മറ്റ് യാത്രക്കാര്‍ക്ക് ശല്യമാകുന്ന രീതിയില്‍ വിമാനത്തിനകത്ത് ബഹളം; അസഭ്യവാക്കുകള്‍; ചോദ്യം ചെയ്തപ്പോള്‍ ഇടനാഴിയില്‍ മൂത്രമൊഴിച്ചു: റയന്‍ എയര്‍ വിമാനത്തില്‍ യാത്രകാരുടെ പരിധിവിട്ട പെരുമാറ്റം; ലാന്‍ഡിങ്ങിന് മുന്‍പ് പോലീസില്‍ അറിയിച്ച് അധികൃതര്‍

Update: 2024-11-09 05:36 GMT

ഈസ്റ്റ് മിഡ്ലാന്‍ഡ്സ്: ലാന്‍ഡിങ്ങിന് മുന്‍പ് റയന്‍ എയര്‍ വിമാനത്തിലെ ചില യാത്രക്കാര്‍ പരിധി വിട്ട് പെരുമാറിയതായി റിപ്പോര്‍ട്ട്. മറ്റ് യാത്രക്കാര്‍ക്ക് ശല്യമാകുന്ന രീതിയില്‍ വിമാനത്തിനകത്ത് ബഹളം വെക്കുകയും അസഭ്യ വാക്കുകള്‍ സംസാരിക്കുകയും ഒരാള്‍ വിമാനത്തില്‍ നടക്കുന്ന വഴിയില്‍ മൂത്രം ഒഴിക്കുകയും ചെയ്തു. ഇതെ തുടര്‍ന്ന് ലാന്‍ഡിങ്ങിന് മുന്‍പ് തന്നെ ഈ യാത്രക്കാരുടെ വിവരങ്ങള്‍ ജീവനക്കാര്‍ പോലീസിന് കൈമാറി. ഈസ്റ്റ് മിഡ്ലാന്‍ഡ്സ് വിമാനത്താവളത്തില്‍ നിന്ന് രാവിലെ 6.29 ന് ടെനെറിഫെയിലേക്ക് പുറപ്പെട്ട എഫ് ആര്‍ 3152 വിമാനത്തിലെ യാത്രക്കിടയിലാണ് ഈ സംഭവം. നലര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള യാത്രക്കിടയിലായിരുന്നു യാത്രക്കാരുടെ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അരങ്ങേറിയത്.

വിമാനത്തിനകത്ത് ഒരുപറ്റം യാത്രക്കാര്‍ ശല്യമുണ്ടാക്കാന്‍ തുടങ്ങിയതോടെ ജീവനക്കാര്‍ വിമാനമിറങ്ങിയാല്‍ ഉടന്‍ പോലീസ് സഹായം ആവശ്യമാണെന്ന് അറിയിക്കുകയായിരുന്നു. ശല്യം അതിരു കടന്നതോടെ, ജീവനക്കാര്‍ വേഗം തന്നെ ടെനെറിഫെ എയര്‍പോര്‍ട്ട് അധികൃതരുമായി ബന്ധപ്പെടുകയും സുരക്ഷാ നടപടി സ്വീകരിക്കാന്‍ അവരെ കാത്തിരിക്കാനുള്ള മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

ഏത് തരത്തിലാണ് ഇവര്‍ ശല്യമുണ്ടാക്കിയത് എന്നത് വ്യക്തമല്ല. എന്നാല്‍, ഇക്കൂട്ടത്തില്‍ ഒരാള്‍ വിമാനത്തിന്റെ ഇടനാഴിയില്‍ മൂത്രവിസര്‍ജ്ജനം നടത്തിയതയി അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ടെനെറിഫെയില്‍ വിമാനം ഇറങ്ങിയ ഉടന്‍ തന്നെ ശല്യമുണ്ടാക്കിയ യാത്രക്കാരെ പോലീസ് അറസ്റ്റ് ചെയ്തു.

ഈ സംഭവത്തില്‍ വിമാനത്തിലുണ്ടായ മറ്റ് യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കി. ഒരു മാസമായി ഇത്തരം പ്രവര്‍ത്തികള്‍ കൂടി വരുന്നുണ്ടെന്ന് റയന്‍എയര്‍ അധികൃതര്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ഈ ബഹളം ഇവിടെ കൂടിവരികയാണ്. സാധാരണ യാത്രയ്ക്കിടയിലും രാത്രി ഫ്‌ലൈറ്റുകളിലും ആണ് ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതെന്ന് എയര്‍ലൈന്‍ അധികൃതര്‍ പറഞ്ഞു.

ഇത്തരം സംഭവങ്ങള്‍ക്ക് പിന്നില്‍ മദ്യപാനവും ചിലര്‍ക്കിടയിലെ മയക്കുമരുന്ന് ഉപയോഗവുമാണെന്ന് കഴിഞ്ഞ ദിവസം റയന്‍ എയര്‍ സിഇഒ മൈക്കിള്‍ ഒലീറി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഈ പ്രശ്‌നം നേരിടാന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ കൂടുതല്‍ കര്‍ശനമായ ചട്ടങ്ങള്‍ ഏര്‍പ്പെടുത്തണം. എല്ലാവര്‍ക്കും വിമാനം കയറുന്നതിന് മുമ്പായി പരിമിതമായ ഒരു മദ്യം മാത്രമേ അനുവദിക്കാവു എന്നും അദ്ദേഹം പറഞ്ഞു. നിയന്ത്രണങ്ങള്‍ വേണമെന്ന് പറയുമ്പോഴും ഇത് നടപ്പാക്കാന്‍ ഇതുവരെ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല.

റയന്‍എയര്‍ ഉള്‍പ്പെടെയുള്ള എല്ലാ ബജറ്റ് എയര്‍ലൈന്‍സുകളും പ്രതിമാസം ഒരോ മോശം സംഭവവും നേരിടുന്നുണ്ടെന്ന് റയന്‍ എയര്‍ അധികൃതര്‍ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ കൂടുമ്പോഴും നിയന്ത്രണ വിധേയമാക്കാന്‍ ഒരു നടപടിയും എയര്‍പോര്‍ട്ട് അധികൃരതില്‍ നിന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് റയന്‍ എയര്‍ അധികൃതര്‍ ചൂണ്ടികാണിച്ചു.

Tags:    

Similar News