തിരുവനന്തപുരം: പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്ക് വെള്ളിയാഴ്ച നിര്‍ണ്ണായകം. മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും ശാസന കിട്ടിയ പിവി അന്‍വര്‍ എംഎല്‍എ പുതിയ നീക്കത്തില്‍. എഡിജിപി എം.ആര്‍ അജിത് കുമാര്‍, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി എന്നിവര്‍ക്കെതിരെ ഉന്നയിച്ച ഗുരുതര ആരോപണങ്ങളില്‍ പി വി അന്‍വര്‍ പാര്‍ട്ടിക്ക് പരാതി നല്‍കും. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ നേരിട്ടുകണ്ട് പരാതി നല്‍കും.

മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പ് സംസ്ഥാന സെക്രട്ടറിക്ക് നല്‍കാനാണ് കൂടിക്കാഴ്ച. മുഖ്യമന്ത്രി സമഗ്രമായ അന്വേഷണം ഉറപ്പുനല്‍കിയെന്നും പാര്‍ട്ടി സംഘടനാ തലത്തില്‍ പ്രശ്‌നം പരിശോധിക്കണമെന്നും അന്‍വര്‍ ആവശ്യപ്പെടും. പി ശശി സൂപ്പര്‍ മുഖ്യമന്ത്രി ചമയുന്നുവെന്ന പരാതി ഏറെക്കാലമായി സിപിഎമ്മിന് അകത്തുണ്ട്. ശശിയെ തളയ്ക്കാന്‍ ഗോവിന്ദനും ആഗ്രഹമുണ്ട്. അന്‍വറിന്റെ പരാതി വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ അറിയിക്കും. ഈ സെക്രട്ടറിയേറ്റിലെ തീരുമാനം അതിനിര്‍ണ്ണായകമാകും. എഡിജിപിക്കെതിരെ നടപടി എടുക്കേണ്ടത് സര്‍ക്കാരാണ്. എന്നാല്‍ ശശിയെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിച്ചത് പാര്‍ട്ടിയും. അതുകൊണ്ട് തന്നെ അന്‍വര്‍ ഉന്നയിക്കുന്ന ആരോപണങ്ങളിലെ ഗുരുതര സ്വഭാവം പരിഗണിച്ച് ശശിയെ പൊളിറ്റിക്കല്‍ സെക്രട്ടറി പദത്തില്‍ നിന്നും മാറ്റാന്‍ സിപിഎം നേതൃത്വത്തിന് കഴിയും. ഇതിന് വേണ്ടി കൂടിയാണ് അന്‍വര്‍ പാര്‍ട്ടി സെക്രട്ടറിയ്ക്ക് കത്ത് നല്‍കുന്നത്.

ഒരുദിവസം മുഴുവന്‍ നീണ്ട നാടകീയതയ്ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ എഡിജിപി എം.ആര്‍. അജിത്കുമാറിനെ ക്രമസമാധാനച്ചുമതലയില്‍ നിലനിര്‍ത്തിയതു മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനമാണ്. സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് കടുത്ത വിയോജിപ്പ് അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. ഇത് സിപിഎം നേതൃത്വത്തേയും ഞെട്ടിച്ചു. ആരോപണങ്ങള്‍ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി വഴി മുഖ്യമന്ത്രിയിലേക്കുതന്നെ എത്തുമെന്ന സാഹചര്യം പോലും ചര്‍ച്ചയായി. അതുകൊണ്ടാണ് അജിത് കുമാറിനെ രക്ഷിച്ചതെന്ന ആരോപണം ശക്തമാണ്. അതുകൊണ്ട് തന്നെ പാര്‍ട്ടി ഇക്കാര്യത്തില്‍ എടുക്കുന്ന നിലപാട് നിര്‍ണ്ണായകമാകും.

എസ്പി എസ്.സുജിത്ദാസിനെതിരെ അന്‍വര്‍ ഉന്നയിച്ച ആരോപണം ഗൗരവമേറിയതാണെന്നും ഉടന്‍ സസ്‌പെന്‍ഡ് ചെയ്യണമെന്നും ഇതെക്കുറിച്ച് അന്വേഷിച്ച തിരുവനന്തപുരം റേഞ്ച് ഡിഐജി അജിത ബീഗം തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വൈകിട്ട് ആറോടെ ഡിജിപിയെ മുഖ്യമന്ത്രി വിളിപ്പിച്ചു. ആരോപണങ്ങള്‍ മുതിര്‍ന്ന ഡിജിപിയായ ഫയര്‍ ഫോഴ്‌സ് മേധാവി കെ.പത്മകുമാര്‍ അന്വേഷിക്കട്ടെ എന്നതായിരുന്നു പൊലീസ് തലപ്പത്തെ ധാരണ. ദര്‍വേഷ് സാഹിബ് അന്വേഷിക്കണമെന്ന നിലപാടിലായി മുഖ്യമന്ത്രി. അങ്ങനെയെങ്കില്‍ അന്വേഷണം പൂര്‍ത്തിയാകുംവരെ അജിത്തിനെ മാറ്റിനിര്‍ത്തണമെന്ന ഡിജിപിയുടെ നിര്‍ദേശം മുമ്പോട്ട് വച്ചു. പരിഗണിക്കാമെന്ന് ആദ്യം പറഞ്ഞ മുഖ്യമന്ത്രി പിന്നീട് എല്ലാ തീരുമാനവും മാറ്റി.

സുജിത്തിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ സര്‍ക്കാര്‍ തയാറായിരുന്നു. പിന്നീട് അതും മാറ്റി. ഇതോടെ അന്‍വര്‍ പ്രകോപിതനായി. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട അന്‍വര്‍ അതൃപ്തി അറിയിച്ചെങ്കിലും ഒന്നും പിണറായി അംഗീകരിച്ചില്ല. പരസ്യ വിമര്‍ശനത്തിനെതിരെ എംഎല്‍എയെ കടന്നാക്രമിച്ചു. ഇതോടെ സെക്രട്ടറിയേറ്റില്‍ നിന്ന് നിരാശനായി അന്‍വര്‍ മടങ്ങി. അന്‍വറിന് സിപിഎമ്മിലെ ചിലരുടെ പിന്തുണയുണ്ടെന്ന വിലയിരുത്തല്‍ വ്യാപകമാണ്. ഇതിനിടെയാണ് പാര്‍ട്ടി സെക്രട്ടറിയ്കക്് പരാതി നല്‍കുന്നത്. ഇതിനെ ഗൗരവത്തില്‍ ഗോവിന്ദന്‍ എടുക്കും.

അതിനിടെ എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക സംഘത്തിന്റെ ആദ്യ യോഗം ഇന്ന് ചേരും. ഡിജിപി ഷേക്ക് ദര്‍വേസ് സാഹിബിന്റെ നേതൃത്വത്തിലാണ് യോഗം. കഴിഞ്ഞദിവസം പി വി അന്‍വര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയും അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്. ഡിജിപിയുടെ കീഴില്‍ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 4 ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിലുള്ളത്. ഈ സംഘത്തിന് ഉന്നത ഉദ്യോഗസ്ഥനെതിരെ എങ്ങനെ അന്വേഷണം നടത്താന്‍ കഴിയുമെന്ന ചോദ്യം സജീവ ചര്‍ച്ചകളിലുണ്ട്.