തിരുവനന്തപുരം : കെ.ടി.ഡി.സി ചെയര്‍മാനും സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവുമായ പി കെ ശശിക്കെതിരെ സിപിഎം അന്വേഷണ കമ്മീഷന്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍. പാ4ട്ടി ഫണ്ടില്‍ നിന്നും ലക്ഷങ്ങള്‍ ശശി തിരിമറി ചെയ്ത് സ്വന്തം അക്കൌണ്ടിലേക്ക് മാറ്റിയെന്നാണ് അന്വേഷണത്തിലെ പ്രധാന കണ്ടെത്തല്‍. ശശിയ്‌ക്കെതിരെ നിര്‍ണ്ണായ പരാമര്‍ശങ്ങളും റിപ്പോര്‍ട്ടിലുണ്ട്. പാലക്കാട്ടെ പിണറായി പക്ഷത്തിന് വലിയ തിരിച്ചടിയാണ് ശശിയുടെ പുറത്താക്കല്‍. പാര്‍ട്ടി സമ്മേളനത്തിന് മുമ്പാണ് ഇതെന്നതും നിര്‍ണ്ണായകമാണ്.

സിപിഎം പാര്‍ട്ടി ഓഫീസ് നിര്‍മ്മാണ ഫണ്ടില്‍ നിന്ന് 10 ലക്ഷവും ജില്ലാ സമ്മേളനം ഫണ്ടില്‍ നിന്ന് 10 ലക്ഷവുമാണ് പികെ ശശി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത്. ശശിയുടേത് കമ്മ്യൂണിസ്റ്റ് ജീവിതശൈലിയല്ലെന്നും കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു. എന്‍ എന്‍ കൃഷ്ണദാസ് ഒഴികെ എല്ലാവരും ശശിയെ കൈവിട്ടതോടെയാണ് നടപടിയിലേക്ക് എത്തിയത്. മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്നു ശശി. ശശിക്കെതിരെ അന്വേഷണം നടത്തിയത് മുഖ്യമന്ത്രിയുടെ മുന്‍ പൊളിട്ടിക്കല്‍ സെക്രട്ടറിയായ പുത്തലത്ത് ദിനേശനും. എന്നിട്ടും ശശിയെ രക്ഷിച്ചെടുക്കാന്‍ പിണറായിയ്ക്ക് കഴിഞ്ഞില്ല. ഒരുകാലത്ത് വിഎസ് അച്യുതാനന്ദന്റെ വിശ്വസ്തനായ കൃഷ്ണദാസ് മാത്രമാണ് പികെ ശശിയെ അനുകൂലിച്ചതെന്നതും യാദൃശ്ചികതയായി.

പാര്‍ട്ടിസമ്മേളനത്തിന്റെ പണപ്പിരിവിന്റെ കണക്ക് അവതരിപ്പിച്ചില്ല, സഹകരണ സ്ഥാപനത്തെക്കൊണ്ട് വിദ്യാഭ്യാസസ്ഥാപനത്തിന്റെ ഓഹരിയെടുപ്പിച്ചു തുടങ്ങിയ ആരോപണങ്ങളാണ് പി.കെ. ശശിക്കെതിരേ എതിര്‍വിഭാഗം ഉയര്‍ത്തിയത്. അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളില്‍ നിന്നും ശശിയെ ഒഴിവാക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചിരുന്നു. ഇനി പ്രാഥമിക അംഗത്വം മാത്രമായിരിക്കും ഉണ്ടാവുക. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ നടപടി റിപ്പോര്‍ട്ട് ചെയ്തു. ശശിക്കെതിരെ നടപടി ഉറപ്പിക്കാനാണ് ഗോവിന്ദന്‍ നേരിട്ടെത്തിയത്. പാലക്കാട്ട് സിപിഎമ്മില്‍ ശശിയുടെ സ്വാധീനം ഇല്ലാതാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിട്ടത്.

ഔദ്യോഗിക പദവി ദുര്‍വിനിയോഗം ചെയ്ത് ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയില്‍ കഴമ്പുണ്ടെന്ന പുത്തലത്ത് ദിനേശന്റെ അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചാണ് എല്ലാ നടപടികളും. ശശിക്ക് ഭൂരിപക്ഷമുള്ള മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി പിരിച്ചുവിട്ടു. ഇതും പിണറായി പക്ഷത്തിന് കനത്ത തിരിച്ചടിയായി. ശശിയ്ക്ക് അപ്പുറത്തേക്ക് നടപടി കടന്നത് ഏവരേയും ഞെട്ടിക്കുകയും ചെയ്തു. കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും ശശിയെ മാറ്റുമെന്നും ഗോവിന്ദന്‍ നേതാക്കളെ അറിയിച്ചിട്ടുണ്ട്. ഇതോടെ എല്ലാ അര്‍ത്ഥത്തിലും ശശിയ്ക്ക് പ്രസക്തിയില്ലാതെയാകും. മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായിരുന്നു ശശി. അതുകൊണ്ടാണ് വിവിധ ആരോപണമുയര്‍ന്നിട്ടും കെടിഡിസി തന്നെ ശശിയ്ക്ക് നല്‍കിയത്. തന്റെ ആളാണ് ശശിയെന്ന സന്ദേശം നല്‍കാനായിരുന്നു ഇത്.

