കേരള വര്‍മ്മ കോളേജിലെ എസ് എഫ് ഐ പ്രസിഡന്റിനെ വളഞ്ഞു വച്ച മര്‍ദ്ദിച്ചത് അതിക്രൂരമായി; നിലത്തു വീണപ്പോള്‍ കസേര കൊണ്ടു വടികൊണ്ടു വളഞ്ഞിട്ട് അടിച്ചത് ഗോകുല്‍ ഗുരുവായൂരും സംഘവും; മാളാ ഹോളി ഗ്രേസിലേത് സമാനതകളില്ലാത്ത അടി; ആംബുലന്‍സ് തടഞ്ഞ് എസ് എഫ് ഐ പ്രതികാരം; കാലിക്കറ്റ് കലോത്സവം അടിപിടിയാപ്പോള്‍

Update: 2025-01-28 03:46 GMT

തൃശ്ശൂര്‍: മാള ഹോളി ഗ്രേസില്‍ നടക്കുന്ന കാലിക്കറ്റ് സര്‍വകലാശാല ഡി സോണ്‍ കലോത്സവത്തില്‍ ഉണ്ടായ സംഘര്‍ഷം എല്ലാ പരിധിയും വിട്ടത്. സംഘര്‍ഷത്തില്‍ 20 ഓളം വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തെ തുടര്‍ന്ന് മത്സരങ്ങള്‍ നിര്‍ത്തിവെച്ചു. തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടിയത്. സമാനതകളില്ലാത്ത സംഘര്‍ഷമാണ് എസ് എഫ് ഐയും കെ എസ് യുവും തമ്മിലുണ്ടായത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തു വന്നു. അതിക്രൂരമായി മര്‍ദ്ദനം നടന്നു.

കെ.എസ്.യു, എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കാണ് പരിക്കുള്ളത്. പത്തിലധികം കെ.എസ്.യു പ്രവര്‍ത്തകര്‍ക്കും ആറ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കൊണ്ടുപോയ ആംബുലന്‍സ് ഒരുവിഭാഗം പിന്തുടര്‍ന്ന് തകര്‍ത്തു. കേരളാ വര്‍മ്മ കോളേജിലെ എസ് എഫ് ഐ പ്രവര്‍ത്തകനെ കെഎസ് യു പ്രവര്‍ത്തകര്‍ മാരകമായി ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നു. നിലത്ത് വീണ വിദ്യാര്‍ത്ഥിയെ കസേരകള്‍ കൊണ്ടും വടികൊണ്ടും വളഞ്ഞിട്ട് അടിക്കുന്നതിന്റെ ദൃശ്യങ്ങളടക്കമാണ് പുറത്ത് വന്നത്. കെഎസ് യു ജില്ലാ അധ്യക്ഷന്‍ ഗോകുല്‍ ഗുരുവായൂരിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിദ്യാര്‍ത്ഥിയെ ആക്രമിച്ചത്.

കലോത്സവത്തിലെ മത്സരങ്ങള്‍ തുടങ്ങുന്നത് ഏറെ വൈകുന്നതും ഫലപ്രഖ്യാപനത്തിലെ അപാകതകളും സംബന്ധിച്ച് തുടക്കം മുതല്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. മത്സരം നടത്താന്‍ സൗകര്യമില്ലാത്തതിനാല്‍ വേദികള്‍ കുറവായത് വിദ്യാര്‍ഥികളെ വലച്ചിരുന്നു. ചൊവ്വാഴ്ച നടത്തേണ്ട മത്സരങ്ങള്‍ ഇനി എന്ന് നടത്തുമെന്ന് നിശ്ചയമില്ല. എല്ലാ ദിവസവും രാത്രി പത്തിന് നടക്കേണ്ട മത്സരങ്ങള്‍ വൈകി പിറ്റേന്ന് രാവിലെയാണ് നടത്തിയിരുന്നത്. മത്സരങ്ങള്‍ വളരെ വൈകിയാണ് തുടങ്ങിയിരുന്നത്. ഇത് എസ് എഫ് ഐ ചോദ്യംചെയ്തിരുന്നു. പിന്നാലെയാണ് ക്രൂരമായ രീതിയിലുളള ആക്രമണങ്ങളുണ്ടായത്.

പിന്നാലെ പരസ്പരം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. പൊലീസെത്തി ലാത്തി വീശിയതോടെയാണ് സംഘര്‍ഷം അയഞ്ഞത്. ഇതോടെ കാലിക്കറ്റ് സര്‍വ്വകലാശാല ഡി സോണ്‍ കലോത്സവം നിര്‍ത്തിവെച്ചു. പരിക്കേറ്റവരുമായി ആശുപത്രിയിലേക്ക് പോകുംവഴിയും ആക്രമണമുണ്ടായി. കെ എസ് യു നേതാക്കളെ കൊണ്ടുപോയ ആംബുലന്‍സ് കൊരട്ടിയില്‍ വച്ച് ആക്രമിച്ചു .10 കെ എസ് യു പ്രവര്‍ത്തകര്‍ കൊരട്ടി സ്റ്റേഷനില്‍ തുടരുകയാണ്. കെഎസ് യു ജില്ലാ അധ്യക്ഷന്‍ ഗോകുല്‍ ഗുരുവായൂരിന്റെ നേതൃത്വത്തിലുള്ള സംഘം അതിക്രമമുണ്ടാക്കിയെന്നാണ് എസ് എഫ് ഐ ആരോപണം. എസ് എഫ് ഐ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കെഎസ് യുവും ആരോപിച്ചു.

എസ്.എഫ്.ഐ കേരളവര്‍മ കോളജ് യൂണിറ്റ് പ്രസിഡന്റ് ആഷിഖിന് സാരമായ പരിക്കേറ്റു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ആഷിഖിനെ വളഞ്ഞിട്ട് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നതാണ്. കലോത്സവത്തിലെ സ്‌കിറ്റ് മത്സരത്തിന് പിന്നാലെയായിരുന്നു സംഘര്‍ഷം. പരിക്കേറ്റ കെ.എസ്.യു പ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലന്‍സ് കൊരട്ടിയില്‍ തടഞ്ഞ് ആക്രമിച്ച സംഭവവുമുണ്ടായി. ഇതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു.

Similar News