ഒരു ലിറ്റര്‍ രാസവസ്തു കൊണ്ട് ഉണ്ടാക്കുന്നത് 500 ലിറ്റര്‍ വ്യാജ പാല്‍; നിറത്തിലും മണത്തിലും മാറ്റമില്ല; വ്യാജ പാലും വ്യാജ പനീറും വില്‍ക്കാന്‍ തുടങ്ങിയിട്ട് 20 വര്‍ഷം; വ്യവസായി പിടിയില്‍; ദൃശ്യങ്ങള്‍ പങ്കുവച്ച് അധികൃതര്‍

ഒരു ലിറ്റര്‍ രാസവസ്തു കൊണ്ട് ഉണ്ടാക്കുന്നത് 500 ലിറ്റര്‍ വ്യാജ പാല്‍

Update: 2024-12-10 07:32 GMT

ലഖ്‌നോ: രാസവസ്തുക്കള്‍ കലര്‍ത്തി വന്‍തോതില്‍ വ്യാജ പാല്‍ നിര്‍മിച്ച് വില്‍പ്പന നടത്തിയ വ്യവസായി പിടിയില്‍. 20 വര്‍ഷമായി ഇയാള്‍ വ്യാജ പാലും വ്യാജ പനീറും വില്‍ക്കുകയാണെന്ന് പരിശോധനയില്‍ കണ്ടെത്തി. 20 വര്‍ഷത്തോളമായി പാലിന്റെയും പാല്‍ ഉല്‍പ്പന്നങ്ങളുടെയും വില്‍പ്പനയിലേര്‍പ്പെട്ടിരുന്ന അജയ് അഗര്‍വാള്‍ എന്നയാളാണ് പിടിയിലായത്. യു.പിയിലെ ബുലന്ദ്ഷഹറിലാണ് സംഭവം. അഗര്‍വാള്‍ ട്രേഡേഴ്‌സ് എന്ന ഇയാളുടെ സ്ഥാപനത്തില്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്.

അഗര്‍വാള്‍ ട്രേഡേഴ്‌സിന്റെ ഗോഡൗണ്‍ കഴിഞ്ഞ ദിവസം ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ) അധികൃതര്‍ റെയ്ഡ് ചെയ്തിരുന്നു. വന്‍ തോതില്‍ രാസവസ്തുക്കളാണ് ഇവിടെ നിന്ന് പിടികൂടിയത്. അഞ്ച് മില്ലി ലിറ്റര്‍ രാസവസ്തു ഉപയോഗിച്ച് രണ്ട് ലിറ്റര്‍ പാല്‍ ഉണ്ടാക്കാമെന്നാണ് ഇയാള്‍ വെളിപ്പെടുത്തിയതെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഒരു ലിറ്റര്‍ രാസവസ്തു ഉപയോഗിച്ച് 500 ലിറ്റര്‍ പാല്‍ വരെ കൃത്രിമമായി നിര്‍മിക്കാന്‍ കഴിയുമത്രെ.

രാസവസ്തു കൂട്ടിക്കലര്‍ത്തി പാല്‍ നിര്‍മിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അധികൃതര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. പാലിന്റെ മണം ലഭിക്കാന്‍ ഫ്‌ലേവറിങ് ഏജന്റുകളാണ് ഉപയോഗിക്കുന്നത്. ഇയാളുടെ സ്ഥാപനത്തില്‍ നിന്ന് കൃത്രിമ മധുരപദാര്‍ഥങ്ങളും വന്‍തോതില്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇതിലേറെയും രണ്ട് വര്‍ഷം മുമ്പേ കാലാവധി കഴിഞ്ഞതുമാണ്. കാസ്റ്റിക് പൊട്ടാഷ്, വേ പൗഡര്‍, സോര്‍ബിറ്റോള്‍, മില്‍ക്ക് പെര്‍മിയേറ്റ് പൗഡര്‍, സോയ ഫാറ്റ് തുടങ്ങിയവയാണ് ഗോഡൗണില്‍ നിന്ന് പിടിച്ചെടുത്തത്.

വന്‍തോതില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഈ വ്യാജ പാല്‍ വിതരണം ചെയ്യുന്നത് ആരാണ് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുകയാണെന്ന് എഫ്.എസ്.എസ്.എ.ഐ ഉദ്യോഗസ്ഥന്‍ വിനീത് സക്‌സേന പറഞ്ഞു.

Tags:    

Similar News