ഭോപാൽ : മധ്യപ്രദേശിലെ 'വ്യാപം' അഴിമതി പുറത്തുകൊണ്ടുവന്ന വിവരാവകാശ പ്രവർത്തകൻ ഡോ. ആനന്ദ് റായിയെ പുതിയൊരു അഴിമതി പുറത്തുകൊണ്ടുവരുന്നതിനിടെ അറസ്റ്റ് ചെയ്തു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു സുപ്രീം കോടതിയിൽ ഹർജി നൽകാനെത്തിയ റായിയെ ഡൽഹിയിലെ ഹോട്ടലിൽ നിന്നാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഹർജി നാളെ പരിഗണിക്കാനിരിക്കെയാണു നടപടി.

മുഖ്യമന്ത്രിയുടെ ഓഫിസിലെ ഡപ്യൂട്ടി സെക്രട്ടറി ലക്ഷ്മൺ സിങ് മാർകം നൽകിയ പരാതിയുടെ പേരിലാണു നടപടി. അതിനു മുൻപ് അനധികൃതമായി ലീവെടുത്തെന്ന പേരിൽ അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തു. ഇൻഡോറിലെ ഹുക്കുംചന്ദ് ആശുപത്രിയിൽ നേത്രരോഗ വിദഗ്ധനാണ് ഡോ. റായി.

മാർച്ച് 25നു നടന്ന മധ്യപ്രദേശ് ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റിന്റെ (ടെറ്റ്) ചോദ്യപ്പേപ്പർ ചോർന്നതായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ലക്ഷ്മൺ സിങ്ങിന്റെ പേരും അടങ്ങുന്ന ദൃശ്യം ഡോ. റായി പങ്കുവച്ചിരുന്നു.

ഇതു കൃത്രിമമായി ഉണ്ടാക്കിയതാണെന്ന പരാതിയിൽ റായിയുടെയും സംസ്ഥാന കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.കെ. മിശ്രയുടെയും പേരിൽ പൊലീസ് കേസെടുത്തിരുന്നു. കേസ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളിയതിനെത്തുടർന്നാണ് റായി സുപ്രീം കോടതിയെ സമീപിച്ചത്. വ്യാപം (വ്യാവസായിക് പരീക്ഷാ മണ്ഡൽ) ആണ് ഇപ്പോൾ ടെറ്റ് ആയത്.

മെഡിക്കൽ, എൻജിനീയറിങ്, മറ്റു പ്രഫഷനൽ കോഴ്‌സുകൾ, വിവിധ തസ്തികകൾ എന്നിവയിലേക്കുള്ള പ്രവേശനവും നിയമനവും നടത്തുന്നതിൽ മധ്യപ്രദേശ് വ്യാവസായിക് പരീക്ഷാ മണ്ഡൽ (വ്യാപം) നടത്തിയ അഴിമതി സംസ്ഥാനത്തെ പിടിച്ചുകുലുക്കിയിരുന്നു. 2013 ഓഗസ്റ്റിലായിരുന്നു സംഭവം. 2015 ജൂൺ വരെ രണ്ടായിരത്തിലേറെ പ്രതികളെ അറസ്റ്റ് ചെയ്തു.

മുൻ വിദ്യാഭ്യാസമന്ത്രി ലക്ഷ്മികാന്ത് ശർമ ഉൾപ്പെടെ പിടിയിലായി. 2015 ജൂലൈയിൽ സുപ്രീംകോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. കേസുമായി ബന്ധപ്പെട്ട നാൽപതിലേറെപ്പേർ ദുരൂഹസാഹചര്യത്തിൽ മരിച്ചു. കേസിൽ 2 പേർക്കു സിബിഐ കോടതി 7 വർഷം കഠിനതടവ് വിധിച്ചു.