- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാജ ഉത്തരവിലൂടെ പാവം അദ്ധ്യാപകനെ പിരിച്ചുവിട്ട ഡിഡിഇ,; കള്ളക്കേസിനും പിരിച്ചുവിടലിനും നേതൃത്വം കൊടുത്ത സെയ്തലവി...; രേഖകളെല്ലാം ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു; എന്നിട്ടും അനീഷിനെ കൊലയ്ക്കു കൊടുത്തവർക്ക് സുഖ ജീവിതം
മലപ്പുറം: നിരപരാധിയായ ഒരു പാവം അദ്ധ്യാപകനെ കള്ളക്കേസിൽ കുടുക്കാനും വ്യാജരേഖകളുണ്ടാക്കി ജോലിയിൽനിന്നു പിരിച്ചുവിടാനും ഒടുവിൽ മനസ് തകർന്ന് അദ്ധ്യാപകനെ ആത്മഹത്യ ചെയ്യിക്കാനും ഒന്നിച്ചുനിന്നു പ്രവർത്തിച്ച നരാധമന്മാർ നിയമത്തിന്റെ കുരുക്കിൽ വീഴാതെ ഇപ്പോഴും രക്ഷപ്പെട്ടുകഴിയുകയാണ്. മൂന്നിയൂർ ഹയർസെക്കണ്ടറി സ്‌കൂളിൽ നിന്നും കള്ള
മലപ്പുറം: നിരപരാധിയായ ഒരു പാവം അദ്ധ്യാപകനെ കള്ളക്കേസിൽ കുടുക്കാനും വ്യാജരേഖകളുണ്ടാക്കി ജോലിയിൽനിന്നു പിരിച്ചുവിടാനും ഒടുവിൽ മനസ് തകർന്ന് അദ്ധ്യാപകനെ ആത്മഹത്യ ചെയ്യിക്കാനും ഒന്നിച്ചുനിന്നു പ്രവർത്തിച്ച നരാധമന്മാർ നിയമത്തിന്റെ കുരുക്കിൽ വീഴാതെ ഇപ്പോഴും രക്ഷപ്പെട്ടുകഴിയുകയാണ്.
മൂന്നിയൂർ ഹയർസെക്കണ്ടറി സ്‌കൂളിൽ നിന്നും കള്ളക്കേസിനെ തുടർന്നു വ്യാജരേഖകളുമായി പുറത്താക്കപ്പെട്ടതിനെ തുടർന്ന് ആത്മഹത്യ ചെയ്ത സാമൂഹ്യശാസ്ത്രം അദ്ധ്യാപകൻ കെ.കെ അനീഷിന്റെ പുറത്താക്കൽ ഉത്തരവ് വ്യാജമായി കെട്ടിച്ചമച്ചതാണെന്നുള്ള വിവരാവകാശരേഖകൾ പുറത്തു വന്നതു സമൂഹമനസ്സാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. ഇതിനു തൊട്ടു പിന്നാലെ ക്രൈംബ്രാഞ്ച് സംഘം മലപ്പുറം ഡി.ഡി.ഇ ഓഫീസിൽനിന്നും നിർണായകരേഖകൾ പിടിച്ചെടുത്തു. അനീഷിന്റെ മരണത്തിലേക്കു നയിച്ച പിരിച്ചുവിടലിനു ഡിഡിഇ ഓഫീസിനു വ്യക്തമായ പങ്കുണ്ടെന്നു തെളിയിക്കുന്ന രേഖകളാണവ.
