നെല്ലൂർ: ആന്ധ്രാ പ്രദേശിലെ നെല്ലൂർ സ്വദേശിയായ ഈ കർഷകൻ സണ്ണി ലിയോണിന്റെ ഫാൻ ആണോ എന്ന് ചോദിച്ചാൽ അല്ലെന്ന് തന്നെ പറയും. എന്നാൽ പൂത്തുലഞ്ഞ് വിളഞ്ഞു കിടക്കുന്ന തന്റെ പാടത്തെ കാക്കാൻ സണ്ണി ചേച്ചിക്ക് മാത്രമേ കഴിയൂ എന്നാണ് ചെഞ്ചു റെഡ്ഢി എന്ന 45കാരനായ ഈ കർഷകൻ പറയുന്നത്.

പതിവിന് വിപരീതമായ തന്റെ പാടത്ത് ഇറക്കിയ കൃഷി മുഴുവനും പൂത്തുലഞ്ഞതാണ് ചെഞ്ചു റെഡ്ഢിയെ സണ്ണി ചേച്ചിയുടെ ആരാധകനാക്കിയത്. ഇത്രയും അധികം വിളകൾ തന്റെ തോട്ടത്തിൽ ഉണ്ടായപ്പോൾ കണ്ണ് കിട്ടാതിരിക്കാനാണ് ഇയാൾ സണ്ണി ലിയോണിന്റെ ബിക്കിനി ഫോട്ടോ പാടത്ത് സ്ഥാപിച്ചിരിക്കുന്നത്.

കാബേജും ക്വാളി ഫ്‌ളവറും എന്നു വേണ്ട ഇത്തവണ പാടത്ത് ഇറക്കി എല്ലാ സാധനവും പത്തിരട്ടി വിളവാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതോടെയാണ് ദോഷൈക ദൃക്കുകളെ അകറ്റാൻ പാടത്ത് സണ്ണി ലിയോണിന്റെ ഫോട്ടോ വെയ്ക്കാൻ ചെഞ്ചു റെഡ്ഡി തീരുമാനിച്ചത്.

അസൂയക്കാരായ തന്റെ നാട്ടുകാരും വഴിയാത്രക്കാരും ഇതിൽ കണ്ണു വെയ്ക്കാതിരിക്കാനായി സണ്ണിയുടെ ഫോട്ടോ വെയ്ക്കാൻ ഇതോടെ തീരുമാനിച്ചു. അതിന് ഏറ്റവും നല്ല മാർഗം സണ്ണി ലിയോണിന്റെ ബിക്കിനി ഫോട്ടോ വെയ്ക്കുകയാണെന്ന് ചെഞ്ചു റെഡ്ഢി തിരിച്ചറിയുകയായിരുന്നു. ഫോട്ടോയ്ക്ക് ഒരു അടിക്കുറുപ്പും തെലുങ്കിൽ അദ്ദേഹം എഴുതിയിട്ടുണ്ട്. 'ആരും കരയരുതേ, എന്നോട് അസൂയയും അരുതേ എന്നാണ്' അടിക്കുറുപ്പായി എഴുതിയിരിക്കുന്നത്.

എന്തായാലും തന്റെ സൂത്രം ഫലിച്ചു എന്നാണ് ഇയാൾ പറയുന്നത്. തന്റെ പാടത്തേക്ക് നോക്കി വരുന്നവരെല്ലാരും സണ്ണി ചേച്ചിയുടെ ഫ്‌ളക്‌സും കണ്ട് വായും പൊളിച്ച് പോവുകയാണെന്നും അദ്ദേഹം പറയുന്നു. ഇതോടെ ദൈവത്തിന്റെ സ്ഥാനമാണ് ചെഞ്ചു റെഡ്ഡി സണ്ണി ലിയോമിന് നൽകിയിരിക്കുന്നത്.