- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാപ്പിൽനിന്നെടുക്കുന്ന കള്ളു പരിശോധനയിൽ ആനമയക്കി കണ്ടെത്തും; സർക്കാർ ലാബിലതു വെറും വെള്ളമാകും; എക്സൈസിന്റെ മൊബൈൽ ലാബ് സംവിധാനം മദ്യ ലോബി അട്ടിമറിക്കുന്നു
കൊച്ചി; കേരളത്തിലെ ബാറുകൾ പൂട്ടിയശേഷം കോളടിച്ചത് കള്ളുഷാപ്പുകൾക്കാണ്. വൻ ലാഭം കൊയ്യുന്ന കേരളത്തിലെ ഷാപ്പുകളിൽ ആനമയക്കി സുലഭമാണെന്ന ആക്ഷേപം പണ്ടുമുതൽക്കേ കേൾക്കുന്നതുമാണ്. എന്നാൽ ആനമയക്കി പിടിക്കാൻ എക്‌സൈസ് വകുപ്പ് ഏർപ്പെടുത്തിയ മൊബൈൽ ലാബ് സംവിധാനം വ്യാജമദ്യലോബി അട്ടിമറിക്കുകയാണിപ്പോൾ. ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്
കൊച്ചി; കേരളത്തിലെ ബാറുകൾ പൂട്ടിയശേഷം കോളടിച്ചത് കള്ളുഷാപ്പുകൾക്കാണ്. വൻ ലാഭം കൊയ്യുന്ന കേരളത്തിലെ ഷാപ്പുകളിൽ ആനമയക്കി സുലഭമാണെന്ന ആക്ഷേപം പണ്ടുമുതൽക്കേ കേൾക്കുന്നതുമാണ്.
എന്നാൽ ആനമയക്കി പിടിക്കാൻ എക്‌സൈസ് വകുപ്പ് ഏർപ്പെടുത്തിയ മൊബൈൽ ലാബ് സംവിധാനം വ്യാജമദ്യലോബി അട്ടിമറിക്കുകയാണിപ്പോൾ. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന ക്ലോറൽ ഹൈഡ്രേറ്റിന്റെ (ആനമയക്കി) സാന്നിധ്യം സംസ്ഥാനത്തെ വിവിധകള്ളുഷാപ്പുകളിൽ മൊബൈൽ ലാബുകളിൽ നടത്തിയ പരിശോധനകളിൽ കണ്ടെത്തിയിരുന്നു. പക്ഷെ ഈ പരിശോധനക്ക് നിയമസാധുത ഇല്ല. അതിനാൽ പിടിച്ചെടുത്ത അതേ സാമ്പിളുകൾ സർക്കാരിന്റെ കെമിക്കൽ ലാബുകളിലേക്കയച്ചാലാകട്ടെ, ആനമയക്കിയുടെ അംശം കണ്ടെത്തുകയില്ല.
പരിശോധനയ്ക്കായി സർക്കാർ ലാബുകളിലേക്ക് കള്ളിന്റെ സാമ്പിൾ അയയ്ക്കുമ്പോൾ ആനമയക്കി വെറും വെള്ളമായി മാറുന്നതായാണ് ആക്ഷേപം. വ്യാജമദ്യ ലോബി പരിശോധന അട്ടിമറിക്കുന്നതാണു കാരണം. ഏതു ഘട്ടത്തിലാണ് ആനമയക്കി വെള്ളമായി മാറുന്നതെന്നുമാത്രം അറിയില്ല. ഇൗ പ്രശ്‌നം ശരിവയ്ക്കുന്ന വിവരാവകാശ രേഖകൾ പുറത്തുവന്നു. കള്ളുഷാപ്പുകളിലെ പരിശോധനകളിൽ ക്ലോറൽ ഹൈഡ്രേറ്റിന്റെ അംശം മൊബൈൽ ലാബ് സംവിധാനത്തിൽ കണ്ടെത്തിയെന്നും എന്നാൽ തുടർ ലാബ് പരിശോധനകളിൽ ഇതിന്റെ സാന്നിധ്യം കണ്ടെത്തിയില്ലെന്നുമാണ് വിവരാവകാശരേഖകൾ പറയുന്നത്.
സംസ്ഥാനത്തെ അഞ്ചു റേഞ്ചുകളിലാണ് ആനമയക്കിയുടെ സാന്നിധ്യം മൊബൈൽ ലാബ് പരിശോധനയിൽ കണ്ടെത്തിയത്. മഞ്ചേരി റേഞ്ചിലെ നെല്ലിപ്പറമ്പ്, പട്ടിക്കാട്, പാതാക്കര, കൊല്ലം റേഞ്ചിലെ മണലിക്കട, കായംകുളം റേഞ്ചിലെ പുതുപ്പള്ളി, കുട്ടനാട് റേഞ്ചിലെ അരൂർ മുക്കം എന്നി കള്ളു ഷാപ്പുകളിലാണ് അടുത്തിടെ മൊബൈൽ ലാബ് നടത്തിയ പരിശോധനയിൽ വ്യാപകമായി ക്ലോറൽ ഹൈഡ്രേറ്റ് കലർത്തിയുള്ള കള്ളു വിൽപ്പന കണ്ടെത്തിയത് എന്നാൽ തുടർപരിശോധനകൾക്കായി തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം റീജണൽ കെമിക്കൽ ലാബുകളിലേക്കയച്ച ഇതേ കള്ളിന്റെ പരിശോധനാഫലം നെഗറ്റീവും ആണ്.