അത്തരത്തില്‍ പാലക്കാട്ട് പിണറായിയുടെ 'വലതു കൈ' എന്ന് ഏവരും കരുതിയ നേതാവായിരുന്നു ശശി. ഈ നേതാവിനെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വെട്ടിയൊതുക്കുന്നത്. കെടിഡിസിയില്‍ നിന്നും ശശിയെ മാറ്റുമെന്ന് ഗോവിന്ദന്‍ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ശശി തന്നെ ആ സ്ഥാനം രാജിവയ്ക്കും. ഇതോടെ സര്‍ക്കാര്‍ കാറിലെ യാത്രയും ശശിയ്ക്ക് അന്യമാകും.

പി കെ ശശി അദ്ധ്യക്ഷനായ യൂണിവേഴ്സല്‍ കോളേജ് നിയമനത്തിലും ക്രമക്കേടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് വിവരം.
സി.പി.എമ്മില്‍ ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് തുടക്കമിടുന്നതിന് ആഴ്ചകള്‍മാത്രം ശേഷിക്കേ, മുന്‍ എം.എല്‍.എ. പി.കെ. ശശിക്കെതിരേയും മണ്ണാര്‍ക്കാട് ഏരിയാകമ്മിറ്റിക്കെതിരേയും സ്വീകരിച്ച നടപടികള്‍ അത്യപൂര്‍വമാണ്. അടുത്ത സമ്മേളനത്തില്‍ പി.കെ. ശശി മത്സരിച്ച് കയറിവരാനുള്ള വാതിലുകള്‍ എല്ലാം കൃത്യമായി അടച്ചിടുന്നതാണ് നടപടി.

കഴിഞ്ഞ ആറുവര്‍ഷത്തിനിടെ ഇത് മൂന്നാംതവണയാണ് പി.കെ. ശശിക്കെതിരേ പാര്‍ട്ടി നടപടിയുണ്ടാവുന്നത്. ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകയുടെ പരാതിയെത്തുടര്‍ന്ന് ആറുമാസത്തേക്ക് സസ്‌പെന്‍ഷനിലായിരുന്ന ശശി സസ്‌പെന്‍ഷന്‍ കാലാവധിക്കുശേഷം ജില്ലാകമ്മിറ്റിയിലും തുടര്‍ന്ന് സെക്രട്ടേറിയറ്റിലും തിരിച്ചെത്തിയിരുന്നു. പിന്നീട് ജില്ലാസെക്രട്ടേറിയറ്റില്‍നിന്ന് ജില്ലാകമ്മിറ്റിയിലേക്ക് തരംതാഴ്ത്തപ്പെട്ടിരുന്നു. ഇത്തവണ നടപടി വരുന്നത് സമ്മേളനക്കാലത്തിന് തൊട്ടുമുമ്പാണ്. നടപടി നേരിടുന്നവര്‍ തൊട്ടടുത്ത സമ്മേളനത്തില്‍ മത്സരിക്കാന്‍ അനുവദിക്കേണ്ടതില്ലെന്ന നേതൃത്വത്തിന്റെ കഴിഞ്ഞ സമ്മേളനത്തിലെ നിര്‍ദേശം പി.കെ. ശശിയെ പ്രതികൂലമായി ബാധിച്ചേക്കും.

പി.കെ. ശശി പാര്‍ട്ടിയുടെ പ്രാഥമിക അംഗം മാത്രമായി മാറുന്നതോടെ മണ്ണാര്‍ക്കാട്ട് ഏരിയയിലെ അദ്ദേഹത്തിന്റെ അപ്രമാദിത്വത്തിന് കടിഞ്ഞാണിടാന്‍ നേതൃത്വത്തിനാവും. പി.കെ. ശശി പ്രവര്‍ത്തിക്കേണ്ട ബ്രാഞ്ച് കമ്മിറ്റി സ്വാഭാവികമായും അദ്ദേഹത്തിന്റെ വീട് നില്‍ക്കുന്ന ശ്രീകൃഷ്ണപുരം മേഖലയിലേക്ക് മാറുകയും ചെയ്യാം. ജില്ലാസെക്രട്ടേറിയറ്റ് അംഗം ടി.എം. ശശിക്ക് മണ്ണാര്‍ക്കാട് ഏരിയാകമ്മിറ്റിയുടെ ചുമതല നല്‍കിയതിലൂടെ അടുത്ത സമ്മേളനക്കാലം നിയന്ത്രിക്കുന്നത് ജില്ലാനേതൃത്വം നേരിട്ടാവുമെന്നും ഉറപ്പായി.