പിടിച്ചെടുത്ത രേഖകളിൽ തിരുത്തലും പേജ് മിസ്സിംഗും വന്നതായി പാലക്കാട് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. അദ്ധ്യാപകൻ കെ കെ അനീഷിന്റെ മരണത്തിന് ഉത്തരവാദികളായവരെ സംബന്ധിച്ച് ഒരു വർഷത്തിനിടെ നിർണായകമായ പല തെളിവുകളും പുറത്തുവന്നിട്ടും ഇവർക്കെതിരെ യാതൊരു നടപടിയുമുണ്ടായിട്ടില്ല. കേസിലുൾപ്പെട്ട മുഴുവൻ പ്രതികളും ഇപ്പോഴും സർക്കാർ സർവീസിലും മറ്റ് ഔദ്യോഗികസ്ഥാനങ്ങളിലും തുടരുകയാണ്. അനീഷിനെ പുറത്താക്കുന്നതിന് മാനേജർക്ക് അനുമതി നൽകികൊണ്ടുള്ള ഉത്തരവ് മുൻ മലപ്പുറം ഡി.ഡി.ഇ ആയിരുന്ന കെ.സി ഗോപിയാണ് കഴിഞ്ഞ മെയ് 30ന് പുറത്തിറക്കിയത്. ഗോപി സർവീസിൽനിന്നു വിരമിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്കു മുമ്പായിരുന്നു ഈ ഉത്തരവ്. എന്നാൽ ക്രൈംബ്രാഞ്ച് പരിശോധനയിൽ വേറെയും നിരവധി രേഖകൾ തിരുത്തിയതായും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഇതോട് കേസ് പുതിയ വഴിത്തിരിവിലെത്തിയിരിക്കുകയാണ്.
അനീഷിനെതിരായ നടപടികളെ കുറിച്ച് ഡിഡിഇ നടത്തിയ അന്വേഷണങ്ങളുടെ ഫയൽ, ഫെയർകോപ്പി രജിസ്റ്റർ, ഡെസ്പാച്ച് രജിസ്റ്റർ തുടങ്ങിയ രേഖകളാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പി മുഹമ്മദ് കാസിമിന്റെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തത്. അനീഷിനെ പിരിച്ചുവിടാൻ സ്‌കൂൾ മാനേജർക്ക് ഡിഡിഇ നൽകിയ ഉത്തരവ് തയ്യാറാക്കിയതും അയച്ചതും ഓഫീസിലല്ലെന്നും പുറത്തുനിന്നാണെന്നും ക്രൈംബ്രാഞ്ചിന് വ്യക്തമായിട്ടുണ്ട്. പല രജിസ്റ്ററുകളിലും പേജുകൾ കീറിക്കളഞ്ഞതായും കണ്ടെത്തിയിട്ടുണ്ട്. ഫെയർ കോപ്പി രജിസ്റ്ററിന്റെ 5, 6, 43, 44 പേജുകളും നശിപ്പിച്ചിട്ടുണ്ട്. ഡിഡിഇയും ഓഫീസിലെ ചില ജീവനക്കാരും നടത്തിയ വഴിവിട്ടനീക്കങ്ങളാണ് ഇതോടെ പുറത്താകുന്നത്. സ്‌കൂൾ മാനേജറും മൂന്നിയൂർ പഞ്ചായത്ത് പ്രസിഡന്റുമായ ലീഗ് നേതാവ് വിപി സെയ്തലവിയുമായി ഡിഡിഇ ഓഫീസിലെ ഉദ്യോഗസ്ഥർക്കുണ്ടായിരുന്ന ബന്ധവും, ഉത്തരവിറക്കിയതായി പറയപ്പെടുന്ന ദിവസങ്ങളിലെ ഫോൺ രേഖകളെ കുറിച്ചും അന്വേഷണ സംഘത്തിന് നിർണായക വിവരം ലഭിച്ചിട്ടുണ്ട്. ഈ കാലയളവിൽ ഡിഡിഇ ഓഫീസിലുണ്ടായിരുന്ന ജീവനക്കാരെ ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. ഇക്കാലയളവിൽ അനീഷിനെതിരെ ഡിഡിഇ കൈക്കൊണ്ട നടപടികളുടെ ഫയൽ പരിശോധിച്ചു വരികയാണ്.
