ഹോളിവുഡ് നടിയും ഫിലിംമെയ്ക്കറും മനുഷ്യാവകാശ പ്രവർത്തകയുമായ ഏൻജെലീന ജോളി ഇനി പുതിയ റോളിലും തിളങ്ങും. ലണ്ടൻ സ്‌കൂൾ ഓഫ് എക്കണോമിക്സിലെ പ്രഫസറുടെ വേഷമാണ് ഇവർ ഇപ്പോൾ സിനിമയ്ക്ക് പുറത്തുള്ള ജീവിതത്തിൽ സ്വീകരിച്ചിരിക്കുന്നത്. സ്ത്രീകളുടെ സമാധാനം, സുരക്ഷിതത്വം എന്നിവയുമായി ബന്ധപ്പെട്ട ഒരു കോഴ്സിന്റെ പ്രഫസറായി പ്രവർത്തിക്കാമെന്ന് കഴിഞ്ഞ മെയ് മാസത്തിലായിരുന്നു ജോളി സമ്മതിച്ചത്. ചൊവ്വാഴ്ചയായിരുന്നു അവർ ലണ്ടൻ സ്‌കൂൾ ഓഫ് എക്കണോമിക്സിൽ ആദ്യമായി ക്ലാസെടുത്തത്. സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇനി ജോളി ടീച്ചറിൽ നിന്നും കുട്ടികൾക്ക് പഠിക്കാൻ ഇതിലൂടെ വഴിയൊരുങ്ങിയിരിക്കുകയാണ്.

യുഎന്നിന്റെ പ്രത്യേക സ്ഥാനപതിയെന്ന നിലയിൽ പ്രവർത്തിച്ചപ്പോൾ തനിക്കുണ്ടായ അനുഭവങ്ങൾ ക്ലാസിൽ വിവരിച്ച ജോളി കുട്ടികളുടെ അത് സംബന്ധിച്ച ചോദ്യങ്ങൾക്ക് ഉത്തരമേകുകയും ചെയ്തിരുന്നു. തുടർന്ന് ബക്കിങ്ഹാം പാലസിലേക്ക് തന്റെ മകനുമൊത്ത് അവർ ഒരു സ്വകാര്യ സന്ദർശനം നടത്തുകയും ചെയ്തിരുന്നു. ഹോളിവുഡിലെ തിളങ്ങുന്ന താരത്തിന്റെ ഇമേജ് മാറ്റി വച്ച് ലളിതമായ വസ്ത്രം ധരിച്ചാണ് വിസിറ്റിങ് പ്രഫസറുടെ കർത്തവ്യം ജോളി മനോഹരമായി നിർവഹിച്ചത്. ഒരു സ്മാർട്ട് ബ്ലാക്ക് ഈവനിങ് ഡ്രസ് ധരിച്ചായിരുന്നു താരം ക്ലാസിലെത്തിയിരുന്നത്. താൻ അൽപം നെർവസാണെങ്കിലും ടീച്ചറുടെ ഉത്തരവാദിത്വം മനോഹരമായി നിർവഹിക്കാൻ സാധിച്ചുവെന്നാണ് വിശ്വസിക്കുന്നതെന്നും ഇത് തന്നെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണെന്നും അവർ പിന്നീട് പ്രതികരിച്ചു.

ജോളിയും മകൻ മഡോക്സും ബക്കിങ്ഹാം പാലസിലെത്തുമ്പോൾ അവിടെ രാജകുടുംബങ്ങളാരുമുണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്. ലോകമാകമാനമുള്ള കലാപബാധിത പ്രദേശങ്ങളിൽ കഴിയുന്ന സ്ത്രീകൾക്കുള്ള നീതി, മനുഷ്യാവകാശം, പങ്കാളിത്തം തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നയങ്ങൾ വികസിപ്പിക്കാൻ പണ്ഡിതന്മാർ, പ്രാക്ടീഷണർമാർ, ആക്ടിവിസ്റ്റുകൾ, നയരൂപീകരണ വിദഗ്ദ്ധർ, വിദ്യാർത്ഥികൾ തുടങ്ങിയവരെ സഹായിക്കുന്ന കോഴ്സിലാണ് ജോളി ക്ലാസെടുക്കുന്നത്. ലിംഗസമത്വം, സ്ത്രീകളുടെ സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയപരവുമായ പങ്കാളിത്തം, സുരക്ഷിതത്വം തുടങ്ങിയവ ഉറപ്പ് വരുത്തുന്നതിനുള്ള ഗവേഷണവും പഠിപ്പിക്കലും ഇതോടനുബന്ധിച്ച് നടത്തുന്നുണ്ട്. തന്റെ ഫെല്ലോഷിപ്പിന്റെ ഭാഗമായി ജോളി ഇതേ മേഖലയിൽ തന്റെതായ ഗവേഷണവും നടത്തുന്നുണ്ട്.

ഈ കോഴ്സിന്റെ ഭാഗമായുള്ള പൊതു ചടങ്ങുകളിലും വർക്ക് ഷോപ്പുകളിലും ജോളി ഭാഗഭാക്കാകുന്നുണ്ട്. ജോളി കോഫൗണ്ടറായ സന്നദ്ധ സംഘടനയായ പ്രിവന്റിങ് സെക്ഷ്വൽ വയലൻസ് ഇനീഷ്യേറ്റീവിന്റെ അഞ്ചാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് അവർ പുതിയ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ലൈംഗിക ആക്രമണങ്ങളും കുട്ടികളോടുള്ള ലൈംഗിക ചൂഷണവും തടയുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണിത്. ലണ്ടൻ സ്‌കൂൾ ഓഫ് എക്കണോമിസ്‌ക് ജോളിയുടെ സാന്നിധ്യം തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു. ജോളി ടീച്ചറുടെ ക്ലാസിനെ പ്രശംസിച്ച് കൊണ്ട് നിരവധി പേർ സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും മുന്നോട്ട് വന്നിട്ടുമുണ്ട്.