വിവാഹ മോചനത്തിന് ശേഷം അമ്മയുടെ ലിവിംഗ് ടുഗെതർ ബന്ധം; ബന്ധത്തിൽ നിന്ന് പിന്മാറാൻ മകൻ നിരന്തരം ആവശ്യപ്പെട്ടിട്ടും കാര്യമുണ്ടായില്ല; ഒടുവിൽ പ്രായപൂർത്തിയാകാത്ത മകന്റെ കടുംകൈ; യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ മകൻ അറസ്റ്റിൽ
ദില്ലി: വിവാഹമോചിതയായ അമ്മയുടെ ലിവിംഗ് ടുഗതർ ബന്ധത്തിൻ്റെ പേരിൽ പ്രായപൂർത്തിയാകാത്ത മകൻ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു. ദില്ലിയിലെ ഷാഹാബാദ് ദൌലത്പൂരിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ശനിയാഴ്ച രാത്രി വൈകിട്ടാണ് അക്രമമുണ്ടായത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത മകനെ പൊലീസ് ഞായറാഴ്ച വടക്കൻ ദില്ലിയിൽ നിന്ന് കസ്റ്റഡിയിൽ എടുത്തു. ശനിയാഴ്ച രാത്രിയാണ് ഷാഹാബാദ് ദൌലത്പൂരിലെ കൺട്രോൾ റൂമിലേക്ക് സഹായം ആവശ്യപ്പെട്ടുള്ള ഫോൺ വിളി എത്തിയത്.
സംഭവ സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ കൊണ്ടുപോയിരുന്നു. തുടക്കത്തിൽ മഹാറിഷി വാൽമീകി ആശുപത്രിയിലാണ് യുവാവിനെ പ്രവേശിപ്പിച്ചുരുന്നത്. എന്നാൽ പിന്നീട് വിദഗ്ദ്ധ ചികിത്സക്കായി ബാബാ സാഹബ് അംബേദ്കർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. യുവാവ് ഇപ്പോഴും അബോധാവസ്ഥയിൽ തുടരുകയാണ്. യുവാവിനെ ആക്രമിച്ച ആൺകുട്ടിയുടെ അമ്മ വിവാഹ മോചിതയാണ്.
ഇവരുടെ ലിംവിംഗ് ടുഗെദർ ബന്ധത്തോട് മകന് നേരത്തെ എതിർപ്പുണ്ടായിരുന്നു. ഇതിനേച്ചൊല്ലി വീട്ടിൽ അമ്മയും മകനും തമ്മിൽ നിരന്തരം തർക്കങ്ങൾ ഉണ്ടായിരുന്നതായാണ് പരിസരവാസികൾ പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്. ആൺകുട്ടി യുവാവിനോടും അമ്മയുമായുള്ള ബന്ധത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇരുവരും വീണ്ടും ബന്ധം തുടരുകയായിരുന്നു. പിന്നാലെയായിരുന്നു ആൺകുട്ടിയുടെ ആക്രമണം.
സംഭവ ദിവസം ആൺകുട്ടി മകന്റെ കടയിൽ എത്തിയിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ ഉണ്ടായ വാക്ക് തർക്കം അക്രമത്തിൽ കലാശിക്കുമായായിരുന്നു. ആൺകുട്ടി യുവാവിനെ കുത്തി വീഴ്ത്തിയ ശേഷം സംഭവ സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു. ദൃക്സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അക്രമം നടന്ന് എട്ട് മണിക്കൂറിനുള്ളിൽ തന്നെ ജുവനൈൽ പ്രതിയെ കസ്റ്റഡിയിൽ എടുത്തതായാണ് പൊലീസ് പറയുന്നത്.
അതേസമയം, പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ ആൺകുട്ടി നേരത്തെയും ക്രിമിനൽ കേസുകളിൽ ഇടപെട്ടതായി കണ്ടെത്താൻ സാധിച്ചിരുന്നു. ഇതിനാൽ തന്നെ ആൺകുട്ടിയെ പ്രായപൂർത്തിയായ വ്യക്തിയായി കണ്ട് വിചാരണ ചെയ്യണമെന്ന ആവശ്യമാണ് പൊലീസ് കോടതിക്ക് മുൻപിൽ സമർപ്പിച്ചിട്ടുള്ളത്.