നഷ്ടമായെന്ന് കരുതിയ ജീവിതം മനോജിന് ഇനി കൈയ്യെത്തിപ്പിടിക്കാം; അപകടത്തില്‍ അറ്റുപോയ വലതുകൈപ്പത്തി തുന്നിച്ചേര്‍ത്ത് ആസ്റ്റര്‍ മെഡ്സിറ്റി
അപകടത്തില്‍ അറ്റുപോയ വലതുകൈപ്പത്തി തുന്നിച്ചേര്‍ത്ത് ആസ്റ്റര്‍ മെഡ്സിറ്റി
കൊച്ചി: നിമിഷനേരം കൊണ്ടാണ് അങ്കമാലി സ്വദേശിയായ മനോജിന്റെ (50) ജീവിതം മാറിമറിഞ്ഞത്. ലോഹത്തകിടുകള്‍ മുറിക്കുന്ന യന്ത്രത്തിനുള്ളില്‍ അപ്രതീക്ഷിതമായി കൈ കുടുങ്ങിയത് മാത്രം ഓര്‍മയുണ്ട്. തൊട്ടടുത്ത നിമിഷം കൈ അതിവേഗം പിന്‍വലിക്കുകയും ചെയ്തു. ആദ്യത്തെ ഏതാനും നിമിഷങ്ങളില്‍ എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ശരീരം മുഴുവന്‍ മരവിപ്പ്. യന്ത്രത്തിനുള്ളില്‍പ്പെട്ട കൈയില്‍ നിന്ന് അസാധാരണമായ ഒരു തണുപ്പ് അരിച്ചുകയറുന്നത് പോലെ. ആ തണുപ്പിന് പിന്നാലെ നീറിപ്പുളയുന്ന ഒരു വേദന വലംകൈയില്‍ നിന്ന് നെഞ്ചിലേക്ക് പടരുന്നത് മനോജ് തിരിച്ചറിഞ്ഞു. വലംകൈയിലൂടെ ശക്തമായി രക്തം പുറത്തേക്ക് ഒഴുകുന്നതും തന്റെ കൈപ്പത്തി അറ്റുപോയ നിലയില്‍ കിടക്കുന്നതും മാത്രം കണ്ടതോര്‍മയുണ്ട്. അപ്പോഴേക്കും ബോധം മറഞ്ഞു.
കട്ടിയേറിയ ലോഹങ്ങള്‍ വെട്ടിമുറിക്കുന്ന അതേ മൂര്‍ച്ഛയോടെയാണ് മനോജിന്റെ വലതുകൈപ്പത്തി യന്ത്രം മുറിച്ചുമാറ്റിയത്. അപകടം നടന്നയുടന്‍ ആദ്യം ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഒട്ടും സമയം കളയാതെ വിദഗ്ധ ചികിത്സയ്ക്കായി ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് കൊണ്ടുപോകാന്‍ അവിടുത്തെ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ഏതാണ്ട് 45 മിനിറ്റിനുള്ളില്‍ മനോജിനെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ അത്യാഹിത വിഭാഗത്തിലെ ത്തിച്ചത് ഏറെ ഗുണം ചെയ്തു. ഓരോ മിനിറ്റും അത്രമേല്‍ വിലപ്പെട്ടതായിരുന്നു. അപ്പോഴേക്കും അറ്റുപോയ വലംകൈത്തണ്ടയില്‍ നിന്ന് ധാരാളം രക്തം നഷ്ടമായിരുന്നു. ബോധത്തിനും അബോധത്തിനുമിടയില്‍ നിലകിട്ടാതെ പുളയുകയായിരുന്ന മനോജിന്റെ മാനസികാവസ്ഥ അതിലേറെ ഭയാനകമായിരുന്നു.