ജോലിയിൽ നിന്നുള്ള പുറത്താക്കൽ ഉത്തരവ് ഡിഡിഇ ഓഫീസിൽനിന്നും നൽകിയിട്ടില്ലെന്ന വിവരാവകാശ രേഖകൾ പുറത്തുവന്നതോടെയാണ് കേസിലെ നിർണായകമായ രേഖകളും തെളിവുകളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിരിക്കുന്നത്. ഇതിന്മേലുള്ള തുടരന്വേഷണവും ഏതാനും പേരെ ചോദ്യം ചെയ്യാനുള്ളതുംകൂടി പൂർത്തിയാക്കിയാൽ ഡിഡിഇ പുറത്തിറക്കിയ ഉത്തരവിന്റെ ഉറവിടം കണ്ടെത്താൻ സാധിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടൽ. സ്‌കൂൾ മാനേജർ സെയ്തലവിയും ഡിഡിഇ ഗോപിയും ചേർന്ന് ഗൂഢാലോചന നടത്തിയാണ് അനീഷിനെ പിരിച്ചു വിട്ടതെന്ന നേരത്തെയുള്ള ആക്ഷേപത്തിന് ബലം നൽകുന്നതാണ് പുതിയ വിവരങ്ങൾ. സ്‌കൂൾ മാനേജർ, ഡിഡിഇ, പ്രധാനാധ്യാപിക, സ്‌കൂളിലെ ക്ലർക്കുമാർ, പ്യൂൺ എന്നിവരും ഈ കേസിൽ പ്രതികളാണ്.
2014 സെപ്റ്റംബർ രണ്ടിനായിരുന്നു അനീഷിനെ പാലക്കാട് മലമ്പുഴയിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് മരണത്തിൽ ദുരൂഹത ചൂണ്ടിക്കാട്ടി അനീഷിന്റെ ഭാര്യ നൽകിയ പരാതി•േൽ ലോക്കൽ പൊലീസ് അന്വേഷണമാരംഭിച്ചെങ്കിലും എങ്ങുമെത്താതായതോടെ കേസ് ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു.
കൂടാതെ, അനീഷിനെ സ്‌കൂളിൽ നിന്നും പുറത്താക്കിയത് കള്ളക്കേസ് ചമച്ചാണെന്ന് ചൂണ്ടിക്കാട്ടി അനീഷിന്റെ പിതാവ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയെ തുടർന്ന് വ്യാജ മെഡിക്കൽ രേഖകൾ ഉണ്ടാക്കിയാണ് അനീഷിനെ പുറത്താക്കാൻ കാരണം കണ്ടെത്തിയതെന്ന് നല്ലളം പൊലീസിന്റെ അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. അനീഷിനെതിരെ കേസെടുക്കാൻ സ്‌കൂൾ മാനേജർ ആയുധമാക്കിയ വൂണ്ട് സർട്ടിഫിക്കറ്റ് കോഴിക്കോട് ചെറുവണ്ണൂർ കോയാസ് ആശുപത്രിയിൽ നിന്ന് വ്യാജമായി സൃഷ്ടിച്ചതാണെന്നായിരുന്നു കണ്ടെത്തിയിരുന്നത്. ഈ കേസിൽ ആശുപത്രി എം.ഡി ഡോ.കോയ, മൂന്നിയൂർ സ്‌കൂളിലെ പ്യൂൺ മുഹമ്മദ് അഷ്‌റഫ്, ക്ലർക്കുമാരായ അബ്ദുൽ റസാഖ്, അബ്ദുൽ ഹമീദ് എന്നിവർ റിമാൻഡിലായിരുന്നു. ഇവർ മാനേജർ സെയ്തലവിയുമായി അടുത്ത ബന്ധമുള്ളവരാണ്. മാനേജരുടെ ഭീഷണി മൂലമാണ് മുമ്പ് അനീഷിനെതിരേ മൊഴി നൽകിയതെന്ന് സ്‌കൂളിലെ അദ്ധ്യാപകർ മനുഷ്യാവകാശ കമ്മീഷനോടും നേരത്തെ വെളിപ്പെടുത്തിരുന്നു. പിരിച്ചുവിടൽ ഉത്തരവും വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണിപ്പോൾ.
