കഴക്കൂട്ടം: എന്തുപ്രശ്‌നമുണ്ടായാലും അതിന് പരിഹാരക്രിയയുണ്ടെന്ന് വിശ്വസിപ്പിക്കും അസനാര് പിള്ള. അങ്ങനെ ആ മോഹവാക്കുകളിൽ വീണുപോയാൽ പെട്ടതുതന്നെ. പോക്കറ്റിലുള്ള കാശ് മന്ത്രവാദങ്ങളിലൂടെ ചോർത്തിയെടുക്കും. കാശ് മാത്രമല്ല, മാനംപോലും ഒരുപക്ഷെ നഷ്ടപ്പെടും.

മന്ത്രവാദത്തിനിടെ യുവതിയെ കടന്നുപിടിക്കുകയും ചോദ്യം ചെയ്ത അമ്മുമ്മയെ അടിച്ചുവീഴ്‌ത്തുകയും ചെയ്ത കേസിൽ പൊലീസ് പിടിയിലായ കണിയാപുരം കൈപ്പള്ളിൽ മുക്ക് സ്വദേശി അസനാര് പിള്ള (65) ആള് ചില്ലറക്കാരനല്ല. തട്ടിപ്പിന്റെ ഉസ്താദാണ്. വിവാഹ ദോഷം മാറ്റാൻ മന്ത്രവാദിയെ കാണാനെത്തിയ പെൺകുട്ടിക്കും മുത്തശ്ശിക്കും നേരെയുണ്ടായ അക്രമത്തിൽ കഴിഞ്ഞ ദിവസമാണ് ഇയാൾ അറസ്റ്റിലായത്. അതോടെ കണിയാപുരം ചിറ്റാറ്റുമുക്ക് മലമേൽപ്പറമ്പ് കേന്ദ്രീകരിച്ച് വർഷങ്ങളായി നടന്നുവന്ന മന്ത്രവാദത്തട്ടിപ്പിനാണ് വിരാമമായത്.

ചാരിറ്റബിൾ ട്രസ്റ്റായി വർഷങ്ങൾക്ക് മുമ്പ് രജിസ്റ്റർ ചെയ്ത ഒരു സ്ഥാപനത്തിന്റെ ട്രസ്റ്റിയുടെ സഹായിയായാണ് രണ്ടര വർഷം മുമ്പ് ചാ?ന്നാ?ങ്കര വൈവള്ളിൽവീട്ടിൽ നിന്ന് അസനാര് രംഗപ്രവേശം ചെയ്തത്. ഗൾഫിലായിരുന്ന അസൈനാര് പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ വന്നശേഷമാണ് റിട്ട. അദ്ധ്യാപകനും പൂർവ്വ പരിചയക്കാരനുമായ ട്രസ്റ്റി മുഖാന്തിരം എത്തിയത്. തുടർന്ന് ചിറ്റാറ്റ് മുക്ക് പോസ്റ്ര് ഓഫീസിന് സമീപം വാടക വീട്ടിലായി താമസം. മത പണ്ഡിതനും ദിവ്യനുമായി അവതരിച്ച അസനാര് തന്റെ ദിവ്യസിദ്ധികളായി ചില കെട്ടുകഥകൾ പ്രചരിപ്പിച്ചു. അതോടെ ആളുകൾ ഇയാളെത്തേടി എത്തിത്തുടങ്ങി. മന്ത്രവാദം, ബാധ ഒഴിപ്പിക്കൽ , പിശാച് , പ്രേതം എന്നിവയെ തളയ്ക്കൽ തുടങ്ങിയ കർമ്മങ്ങളിലൂടെ ആരാധകരേറി.

ആൾദൈവമെന്ന നിലയിൽ കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിൽ പേരും പ്രശസ്തിയും നേടിയ അസനാരെ കാണാൻ നിത്യേന നിരവധിപേരാണ് എത്തിയിരുന്നത്. വിദൂര സ്ഥലങ്ങളിൽ നിന്നുള്ളവരായിരുന്നു ഇവരിലധികവും. രോഗശാന്തിക്കും വിവാഹ തടസം നീങ്ങാനും വാസ്തുദോഷം തീർക്കാനും ബിസിനസിന്റെ വളർച്ചയ്ക്കും വിദേശജോലിക്കും ശത്രുദോഷം ഒഴിക്കാനുമെല്ലാം ഇയാളുടെ പക്കൽ പ്രയോഗങ്ങളുണ്ട്.

