- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒളിവിൽ കഴിയുന്ന അയാളെ ബന്ധപെട്ടപ്പോൾ അയാൾ സ്വയം മാറിനിൽക്കാം എന്ന കത്തുനൽകി; അതും താൽകാലികമായി; വിജയ്ബാബുവിന്റെ കാരുണ്യം! ഇരയ്‌ക്കൊപ്പം നിന്ന് പ്രതിക്ക് വേണ്ടി ആന്ന് പ്രാർത്ഥിച്ചു; ഇന്ന് ഇലയ്ക്കും മുള്ളിനും കേടില്ലാതെ തീരുമാനം; ലാലിന്റെ 'അമ്മ'യ്ക്ക് ഇതു എന്തു പറ്റി?
കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിയുന്ന നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെ മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ എക്സിക്യൂട്ടിവിൽ നിന്ന് ഒഴിവാക്കുന്നത് വിവാദത്തിൽ. വിജയ് ബാബുവിനെ സസ്‌പെന്റ് ചെയ്യാത്തതാണ് ചർച്ചകൾക്ക് കാരണം. ഇക്കാര്യത്തിൽ താര സംഘടന വലിയ പിഴവു വരുത്തിയെന്നാണ് ആക്ഷേപം. മോഹൻലാലും കുട്ടരും വിജയ് ബാബുവിന് പേരു ദോഷം കൂടാതിരിക്കാൻ ശ്രദ്ധിച്ചുവെന്നാണ് ആക്ഷേപം.
അമ്മയിൽ നിന്ന് പ്രതിയാക്കപ്പെട്ട സാഹചര്യത്തിൽ തന്നെ മാറ്റി നിർത്തണമെന്ന് ആവശ്യപ്പെട്ട് വിജയ് ബാബു കത്തു നൽകിയിരുന്നു. നിരപരാധിത്വം തെളിയും വരെ മാറി നിൽക്കാമെന്ന വിജയ് ബാബുവിന്റെ നിർദ്ദേശം 'അമ്മ' ഭാരവാഹികൾ അംഗീകരിക്കുകയായിരുന്നു. ആരോപണം സംഘടനയ്ക്ക് അവമതിപ്പ് ഉണ്ടാക്കുന്നതിനാലാണ് മാറി നിൽക്കുന്നതെന്നും വിജയ് ബാബു കത്തിൽ വ്യക്തമാക്കിയിരുന്നു. അങ്ങനെ സംഘടനയ്ക്കുണ്ടായ നാണക്കേട് വിജയ് ബാബു തന്നെ തുറന്നു സമ്മതിച്ചിട്ടും നടപടിയുണ്ടായില്ല. ഇതാണ് വിമർശനത്തിന് കാരണം. എക്‌സിക്യൂട്ടീവിലും ചിലർ എതിർത്ത് സംസാരിച്ചു. എന്നാൽ സംഘടനയ്ക്ക് പുറത്ത് പ്രതിഷേധം പുകയുകയാണ്.
അതിനിടെ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് നടൻ ഹരീഷ് പേരടി. ഫേസ്‌ബുക്കിലൂടെയാണ് തന്റെ പ്രതികരണവുമായി രംഗത്ത് വന്നത്. ഒളിവിൽ കഴിയുന്ന അയാളെ ബന്ധപെട്ടപ്പോൾ സ്വയം മാറിനിൽക്കാം എന്ന് വിജയ് ബാബു കാരുണ്യപൂർവം കത്തുനൽകിയതാണെന്നും അല്ലാതെ അയാൾക്കെതിരെ നടപടിയെടുത്തതല്ലെന്നും ഹരീഷ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പരിഹസിച്ചു. താര സംഘടനയ്‌ക്കെതിരായ വിമർശനമാണ് ഒറ്റവരിയിലൂടെ ഹരീഷ് പേരടി അറിയിക്കുന്നത്.
ഹരീഷ് പേരടിയിടെ ഫേസ്‌ബുക്ക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
ഒളിവിൽ കഴിയുന്ന അയാളെ ബന്ധപെട്ടപ്പോൾ അയാൾ സ്വയം മാറിനിൽക്കാം എന്ന കത്തുനൽകി...അതും താൽകാലികമായി..അല്ലാതെ അയാൾക്കെതിരെ നടപടിയെടുത്തതല്ല..വിജയ്ബാബുവിന്റെ കാരുണ്യം
മോഹൻലാലിന്റെ നയതന്ത്രമാണ് വിജയ് ബാബുവിനെ സസ്‌പെൻഷനിൽ നിന്ന് രക്ഷപ്പെടുത്തിയതെന്ന വാദം ശക്തമാണ്. ഇലയ്ക്കും മുള്ളിനും കേടില്ലാതെ പ്രശ്‌ന പരിഹാരം. മുമ്പ് നടിക്കെതിരെ ആക്രമണം ഉണ്ടായപ്പോൾ ദിലീപിനെ സംഘടനയിൽ നിന്ന് മാറ്റി. അന്ന് മോഹൻലാൽ നടത്തിയ പ്രസ്താവന ഏറെ ചർച്ചയായിരുന്നു. ഇരയ്‌ക്കൊപ്പം നിന്ന് പ്രതിക്ക് വേണ്ടി പ്രാർത്ഥിക്കുന്നുവെന്നായിരുന്നു മോഹൻലാൽ പറഞ്ഞത്. വിജയ് ബാബുവിന്റെ കേസിലും മോഹൻലാൽ ഒഴുക്കൻ മനസ്സിലായിരുന്നു. അതു കാരണമാണ് നടപടിയുടെ രീതി സ്വഭാവം തീരുമാനത്തിന് വരാത്തതും.
പീഡന പരാതി ഉയർന്നതിനെത്തുടർന്ന്, നിരപരാധിത്വം തെളിയുന്നതുവരെ തന്നെ മാറ്റിനിർത്തണമെന്നു വിജയ് ബാബു സ്വയം ആവശ്യപ്പട്ടിരുന്നു. ഇതേത്തുടർന്നാണ് ഇന്നലെ ചേർന്ന അമ്മ നിർവാഹക സമിതി യോഗം തീരുമാനമെടുത്തത്. അതേസമയം ഇക്കാര്യത്തിൽ ഔദ്യോഗിക അറിയിപ്പ് എത്തിയിട്ടില്ല. വിജയ് ബാബുവിനെതിരേ നടപടി വേണമെന്നു ശ്വേത മേനോൻ ചെയർപഴ്സനായ ഇന്റേണൽ കംപ്ലെയിന്റ്സ് കമ്മിറ്റി ശിപാർശ ചെയ്തിരുന്നു.
സസ്പെൻഡ് ചെയ്യുകയോ തരംതാഴ്‌ത്തുകയോ ചെയ്യണമെന്നായിരുന്നു കമ്മിറ്റിയുടെ ആവശ്യം. വിജയ് ബാബു നൽകിയ വിശദീകരണം നിർവാഹക സമിതി ചർച്ച ചെയ്തു. യോഗത്തിനു മുന്നോടിയായി അമ്മ നേതൃത്വം നിയമവിദഗ്ധരുമായി ആശയവിനിമയം നടത്തി.തീരുമാനമെടുക്കുന്നതിൽ നിർവാഹക സമിതി അംഗങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസം പ്രകടമായി.
മറുനാടന് മലയാളി ബ്യൂറോ