ആഷിശിനെ വളഞ്ഞിട്ട് തല്ലിയത് 'മാര്‍ക്കോ' മോഡലില്‍; പ്രതികാരം തീര്‍ക്കാന്‍ ആംബുലന്‍സ് തടഞ്ഞ് എസ് എഫ് ഐ ക്രിമിനലിസം; മാളാ ഹോളി ഗ്രേസില്‍ നടന്നതെല്ലാം രാഷ്ട്രീയ അതിപ്രസരത്തിന്റെ കലാപം; റോഡില്‍ ആംബുലന്‍സ് തല്ലി പൊളിച്ചവര്‍ക്കെതിരെ ജാമ്യമില്ലാ കേസെടുക്കുമോ? സാക്ഷര കേരളത്തിന് അപമാനമായി കാലിക്കറ്റ് കലോത്സവം
തൃശൂര്‍: മാള ഹോളി ഗ്രേസ് കോളജില്‍ നടന്ന കാലിക്കറ്റ് സര്‍വകലാശാലയുടെ ഡി സോണ്‍ കലോത്സവത്തിനിടെ സംഘര്‍ഷത്തെ പുതിയ തലത്തിലെത്തിച്ച് എസ് എഫ് ഐയുടെ ആംബുലന്‍സ് തടയല്‍. ഇന്നു പുലര്‍ച്ചെയോടെയാണ് കെഎസ്യു എസ്എഫ്‌ഐ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. അതേസമയം പരുക്കേറ്റ കെഎസ്യു വിദ്യാര്‍ഥികളുമായി പോയ ആംബുലന്‍സ്, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ആക്രമിച്ചു. ആംബുലന്‍സിന് കുറുകെ കാറിട്ട് തടഞ്ഞ് അടിച്ചു പൊട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ആംബുലന്‍സ് അടിച്ചു തകര്‍ക്കുകയും ചെയ്തു. കെ എസ് യുക്കാര്‍ ചേര്‍ന്ന് എസ് എഫ് ഐ നേതാവിനെ ആക്രമിച്ചതിന്റെ പ്രതികാരമായിരുന്നു ആംബുലന്‍സ് തകര്‍ക്കല്‍. ഇതോടെ സംഭവത്തില്‍ എസ് എഫ് ഐയും പ്രതിക്കൂട്ടിലായി.
ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയല്‍) ഭേദഗതിയിലൂടെ നിയമം സര്‍ക്കാര്‍ കടുപ്പിച്ചിരുന്നു. ആരോഗ്യ രക്ഷാ സേവന സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന രജിസ്റ്റര്‍ ചെയ്ത (താല്‍ക്കാലിക രജിസ്ട്രേഷന്‍ ഉള്‍പ്പെടെയുള്ള) മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍, രജിസ്റ്റര്‍ ചെയ്ത നേഴ്‌സുമാര്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവരാണ് ഉള്‍പ്പെട്ടിരുന്നത്. പുതുക്കിയ നിയമത്തില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടും. ആരോഗ്യ രക്ഷാ സ്ഥാപനങ്ങളില്‍ നിയമിക്കപ്പെട്ടിട്ടുള്ളതും ജോലി ചെയ്തുവരുന്നതുമായ പാരാമെഡിക്കല്‍ ജീവനക്കാര്‍, സെക്യൂരിറ്റി ഗാര്‍ഡുകള്‍, മാനേജീരിയല്‍ സ്റ്റാഫുകള്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ഹെല്‍പ്പര്‍മാര്‍ എന്നിവരും ഉള്‍പ്പെട്ടിട്ടുണ്ട്..അക്രമപ്രവര്‍ത്തനം ചെയ്യുകയോ ചെയ്യാന്‍ ശ്രമിക്കുകയോ പ്രേരിപ്പിക്കുകയോ പ്രചോദനം നല്‍കുകയോ ചെയ്താല്‍ 6 മാസത്തില്‍ കുറയാതെ 5 വര്‍ഷം വരെ തടവ് ശിക്ഷയും 50,000 രൂപയില്‍ കുറയാതെ 2 ലക്ഷം രൂപ വരെ പിഴ ശിക്ഷയും ലഭിക്കും.
