പത്തനംതിട്ട: കോന്നി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ പരീക്ഷാ ഹാളുകളിലൊന്നിൽ ഇന്നലെ അനശ്വരയെന്ന പെൺകുട്ടി ഇന്നലെ മറികടന്നത് വലിയൊരു ജീവിത പരീക്ഷയാണ്. ഓർമകൾ വേദനയായി മനസ്സിൽ തിരി നീട്ടുമ്പോഴൊക്കെ വിങ്ങിപ്പൊട്ടിയെങ്കിലും, പിന്നെ കണ്ണുനീർ തുടച്ച് എസ്എസ്എൽസി പരീക്ഷ എഴുതുകയായിരുന്നു അനശ്വര പ്രകാശ്. വെള്ളിയാഴ്ച തന്റെ കൈകളിൽ വീണ് പിടഞ്ഞു മരിച്ച അമ്മയുടെ വേർപാടിന്റെ വേദന നെഞ്ചേറ്റിയാണ് ഈ പെൺകുട്ടി ഇന്നലെ പത്താംക്‌ളാസ് പരീക്ഷ എഴുതിയത്.

അനശ്വരയുടെ അമ്മ, തേക്കുതോട് മൂർത്തിമൺ കരിമ്പനയ്ക്കൽ പിജി പ്രശാന്തിന്റെ ഭാര്യ ഷൈലജ (39) വെള്ളിയാഴ്ചയാണ് മരിച്ചത്. അന്ന് പരീക്ഷ ഇല്ലാതിരുന്നതിനാൽ ചിറ്റാറിലുള്ള ബന്ധുവിന്റെ വിവാഹത്തിന് ഷൈലജയും അനശ്വരയും പോയിരുന്നു. അവിടെ സുഹൃത്തിന്റെ വീട്ടിൽ കയറിയ ശേഷം മടങ്ങുമ്പോഴാണ് ഷൈലജ തളർന്നു വീണത്. താഴേക്ക് വീഴാനൊരുങ്ങിയ അമ്മയെ താങ്ങിപ്പിടിച്ച് മടിയിൽ കിടത്തിയത് അനശ്വരയാണ്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അമ്മയുടെ വേർപാടിൽ ഞെട്ടിത്തരിച്ച് ഇനി തനിക്ക് പരീക്ഷയെഴുതാൻ കഴിയില്ലെന്ന് കരുതി നിന്ന ആ പെൺകുട്ടിയെ പരീക്ഷ എഴുതിക്കാനും പ്രചോദനം നൽകാനും സ്‌കൂളിൽ നിന്ന് പ്രധാന അദ്ധ്യാപിക ശ്രീലത അടക്കമുള്ളവർ നേരിട്ടെത്തി. ദുഃഖത്തിൽ പങ്കു ചേർന്ന്, പരീക്ഷയുടെ പ്രാധാന്യം പറഞ്ഞ് മനസിലാക്കി അദ്ധ്യാപകർ മടങ്ങി.

ഒടുവിൽ സങ്കടം കടിച്ചമർത്തി ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ അനശ്വര പരീക്ഷാഹാളിലെത്തി. ഖത്തറിൽ ഡ്രൈവർ ആയ പിതാവ് പ്രശാന്തും ഇന്നലെ മകൾക്കൊപ്പം സ്‌കൂളിൽ എത്തിയിരുന്നു. തേക്കുതോട് മൂർത്തിമണിലാണ് കുടുംബം എങ്കിലും പഠനസൗകര്യാർഥം അച്ഛന്റെ സ്ഥലമായ വകയാറിലാണ് അനശ്വര നിന്ന് പഠിക്കുന്നത്. ഷൈലജയുടെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം നടക്കും.