ബാറുകളിൽ സാധാരണമദ്യം ഇല്ലാതാവുകയും ബിയറും വൈനും മാത്രം ലഭ്യമാവുകയും ചെയ്യുമ്പോൾ സംസ്ഥാനത്തെ ഭൂരിഭാഗം കേരളത്തിലെ കള്ളുഷാപ്പുകളിൽ ആനമയക്കി വീണ്ടും സജിവമാവുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് വകുപ്പ് ഏർപ്പെടുത്തിയ മൊബൈൽ ലാബുകൾസംശയമുള്ള കള്ളുഷാപ്പുകൾ റെയ്ഡ് നടത്തിയത്
എക്‌സൈസ് വകുപ്പിന് കേരളത്തിൽ മുഴുവനായി പരിശോധന നടത്താൻ ഒരു മൊബൈൽ ലാബ് മാത്രമാണുള്ളത്. സംസ്ഥാനത്തുടനീളം പരിശോധന നടത്തുന്നുണ്ടെങ്കിലും മൊബൈൽ ലാബിന്റെ പരിശോധനാ ഫലത്തിന് അംഗീകാരമില്ല. അതിനാലാണ് കെമിക്കൽ ലാബുകളിലേക്കു സാമ്പിൾ അയയ്ക്കുന്നത്. അതാകട്ടെ ഇങ്ങനെ അട്ടിമറിക്കപ്പെടുകയും ചെയ്യുന്നു. പരിശോധന നടത്താൻ ഒരേയൊരു മൊബൈൽ ലാബും കള്ളു വിണ്ടും പരിശോധിക്കാൻ വിണ്ടും പണം കൊടുത്തു അംഗീകാരമുള്ള ലാബ് എന്നത് അശാസ്ത്രിയമായ കാര്യമാണ്. എറണാകുളം പള്ളിക്കര, കരിമുകൾ ഷാപ്പുകളിൽ വിൽപനയോഗ്യമല്ലാത്ത കള്ള് കണ്ടെത്തിയിരുന്നു.
പക്ഷെ റീജണൽ ലാബിലെ ഫലം നെഗറ്റീവ് ആയതോടെ ഇവർക്കെതിരെ നടപടി എടുക്കാൻ എക്‌സൈസ് വകുപ്പിനാകുന്നില്ല. ആനമയക്കി കർശന നിയന്ത്രണങ്ങളോടെ വിൽക്കേണ്ട തരം മരുന്നാണ്. ഇത്തരം രാസവസ്തുക്കൾ വാങ്ങുന്നതും വിൽക്കുന്നതും ലൈസൻസുള്ളവരാകണമെന്നും ഇവ പ്രത്യേക അലമാരയിൽ സൂക്ഷിക്കണമെന്നും വിദ്യാഭ്യാസമുള്ള ഒരു സ്‌റ്റോർ കീപ്പറുണ്ടായിരിക്കണമെന്നും ഇവയുടെ വിൽപനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രത്യേക രജിസ്റ്ററിൽ ചേർക്കണമെന്നുമൊക്കെ വ്യവസ്ഥയുണ്ട്.
പക്ഷെ ഇത്തരം നിയന്ത്രണങ്ങൾ കാറ്റിൽ പറത്തിയാണ് സംസ്ഥാനവ്യാപകമായി ഇത് വിൽക്കുന്നതും ഉപയോഗിക്കുന്നതും. ഷെഡ്യൂൾ ഒന്നിൽപ്പെടുത്തി അതീവ സുരക്ഷയോടെ സൂക്ഷിക്കേണ്ടതും കർശന ഉപാധികളോടെ മാത്രം വിതരണം ചെയ്യേണ്ടതുമായ ക്ലോറൽ ഹൈഡ്രേറ്റ് വിതരണം സംസ്ഥാനത്ത് വ്യാപകമാണെന്ന് എക്‌സൈസ് ഇന്റലിജൻസ് നേരത്തേ മുന്നറിയിപ്പു നൽകിയിരുന്നു. 1996 ൽ ചാരായ നിരോധനത്തെത്തുടർന്ന് ആനമയക്കി വ്യാപകമായെങ്കിലും കൂടുതൽ ബാറുകൾ അനുവദിച്ചതോടെ കുറഞ്ഞിരുന്നു.
മദ്യത്തേക്കാൾ ആസക്തി കൂടിയ ലഹരിയാണ് ക്ലോറൽ ഹൈഡ്രേറ്റിന്റേത്. ഷാപ്പിൽ മറ്റു ലഹരിപാനീയങ്ങൾ പിടികൂടിയാൽ ലൈസൻസ് ലംഘനമായാണ് പരിഗണിക്കുന്നത്. ലൈസൻസികൾക്കെതിരെ 25,000 രൂപ വരെ പിഴ ഈടാക്കാൻ വ്യവസ്ഥയുണ്ട്. ഈ നിയമങ്ങളെല്ലാം കാറ്റിൽപറത്തിയാണ് ആനമയക്കിയുടെ പരസ്യമായ വിപണനം. ഒപ്പം ടെസ്റ്റിങ് ലാബിൽ കണ്ടെത്തുന്ന മായം എന്തുകൊണ്ട് നിയമത്തിനും സർക്കാറിനും വിശ്വാസമുള്ള ലാബുകളിൽ കണ്ടെത്തുന്നില്ല എന്നത് അന്വേഷിക്കണ്ട വിഷയമാണ്.