കൃത്രിമ രേഖയുണ്ടാക്കൽ, രേഖ തിരുത്തൽ, ഗൂഢാലോചന, ആത്മഹത്യാ പ്രേരണ തുടങ്ങിയ ക്രിമിനൽ കുറ്റങ്ങൾ പ്രത്യക്ഷത്തിൽ നിലനിൽക്കുമ്പോഴം ഒരു കുലുക്കവുമില്ലാതെ തൽസ്ഥാനങ്ങളിൽ തുടരുകയാണ് മാനേജർ ഉൾപ്പടെയുള്ള പ്രതികൾ. ക്രിമിനൽ കേസിലെ മുഖ്യ പ്രതിയായ വിപി സെയ്തലവി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നു എന്നതാണ് ഏറ്റവും വലിയ അത്ഭുതം. പ്രദേശത്ത് ലീഗ് നേതൃത്വം സെയ്തലവിയെ പാർട്ടി സ്ഥാനങ്ങളിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ചില ഇടപടൽ നടത്തിയിരുന്നു. എന്നാൽ സെയ്തലവിയുടെ ഉന്നതബന്ധം കാരണം അത് വിജയിക്കാതെ പോകുകയായിരുന്നു. നേരത്തെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുമെന്നായപ്പോൾ പ്രസിഡന്റ് സ്ഥാനത്തു നിന്നും അവധിയെടുത്ത് സെയ്തലവി ഒളിവിൽ പോയിരുന്നു. തുടർന്ന് പാലക്കാട് സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും രണ്ടു തവണ തള്ളുകയായിരുന്നു. വീണ്ടും മേൽകോടതിയെ സമീപിച്ച് മുൻകൂർ ജാമ്യം ലഭിച്ചതോടെയാണ് അന്ന് അറസ്റ്റിൽ നിന്നും ഒഴിവായിരുന്നത്. എന്നാൽ ഇപ്പോൾ നിരവധി ക്രിമിനൽ വകുപ്പുകൾ ചുമത്താവുന്ന തെളിവുകൾ സെയ്തലവി ഉൾപ്പടെയുള്ളവർക്ക് എതിരായതോടെ ക്രൈംബ്രാഞ്ച് നിയമോപദേശം തേടിയിട്ടുണ്ട്. അതേസമയം പ്രതികളെ പ്രോസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് ഇടത് സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.
തുടക്കത്തിൽ കേസ് അട്ടിമറിക്കാനുള്ള നീക്കവും അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാനുള്ള ശ്രമവും സെയ്തലവി ഉന്നത സ്വാധീനമുപയോഗിച്ച് നടത്തിയിരുന്നു. കേസ് അന്വേഷിക്കുന്ന പാലക്കാട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പി മുഹമ്മദ് കാസിമിനെയാണ് കേസിന്റെ ചുമതലയിൽ നിന്നും മാറ്റി പകരം ഡിവൈ.എസ്‌പി ശശിക്ക് കേസിന്റെ അന്വേഷണ ചുമതല നൽകാൻ ഇടക്കാലത്ത് ശ്രമം നടന്നത്. സംസ്ഥാനത്തുടനീളം ചെറുതും വലുതുമായ നിരവധി ബിസിനസുകളുള്ള സെയ്തലവിക്ക് ഭരണ കക്ഷിയിലെ പല മന്ത്രിമാരുമായും അടുത്ത ബന്ധവും ഇടപാടുകളുമുണ്ട്. തെരഞ്ഞെടുപ്പുകളിൽ പാർട്ടിക്കു വേണ്ടി വർഷങ്ങളായി സെയ്തലവിയുടെ കുടുംബം ലക്ഷങ്ങൾ ഒഴുക്കാറുണ്ടായിരുന്നു. വിദ്യാഭ്യാസ മന്ത്രിയുടെ നാട്ടുകാരൻ കൂടിയായ വിപി സെയ്തലവിക്ക് വിദ്യാഭ്യാസ വകുപ്പ് ചെയ്ത വഴിവിട്ട സഹായമാണ് നിരപരാധിയായ അദ്ധ്യാപകന്റെ മരണത്തിൽ കലാശിച്ചത്. കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന അനീഷിന്റെ വേർപാട് എക്കാലവും മറക്കാനാവാത്ത മുറിവുകളാണ് ഭാര്യ ഷൈനിക്കും രണ്ടു വയസുകാരൻ തുഷാറിനും കാലം സമ്മാനിച്ചത്.