അന്ന് പൃഥ്വിരാജ് മാധ്യമങ്ങളോട് പറഞ്ഞത്.

പൃഥ്വിരാജിലാണ് വുമൺ ഇൻ കളക്ടീവ് സിനിമയുടേയും യുവതാരങ്ങളുടേയും കണ്ണ്. താരത്തെ പ്രസിഡന്റാക്കണം എന്ന നിലപാടാണ് താരങ്ങൾക്കുള്ളത്. നിലവിൽ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ ആണ് പൃഥ്വിരാജ്. അതേ സമയം മമ്മൂട്ടിക്കും പൃഥ്വിരാജിനും അടക്കമുള്ള താരങ്ങൾക്കെല്ലാം സമ്മതനായ കുഞ്ചാക്കോ ബോബന്റെ പേരും ഇതിൽ ഉയർന്ന് വരുന്നുണ്ട്.

ഇതിൽ മോഹൻലാലിന്റെ നിലപാട് ആണ് ഇതിൽ പ്രാധാന്യം. ദിലീപുമായും മഞ്ജുവുമായും ഗണേശുമായും അടുത്ത ബന്ധം മോഹൻലാലിനുണ്ട്. പൃഥ്വി രാജുമായി അടുപ്പമുണ്ട്. അതേ സമയം ആരെ പിണക്കിയാലും മമ്മൂട്ടിയെ തള്ളിപ്പറഞ്ഞ് ഒരു കൂട്ടുകെട്ടിനും മോഹൻലാൽ നിൽക്കില്ല എന്ന് മറ്റെല്ലാവർക്കും അറിയാം ഇതും ഒരു പ്രശ്‌നമാണ്.പുതിയ ട്രഷററുടെ കാര്യത്തിലും ഒരു തീരുമാനം ആക്കേണ്ടതുണ്ട്. ദിലീപ് അമ്മയിലേക്ക് ഇല്ലെന്ന് വ്യക്തമായ സാഹചര്യത്തിൽ എന്തായാലും പുതിയ ട്രഷററെ കണ്ടെത്തണം. മുമ്പ് കുഞ്ചാക്കോ ബോബനെ മാറ്റിയാണ് ദിലീപ് ട്രഷറർ സ്ഥാനത്തേക്ക് കടന്ന് വന്നത്.

ഇന്നസെന്റിന്റെ അഭാവത്തിൽ ഇടവേള ബാബുവാണ് ഇപ്പോൾ സംഘടനയുടെ കാര്യങ്ങൾ നോക്കുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹം പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നതിന് പിന്തുണയുമായി ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. എന്തായാലും ജൂലൈയിൽ നടക്കുന്ന ജനറൽ ബോഡി യോഗത്തിലായിരിക്കും പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുക.