തിരുവനന്തപുരം: കോവിഡ്-19 വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിൽ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ട് തൃശൂർ പൂരം നടത്താനായിരുന്നു ആദ്യം ഉണ്ടായിരുന്ന ആലോചന. എന്നാൽ കോവിഡ് പ്രതിദിന നിരക്ക് കുത്തനെ ഉയർന്നതോടെ ആശങ്ക വർധിച്ചിരുന്നു.

വൻ ജന പങ്കാളിത്തമുള്ള തൃശൂർ പൂരം നടത്തിപ്പ് സംബന്ധിച്ച് വലിയ ചർച്ചയാണ് സോഷ്യൽമീഡിയയിലും പുറത്തുമായി നടന്നത്. ആചാരം നിലനിർത്തി തൃശൂർപൂരം നടത്തണമെന്ന് ഒരു പക്ഷവും ജീവനാണ് വലുത് അതിനാൽ പൂരം നടത്തേണ്ടതില്ലെന്ന് മറ്റൊരു പക്ഷത്തുമായി ചർച്ചകൾ പുരോഗമിച്ചിരുന്നു. ഒടുവിൽ പൊതുജനങ്ങൾക്ക് പ്രവശനം അനുവദിക്കാതെ ചടങ്ങുകൾ മാത്രമായി നടത്താൻ തീരുമാനം ആയിരുന്നു.

എന്നാൽ തൃശൂർ പൂരത്തിന് കൊടിയേറിയത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ദേശാഭിമാനി പത്രം നൽകിയ വാർത്തയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കെപിസിസി മീഡിയ സെൽ കൺവീനറും എഐസിസി സോഷ്യൽ മീഡിയ സെൽ കോർഡിനേറ്ററുമായ അനിൽ കെ ആന്റണി.

തൃശൂർ പൂരം കൊടിയേറിയതിന്റെ അടുത്ത ദിവസം ദേശാഭിമാനി പത്രത്തിന്റെ തൃശൂർ എഡിഷനിൽ വന്നത് 'കൊടിയേറി, ഇനി ആറാം നാൾ പൂരം' എന്ന വാർത്തയാണ്. എന്നാൽ അന്നേ ദിവസം ദേശാഭിമാനിയുടെ ബാക്കി ഒമ്പത് എഡിഷനുകളിലും വന്നതുകൊവിഡിന്റെ തീവ്ര വ്യാപനത്തെ കുറിച്ചുള്ള വാർത്തയും. ഇതിനെ താരതമ്യപ്പെടുത്തിയാണ് അനിൽ രംഗത്തെത്തിയത്.

'ദേശാഭിമാനി പത്രത്തിന്റെ തൃശൂർ എഡിഷൻ ഒഴികെ ബാക്കി 9 എഡിഷനുകളിലും 'തീവ്രവ്യാപനം: ജാഗ്രത' എന്നാണ് തലക്കെട്ട്.
തൃശൂരിൽ അത് 'പൂരം കൊടിയേറി'. അസാമാന്യ 'കരുതൽ' !' എന്നാണ് അനിൽ കെ ആന്റണി ഫേസ്‌ബുക്കിൽ കുറിച്ചത്. ഒപ്പം തൃശൂരിലെ ദേശാഭിമാനി എഡിഷന്റേയും മറ്റ് ജില്ലകളിലെ എഡിഷന്റേയും കോപ്പിയും പങ്കുവെച്ചിട്ടുണ്ട്.

ദേശാഭിമാനി പത്രത്തിന്റെ തൃശൂർ എഡിഷൻ ഒഴികെ ബാക്കി 9 എഡിഷനുകളിലും 'തീവ്രവ്യാപനം: ജാഗ്രത' എന്നാണ് തലക്കെട്ട്. തൃശൂരിൽ അത് 'പൂരം കൊടിയേറി'. അസാമാന്യ 'കരുതൽ' !

എന്നാൽ അനിലിനെ തിരുത്തി കൊണ്ട് നിരവധി പേർ കമന്റ് ചെയ്തു. തൃശൂർ എഡിഷന് അന്ന് രണ്ട് പ്രധാന പേജുകൾ ഉണ്ടായിരുന്നുവെന്നും രണ്ടാമത്തേതിൽ മറ്റ് എഡിഷന് സമാനമാണെന്നും ചിലർ തിരുത്തു. പക്ഷെ സാധ്യത രണ്ടായാലും സംസ്ഥാനത്തെ കോവിഡ്-19 സാഹചര്യം വഷളാവുകയാണെന്ന് ചിലർ ഓർമ്മിപ്പിച്ചു

ചർച്ച പുരോഗമിക്കവെ ആചാരങ്ങൾ പാലിച്ചു തന്നെ പൂരം നടത്തണമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് തൃശ്ശൂർ പൂരം നടത്താനാകുമെന്ന് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

നിയന്ത്രണങ്ങൾ കർശനമായി നിലനിൽത്തി ആചാരങ്ങൾ പാലിച്ചുകൊണ്ട് നടത്താനാണ് ചീഫ് സെക്രട്ടറി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനമായത്. കുടമാറ്റം കുറച്ചു സമയം മാത്രമായി ചുരുക്കും. സാംപിൾ വെടിക്കെട്ടും ചമയപ്രദർശനവും ഒഴിവാക്കും.

പ്രധാന വെടിക്കെട്ട് നിയന്ത്രണങ്ങളോടെ നടത്തും. ഘടകപൂരങ്ങൾ, മഠത്തിൽ വരവ്, ഇലഞ്ഞിത്തറ മേളം എന്നിവ ഉണ്ടാകും. പൂരത്തിനു ഒരു ആനയെ മാത്രം എഴുന്നള്ളിക്കാൻ തിരുവമ്പാടി ദേവസ്വം തീരുമാനിച്ചു. പഞ്ചവാദ്യവും മേളവും ചടങ്ങായി മാത്രം.

കുടമാറ്റത്തിനായും ഒരാന മാത്രം തെക്കോട്ടിറങ്ങും. 23ന് സ്വരാജ് റൗണ്ടിൽ പ്രവേശനം നിരോധിച്ചു. പൂരപ്പറമ്പിൽ പാസുള്ളവർക്കു മാത്രമേ പ്രവേശനം അനുവദിക്കൂ. കലക്ടറും ഡിഎംഒയും നിയന്ത്രണം ഏറ്റെടുത്തു കഴിഞ്ഞു.