ആരോഗ്യ രക്ഷാ സേവന പ്രവര്‍ത്തകനെ കഠിനമായ ദേഹോപദ്രവത്തിന് വിധേയനാക്കുകയാണെങ്കില്‍ 1 വര്‍ഷത്തില്‍ കുറയാതെ 7 വര്‍ഷം വരെ തടവ് ശിക്ഷയും 1 ലക്ഷം രൂപയില്‍ കുറയാതെ 5 ലക്ഷം രൂപ വരെ പിഴയും ലഭിക്കും.ആക്ടിനു കീഴില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകള്‍ ഇന്‍സ്പെക്ടര്‍ റാങ്കില്‍ കുറയാത്ത പൊലീസ് ഓഫീസര്‍ അന്വേഷിക്കും. കേസന്വേഷണം പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്യുന്ന തീയതി മുതല്‍ 60 ദിവസത്തിനകം പൂര്‍ത്തീകരിക്കും. വിചാരണാനടപടിക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കും. സത്വര വിചാരണയ്ക്ക് ഓരോ ജില്ലയിലും ഒരു കോടതിയെ സ്പെഷ്യല്‍ കോടതിയായി നിയോഗിക്കും.ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ അക്രമം നടത്തുന്നവര്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കുന്നില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ആക്ട് ഭേദഗതി ചെയ്തത്. മാളയിലെ എസ് എഫ് ഐ ആക്രമണത്തില്‍ ഈ വകുപ്പൊന്നും ചേര്‍ക്കാന്‍ സാധ്യത കുറവാണ്. രാഷ്ട്രീയ ഇടപെടല്‍ ഈ കേസില്‍ ഉണ്ടാകും. ഡിസോണ്‍ കലോത്സവം താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്. കലോത്സവത്തില്‍ പങ്കെടുക്കാനെത്തിയ ചില വിദ്യാര്‍ഥികള്‍ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റിട്ടുണ്ട്.
നാടക അവതരണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് സൂചന. മത്സരങ്ങള്‍ വൈകുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ആരംഭിച്ചത്. തര്‍ക്കം പിന്നീട് സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു. വിദ്യാര്‍ഥികള്‍ തമ്മില്‍ പരസ്പരം ഏറ്റുമുട്ടി. ഇരുവിഭാഗത്തിലുമായി 15ഓളം പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ഇവരെ ചാലക്കുടിയിലെയും മാളയിലെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവമറിഞ്ഞ് മാള പൊലീസ് സ്ഥലത്തെത്തി.മാള ഹോളി ഗ്രേസ് ഗ്രൂപ്പ് ഒഫ് ഇന്‍സ്റ്റിറ്റിയൂഷനില്‍ ആണ് കലോത്സവം നടക്കുന്നത്. സആക്രമണത്തില്‍ പരിക്കേറ്റ കേരളവര്‍മ്മ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ആഷിശിന്റെ നില ഗുരുതരമാണ്. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ആഷിശ്. കെഎസ്യു ജില്ലാ അദ്ധ്യക്ഷന്‍ ഗോകുല്‍ ഗുരുവായൂരിന്റെ നേതൃത്വത്തിലുള്ള സംഘം അതിക്രമമുണ്ടാക്കുകയായിരുന്നുവെന്നാണ് എസ്എഫ്ഐയുടെ ആരോപണം. വയലന്‍സ് സിനിമയായ മാര്‍ക്കോ മോഡലായിരുന്നു ആക്രമണമെന്നാണ് ആരോപണം.
അതിനിടെ ഡീസോണ്‍ കലോത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ കെ എസ് യു പ്രവര്‍ത്തകരുമായി പോയ ആംബുലന്‍സിനെ ആക്രമിച്ചത് തങ്ങളല്ലെന്ന് എസ് എഫ് ഐ പറഞ്ഞു. ആംബുലന്‍സിന് നേരെ കല്ലെറിഞ്ഞതില്‍ എസ് എഫ് ഐക്ക് പങ്കില്ല. ജില്ലാ നേതൃത്വത്തിന്റെ അറിവോടെ ആക്രമണം നടന്നിട്ടില്ലെന്ന് എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ജിഷ്ണു പ്രതികരിച്ചു. മറ്റാരെങ്കിലും അക്രമം നടത്തിയോ എന്നറിയില്ല. പൊലീസ് അന്വേഷിക്കട്ടെ എന്നും ജിഷ്ണു പറഞ്ഞു. ആംബുലന്‍സിന് മുമ്പില്‍ കാര്‍ നിര്‍ത്തിയ ശേഷം കല്ലെറിയുകയായിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കല്ലേറില്‍ ആംബുലന്‍സിന്റെ ചില്ലുകള്‍ തകര്‍ന്നു. സംഘര്‍ഷത്തില്‍ പരിക്കേറ്റ കെ എസ് യു ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂരും സംഘവുമായിരുന്നു ആംബുലന്‍സിലുണ്ടായിരുന്നത്.
എന്നാല്‍ എസ്എഫ്ഐ ആണ് ആക്രമണത്തിന് പിന്നിലെന്ന് കെഎസ്യു ആരോപിച്ചു. സ്‌കിറ്റ് മത്സരം നടക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. പൊലീസെത്തി ലാത്തി വീശിയതോടെയാണ് സംഘര്‍ഷത്തിന് അയവുണ്ടായത്. തുടര്‍ന്ന് കലോത്സവം നിര്‍ത്തിവയ്ക്കുകയായിരുന്നു.ജനുവരി 24നാണ് കലോത്സവം ആരംഭിച്ചത്. ഇന്നായിരുന്നു സമാപനം നടക്കേണ്ടിയിരുന്നത്. കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ചലച്ചിത്രതാരം സലിംകുമാര്‍ ആണ് നിര്‍വഹിച്ചത്.
