അമൃത വിശ്വവിദ്യാപീഠം കൊച്ചി ക്യാമ്പസിൽ ബിരുദദാനചടങ്ങ് നടത്തി; വീഡിയോ സന്ദേശവുമായി മാതാ അമൃതാനന്ദമയി; പ്രശ്നങ്ങളെ അവസരങ്ങളായി പരിവർത്തനപ്പെടുത്താനാകണമെന്ന് ഡി വി സ്വാമി ഐഎഎസ്
കൊച്ചി: അമൃത വിശ്വവിദ്യാപീഠം കൊച്ചി ക്യാമ്പസിൽ ബിരുദദാനചടങ്ങ് നടത്തി. മുഖ്യ ചടങ്ങിൽ പങ്ക് എടുത്ത് വിശിഷ്ട അതിഥികൾ. ചടങ്ങിൽ പ്രശ്നങ്ങളെ അവസരങ്ങളായി പരിവർത്തനപ്പെടുത്താനാകണമെന്ന് ഭാരത സർക്കാറിൻ്റെ സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി (എം പി ഇ ഡി എ) ചെയർമാൻ ഡി വി സ്വാമി ഐഎഎസ് വ്യക്തമാക്കി. അമൃത വിശ്വവിദ്യാപീഠം കൊച്ചി ക്യാമ്പസിൽ നടന്ന 27-ാമത് ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി ക്യാമ്പസിനു പുറമെ ചെന്നെ, കോയമ്പത്തൂർ, ബംഗളൂരു, അമൃതപുരി എന്നീ ക്യാമ്പസ്സുകളിൽ നിന്നുള്ളവരും എഹെഡ് ഓൺലൈനിൽ നിന്നുള്ളവരും ബിരുദങ്ങൾ ഏറ്റുവാങ്ങാൻ എത്തിയിരുന്നു.
ലോകത്തിന്റെ പ്രതീക്ഷ വിദ്യാർത്ഥികളിൽ അർപ്പിതമാണെന്ന് ചടങ്ങിൽ നൽകിയ വീഡിയോ സന്ദേശത്തിൽ മാതാ അമൃതാനന്ദമയി ദേവി പറഞ്ഞു. പഠിച്ച കാര്യങ്ങൾ പ്രവർത്തിപഥത്തിൽ കൊണ്ടു വരാനുള്ള അമൂല്യമായ അവസരങ്ങൾ ആരും കാണാതെ പോകരുത്. സ്വന്തം ആവശ്യങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കാതെ ലോക നൻമയ്ക്കായി നമുക്ക് എന്തു ചെയ്യാൻ കഴിയും എന്നു കൂടി ചിന്തിക്കണമെന്നും അമൃത വിശ്വവിദ്യാപീഠം ചാൻസലർ കൂടിയായ മാതാ അമൃതാനന്ദമയി ദേവി വിദ്യാർത്ഥികളോട് പറഞ്ഞു.
മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദ പുരി അനുഗ്രഹപ്രഭാഷണം നടത്തി. അമൃത വിശ്വവിദ്യാപീഠം പ്രൊവോസ്റ്റും അമൃത ആശുപത്രി ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടറുമായ ഡോ പ്രേം നായർ, കൊച്ചി അമൃത സ്കൂൾ ഓഫ് മെഡിസിൻ പ്രിൻസിപ്പൽ ഡോ.ഗിരീഷ് കുമാർ കെ.പി, എസിഎഎച്ച്എസ് ചീഫ് പ്രോഗ്രാം അഡ്മിനിസ്ട്രേറ്റർ എം വി തമ്പി, രജിസ്ട്രാർ ഡോ.കെ ശങ്കരൻ, പരീക്ഷാ കൺട്രോളർ ഡോ. ദണ്ഡപാണി ആർ, ബയോകെമിസ്ട്രി വിഭാഗം മേധാവി ഡോ.സജിത കൃഷ്ണൻ, അമൃത സ്കൂൾ ഓഫ് ഡെൻഡിസ്ട്രി പ്രിൻസിപ്പൽ ഡോ. ബാലഗോപാൽ വർമ്മ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
23 വിദ്യാർത്ഥികൾ പിഎച്ച്ഡി ബിരുദങ്ങളും ചടങ്ങിൽ വെച്ച് ഏറ്റുവാങ്ങി. അലൈഡ് സയൻസ്, മെഡിസിൻ, ഡെൻ്റൽ, എഞ്ചിനീയറിംഗ്, ഫാർമസി, നഴ്സിംഗ്, ആയുർവേദം, നാനോ സയൻസ്, എംഡിഎംഎസ്, ആർട്സ് ആൻ്റ് കൊമേഴ്സ് എന്നീ വിഭാഗങ്ങളിലായി 492 പേരാണ് ബിരുദം ഏറ്റുവാങ്ങിയത്. ഓരോ വിഭാഗത്തിലും ഉന്നതവിജയം നേടിയവർക്കുള്ള മെഡലുകളും ചടങ്ങിൽ വെച്ച് സമ്മാനിക്കുകയും ചെയ്തു.