കോട്ടയം: മോഹൻലാലും അനുപംഖേറും ജയപ്രദയും മുഖ്യ വേഷങ്ങളിലെത്തിയ ത്രികോണ പ്രണയകഥ ഓർമ്മയുണ്ടോ. വയസ്സാംകാലത്തെ പ്രണയത്തിന്റെ കഥപറഞ്ഞ പ്രണയമെന്ന ചിത്രത്തിലേതുപോലെ ഒരു പ്രണയം ജീവിതത്തിൽ സംഭവിച്ചാലോ..

അത്തരമൊരു പരാതിയുടെ വാർത്തയാണ് കോട്ടയത്തുനിന്ന് ഉണ്ടായിരിക്കുന്നത്. സിനിമയല്ല ജീവിതമെന്നും അത്തരമൊരു വാർധക്യകാല പ്രണയം ജീവിതത്തിലെത്തുമ്പോൾ അതിന്റെ പ്രത്യാഘാതങ്ങൾ ഏറെയാണെന്നും വെളിപ്പെടുത്തുന്ന ജീവിതകഥ അക്ഷരാർത്ഥത്തിൽ വനിതാ കമ്മീഷനെ വരെ ഞെട്ടിച്ചു. എഴുപത്തഞ്ചുകാരിയായ ഭാര്യയുടെ ദുർനടപ്പിനെതിരേ 82കാരനായ ഭർത്താവും മക്കളുമാണ് വനിതാ കമ്മീഷനെ സമീപിച്ചിരിക്കുന്നത്.

ഭാര്യ തങ്ങളെ വീട്ടിൽ കയറാൻ അനുവദിക്കില്ലെന്നാണ് ഭർത്താവിന്റെ പ്രധാന പരാതി. എഴുപത്തഞ്ചുകാരിക്ക് ആദ്യമൊരു കാമുകൻ ഉണ്ടായിരുന്നെന്നും പിന്നീട് മറ്റൊരു കാമുകനുമായി ബന്ധം തുടങ്ങിയെന്നുമുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഭർത്താവ് നടത്തിയത്. ഇതോടെ വനിതാ കമ്മിഷൻ പോലും തലയിൽ കൈവച്ച് ഇരുന്നുപോയി.

ഭിന്നശേഷിയുള്ള 50കാരിയായ മകളുമായി എങ്ങോട്ട് പോകുമെന്ന ആശങ്കയിലാണ് ആ പിതാവും മകളും വനിതാ കമ്മീഷനെ സമീപിച്ചത്. കോടതിയുടെ ഉത്തരവു പാലിക്കുന്നില്ലെന്നും ഇവർ അറിയിച്ചു. പരാതി പരിഗണിച്ച വനിതാ കമ്മിഷൻ, കോടതി ഉത്തരവു നടപ്പാക്കാൻ എക്സിക്യൂഷൻ പെറ്റീഷൻ സമർപ്പിക്കാൻ നിർദ്ദേശിച്ചു.

വഴിവിട്ട ജീവിതം നയിക്കുന്ന ഭാര്യയ്ക്കെതിരേ ആദ്യമായിട്ടല്ല 82കാരൻ അധികാരികളെ സമീപിക്കുന്നത്. 2013ൽ അച്ഛനും മൂന്നു പെൺമക്കളും പരാതിയുമായി ആദ്യം കോടതിയെയാണു സമീപിച്ചത്. അമ്മയ്ക്കെതിരേ പെൺമക്കൾ കോടതിയിൽ മൊഴി നല്കിയിരുന്നു. ഇതോടെ ഭാര്യ അച്ഛനെയും മകളെയും വീട്ടിൽ താമസിക്കാൻ അനുവദിക്കാതെയായി. അന്ന് കോടതി അച്ഛനും മക്കൾക്കും അനുകുലമായി വിധി പുറപ്പെടുവിച്ചിരുന്നു. എന്നാൽ വിധി പാലിക്കുന്നില്ലെന്നു കാട്ടിയാണ് വനിതാ കമ്മിഷനെ സമീപിച്ചതെന്ന് ഇവർ പറയുന്നു.

ഞെട്ടിക്കുന്ന വിവരങ്ങളാണ് അച്ഛനും മക്കളും കമ്മീഷനു മുന്നിൽ വെളിപ്പെടുത്തിയത്. വനിതാ കമ്മീഷൻ അംഗങ്ങൾ പോലും ഇവരുടെ വെളിപ്പെടുത്തൽ കേട്ട് പകച്ചുപോയെന്നാണ് റിപ്പോർട്ടുകൾ. 75കാരിക്ക് ആദ്യം മറ്റൊരു കാമുകനുമായിട്ടായിരുന്നു ബന്ധം. 65 വയസുള്ള ഈ കാമുകൻ അടുത്തിടെ മരിച്ചു. അതോടെ മറ്റൊരാൾ സ്ഥിരമായി വീട്ടിലെത്താൻ തുടങ്ങി. ഇത് എതിർത്തതോടെ അവർ അച്ഛനെയും മകളെയും വീടിനുള്ളിൽ പൂട്ടിയിട്ടു പുറത്തുപോകും.

അച്ഛനെ വീഴിക്കാനായി നിലത്ത് സോപ്പുവെള്ളം ഒഴിച്ചിടും, ആഹാരം നൽകില്ല. കിണറ്റിൽനിന്നു വെള്ളം കോരണം. ഭിന്നശേഷിയുള്ള മകൾക്ക് ഒരു കൈ പൂർണമായും നിവരില്ല. ഒരു കൈകൊണ്ട് കയർ വലിച്ചിട്ട് പല്ലുകൊണ്ടു കടിച്ചുപിടിച്ചാണ് വെള്ളം കോരുന്നത്. ഇങ്ങനെ ചെയ്യുന്നതിനിടെ, മുൻനിരയിലെ പല്ലുകൾ പലതും കൊഴിഞ്ഞു- ഇത്തരത്തിൽ ദുരിതപൂർണമായ ജീവിതകഥ മക്കളും പിതാവും പറഞ്ഞതോടെയാണ് എല്ലാവരും ഞെട്ടിപ്പോയത്. ഇതോടെ പരാതി കേട്ട് കാര്യങ്ങൾ ബോധ്യപ്പെട്ട കമ്മീഷൻ താക്കോൽ വാങ്ങി ഭർത്താവിനും മകൾക്കും നല്കുകയും ചെയ്തു.