വെള്ളം, ഭസ്മം, ചരട്, തകിട് തുടങ്ങിയവ മന്ത്രങ്ങളോതി നൽകി രോഗശാന്തിക്കും പ്രേതദോഷത്തിനും പരിഹാരം നിർദ്ദേശിക്കും. വിദേശയാത്രയ്ക്കും വിവാഹത്തിനുമെല്ലാമുണ്ടാകുന്ന തടസങ്ങൾക്ക് കാരണം ജിന്നിന്റെ കോപവും പ്രേത ബാധയുമൊക്കെയാണെന്ന് ധരിപ്പിക്കും. നിലത്ത് പച്ചനിറത്തിലുള്ള തുണി വിരിച്ചശേഷം അതിലോ അല്ലെങ്കിൽ കസേരയിലോ ഇരുന്ന് വിശ്വാസികളുടെ പ്രശ്‌നങ്ങൾ കേൾക്കുന്ന അസനാര് ദോഷങ്ങളൊഴിക്കുന്നതിനുള്ള ചെലവും മുൻകൂറായി പറയും. അസനാരുടെ വാക് ചാതുര്യത്തിൽ വീണുപോകുന്ന വിശ്വാസികൾ ദോഷപരിഹാരത്തിനായി പറയുന്നതെന്തും ചെയ്യാൻ തയ്യാറാകും. അസനാരെ കാണാനെത്തുന്നവർ ദക്ഷിണയായി വൻതുകകളാണ് നൽകുന്നത്. ഇതിന് പുറമേ നേർച്ചയായി കോഴി, ആട് തുടങ്ങി ഇഷ്ടമുള്ളതെന്തും സമർപ്പിക്കാം. ഇതെല്ലാം കശാപ്പ് ചെയ്ത് ശാപ്പിട്ടും വിറ്റഴിച്ചും കുശാലായി കഴിയുന്നതിനിടെയാണ് പെൺകുട്ടിയോട് മോശമായി പെരുമാറിയതിന് പൊലീസിന്റെ പിടിയിലായത്.

വിവാഹ ദോഷമകറ്റാനായി കല്ലറയിൽ നിന്ന് മാതാവിനും സഹോദരനും അമ്മൂമ്മയ്ക്കുമൊപ്പമെത്തിയ 22 കാരിയെ കടന്നുപിടിച്ചതാണ് അസനാരുടെ കള്ളക്കളികൾ പൊളിയാനിടയാക്കിയത്. കല്ലറയിലുള്ള ഒരു സ്ത്രീയിൽ നിന്ന് അസനാരുടെ ദിവ്യസിദ്ധികൾ കേട്ടറിഞ്ഞ വീട്ടുകാരാണ് ബിരുദധാരിയായ പെൺകുട്ടിയെ ദോഷങ്ങളകറ്റാൻ അസനാരുടെ മുന്നിലെത്തിച്ചത്. മാതാവിന്റെയും അമ്മൂമ്മയുടെയും സഹോദരന്റെയും സാന്നിദ്ധ്യത്തിൽ യുവതിയുമായി സംസാരിച്ച അസനാര് യുവതിയുടെ ശരീരത്തിൽ ഒരു അസാധാരണ ജിന്നുള്ളതായി ധരിപ്പിച്ചു. ജിന്നൊഴിയാതെ വിവാഹവും ജോലിയും സാദ്ധ്യമാകില്ലെന്ന് വെളിപ്പെടുത്തിയശേഷം മറ്റുള്ളവരെ പുറത്ത് നിറുത്തിയശേഷം യുവതിയുമായി മുറിയിൽ കയറി കതകടച്ചു.

ജിന്നൊഴിയുമ്പോൾ നിലവിളിയും ബഹളവും പുറത്ത് കേൾക്കുമെന്നും അത് കേട്ട് ഭയപ്പെടേണ്ട കാര്യമില്ലെന്നും ഇയാൾ ബന്ധുക്കളോട് പറഞ്ഞശേഷമാണ് മുറിക്കുള്ളിൽ കടന്നത്. യുവതിയുടെ തലയിൽ കൈവച്ചശേഷം തുടർന്ന് മുഖത്തും കഴുത്തിലും കൈകളോടിച്ചു. പിന്നീട് കടന്നുപിടിച്ചതോടെ നിലവിളിച്ചുകൊണ്ട് യുവതി പുറത്തേക്കോടി. യുവതി കരയുന്നതിന്റെ കാരണം വീട്ടുകാർ പലതവണ ചോദിച്ചെങ്കിലും ഭയന്നുപോയതിനാൽ ആദ്യം പറയാൻ തയ്യാറായില്ല. ദേഷ്യം വന്ന മുത്തശ്ശി യുവതിയെ അടിച്ചതോടെയാണ് കാര്യങ്ങൾ തുറന്നുപറഞ്ഞത്.

ഉടൻ മുത്തശ്ശി അസനാരുടെ മുന്നിലെത്തി ചോദ്യം ചെയ്തു. അസനാര് മുത്തശ്ശിയെ കരണത്ത് അടിച്ചതോടെ പ്രശ്‌നം രൂക്ഷമായി. ഇവരെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച നാട്ടുകാരിൽ ചിലരും യുവതിയുടെ ബന്ധുക്കളും വിവരം പൊലീസിന് കൈമാറി. കഠിനംകുളം പൊലീസ് അസനാരെ അറസ്റ്റ് ചെയ്തപ്പോഴാണ് മന്ത്രവാദത്തിന്റെ പേരിൽ കാലങ്ങളായി നടന്നുവന്ന തട്ടിപ്പുകൾ പുറത്തായത്. ഇതിന് മുമ്പും ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ അരങ്ങേറിയിട്ടുള്ളതായി പ്രദേശവാസികൾ പൊലീസിനോട് പറഞ്ഞു. റിമാന്റിൽ കഴിയുന്ന അസനാര് പിള്ളയ്‌ക്കെതിരെ കൂടുതൽ പരാതികൾ ലഭിച്ചാൽ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറയുന്നു.