എമര്‍ജന്‍സി വിഭാഗത്തില്‍ രോഗിയുടെ ആരോഗ്യനില നിയന്ത്രണവിധേയമാക്കിയതിനുശേഷം. പ്ലാസ്റ്റിക്, റീകണ്‍സ്ട്രക്റ്റീവ്, ഏസ്‌തെറ്റിക് സര്‍ജറി വിഭാഗത്തിലെ സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. മനോജ് സനാപ്പ് അറ്റുപോയ കൈപ്പത്തിയുടെ ഭാഗങ്ങള്‍ സസൂക്ഷ്മം വേര്‍പ്പെടുത്തുകയും, പിന്നീടുള്ള ശസ്ത്രക്രിയയ്ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ക്രിട്ടിക്കല്‍ കെയര്‍ ആന്‍ഡ് പെയിന്‍ മാനേജ്മെന്റ് വിഭാഗത്തിലെ ഡോ. അരില്‍ എബ്രഹാം അനസ്‌തേഷ്യക്ക് മേല്‍നോട്ടം വഹിച്ചു.
ഓര്‍ത്തോപീഡിക്‌സ് വിഭാഗം കണ്‍സല്‍ട്ടന്റ് ഡോ. ശ്യാം ഗോപാല്‍, അറ്റുപോയ എല്ലുകള്‍ തമ്മില്‍ ശസ്ത്രക്രിയയിലൂടെ യോജിപ്പിച്ചു. പിന്നീട് ഡോ. മനോജ് സനാപ്പ്, ഡോ. നിരഞ്ജന സുരേഷ്, ഡോ. ശ്രുതി ടി.എസ് എന്നിവര്‍ ചേര്‍ന്ന് കൈപ്പത്തി തിരികെ ചേര്‍ക്കുന്ന ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ഒറ്റനിമിഷം കൊണ്ട് അറ്റുപോയ കൈപ്പത്തി വലംകൈയില്‍ തിരികെ പിടിപ്പിക്കാന്‍ പത്തുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയാണ് വേണ്ടിവന്നത്. മൈക്രോവാസ്‌കുലാര്‍ സര്‍ജറി എന്നറിയപ്പെടുന്ന ഈ പ്രക്രിയയിലൂടെ ഞരമ്പുകള്‍ക്കും ധമനികള്‍ക്കും നാഡികള്‍ക്കുമുണ്ടായ തകരാറുകള്‍ പരിഹരിച്ചു.
ഇത്തരം അപകടങ്ങള്‍ ആര്‍ക്കും സംഭവിക്കാം. ഒട്ടും സമയംകളയാതെ അത്യാധുനിക പ്ലാസ്റ്റിക് സര്‍ജറിക്ക് സൗകര്യങ്ങളുള്ള ഒരു ആശുപത്രിയില്‍ എത്തിക്കാനായാല്‍, രോഗിയെ രക്ഷിക്കാനാകുമെന്ന് ഡോ. മനോജ് സനാപ്പ് പറഞ്ഞു. കേവലം സൗന്ദര്യസംരക്ഷണ ഉപാധി എന്നതിലപ്പുറം, ഇത്തരം സന്ദര്‍ഭങ്ങളില്‍ ഏറെ നിര്‍ണായകമായ ഒരു ജീവന്‍രക്ഷാമാര്‍ഗമായി പ്ലാസ്റ്റിക് സര്‍ജറി മാറിയിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.
മനോജിനെ നടുക്കിയ അപകടം നടന്നിട്ട് ഇപ്പോള്‍ മൂന്ന് മാസം പിന്നിട്ടു. 14 ദിവസത്തിനുള്ളില്‍ ആശുപത്രിവിട്ട മനോജ് വലംകൈയുടെ ചലനശേഷി പൂര്‍ണമായും തിരിച്ചുപിടിക്കാന്‍ ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ഫിസിയോതെറാപ്പി തുടരുകയാണ്. കൃത്യമായ ഇടവേളകളില്‍ ആശുപത്രിയിലെത്തി തുടര്‍പരിശോധനകള്‍ക്കും വിധേയനാകുന്നു.