ഹൈദരാബാദ്: ഉദ്യോ​ഗസ്ഥരെ ഭീഷണിപ്പെടുത്തിയ മന്ത്രിയെ വീട്ടുതടങ്കലിലാക്കാൻ ഉത്തരവിട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ. ആന്ധ്രപ്രദേശ് ഗ്രാമവികസന മന്ത്രി രാമചന്ദ്ര റെഡ്ഡിയാണ് ഫെബ്രുവരി 21 വരെ വീട്ടുതടങ്കലിൽ കഴിയേണ്ടത്. സംസ്ഥാനത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിയുന്നത് വരെയാണ് രാമചന്ദ്ര റെഡ്ഡി വീട്ടുതടങ്കലിൽ കഴിയേണ്ടി വരിക.

മന്ത്രിക്ക് മാധ്യങ്ങളെ കാണാനോ പരസ്യപ്രസ്താവന നടത്താനോ ഇനി അധികാരമില്ല. എന്നാൽ മന്ത്രിയെന്ന നിലയ്ക്ക് ഔദ്യോഗിക കാര്യങ്ങളിൽ ഏർപ്പെടാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി. അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം പാലിക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പാർട്ടിയുടെ നിർദ്ദേശപ്രകാരമാണ് പ്രവർത്തിക്കുന്നതെന്നുമായിരുന്നു നടപടിയെക്കുറിച്ച് മന്ത്രി പ്രതികരിച്ചത്.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ നിമ്മഗഡ രമേഷ് കുമാറാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. രാമചന്ദ്ര റെഡ്ഡി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് നടപടി. സംസ്ഥാനത്ത് പഞ്ചായത്ത് തിരഞ്ഞെടുപ്പ് തീരുന്ന ഫെബ്രുവരി 21 വരെ മന്ത്രിയുടെ വീട് പൊലീസ് നിയന്ത്രണത്തിലായിരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ പൊലീസിന് നിർദ്ദേശം നൽകി.

വെള്ളിയാഴ്ച വൈകുന്നേരമാണ് നടപടിക്ക് ആസ്പദമായ സംഭവം നടന്നത്. സംസ്ഥാനത്തെ ചിറ്റൂർ, ഗുണ്ടൂർ ജില്ലകളിലെ പഞ്ചായത്തുകളിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥികളുടെ ഫലപ്രാഖ്യാപനം അറിയിപ്പ് ഉണ്ടാവുന്നതു വരെ നിർത്തിവെക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടിരുന്നു. എന്നാൽ കമ്മീഷന്റെ നിർദ്ദേശങ്ങൾ പാലിക്കരുതെന്നും അല്ലാത്തവർക്കെതിരെ നടപടി ഉണ്ടാവുമെന്നും പഞ്ചായത്തീരാജ് മന്ത്രി കൂടിയായ രാമചന്ദ്ര റെഡ്ഡി ഉദ്യോഗസ്ഥരെയും ജില്ലാ കളക്ടർമാരേയും റിട്ടേണിങ് ഓഫീസർമാരേയും ഭീഷണിപ്പെടുത്തി.

തന്റെ നിർദ്ദേശം പാലിക്കാത്ത ഉദ്യോഗസ്ഥരെ കരിമ്പട്ടികയിൽപ്പെടുത്തും. തിരഞ്ഞെടുപ്പ് കമ്മീഷണർ ആ സ്ഥാനത്ത് മാർച്ച് 31 വരയേ ഉണ്ടാവൂ, എന്നാൽ വൈ.എസ്.ആർ സർക്കാർ അതുകഴിഞ്ഞും ഉണ്ടാവുമെന്നായിരുന്നു മന്ത്രിയുടെ ഭീഷണി. ഇതിനു പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ആന്ധ്രാപ്രദേശിലെ 13000 ഗ്രാമപഞ്ചായത്തുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരി 9 മുതലാണ് ആരംഭിക്കുക. നാല് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്.