കോഴിക്കോട്: ബാങ്ക് ലോക്കറിൽ നാം സുരക്ഷതമായി സൂക്ഷിച്ചവയൊക്കെ കുത്തിത്തുറന്ന് ബാങ്ക് അധികൃതർ തന്നെ കവർച്ച നടത്തിയലോ? ജനങ്ങളിൽ കടുത്ത ആശങ്കയും ഭീതിയും ഉയർത്തുന്നതായിരുന്നു കോഴിക്കോട് പഞ്ചാബ് നാഷണൽബാങ്കിലെ ലോക്കർ കവർച്ച. ഒന്നും രണ്ടുമല്ല, 200 പവനിലധികം സ്വർണാഭരണങ്ങളും വജ്രമാലയും സൗദി മുദ്രയുള്ള സ്വർണനാണയങ്ങളുമൊക്കെയാണ് പഞ്ചാബ് നാഷനൽ ബാങ്കിന്റെ കോഴിക്കോട് കെ.പി. കേശവമേനോൻ റോഡ് ശാഖയിലെ ലോക്കറിൽനിന്ന് മോഷണം പോയത്. ഒടുവിൽ കള്ളനെ പടികിട്ടി. ഇതേ ബാങ്കിൽ മുമ്പ് പ്യൂണായും, ഇപ്പോൾ ക്‌ളർക്കായും ജോലിനോക്കുന്ന അതേ വ്യക്തിതന്നെ.

പുതിയറ ജില്ലാ ജയിലിനുസമീപം ശ്രാമ്പിയിൽ പറമ്പ് 'അച്യുതം' വീട്ടിൽ അനിൽകുമാറിനെയാണ് (53) ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണവിഭാഗം എസ്‌പി യു. അബ്ദുൽകരീമും സംഘവും അറസ്റ്റ് ചെയ്തത്.കൂടുതൽ ബാങ്ക് ജീവനക്കാർക്ക് സംഭവത്തിൽ പങ്കുള്ളതായി പൊലീസ് കരുതുന്നുണ്ട്. കൂടുതൽ അറസ്റ്റുകളും വൈകാതെയുണ്ടാവുമെന്നാണ് അറിയുന്നത്. 2011-12 കാലഘട്ടത്തിലാണ് ലോക്കറുകളിൽ മോഷണം നടന്നത്. ടൗൺ സി.ഐ ടി.കെ. അഷ്‌റഫാണ് ആദ്യം കേസ് അന്വേഷിച്ചത്. എന്നാൽ ഈ അന്വേഷണം എങ്ങും എത്താതിരുന്നതിനെ തുടർന്ന് പരാതിക്കാർ ഹൈക്കോടതിയെ സമീപിക്കുകയും കോടതി നിർദേശാനുസാരം കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയുമായിരുന്നു.

കല്ലായി സ്വദേശിയും വിദേശ വ്യവസായിയുമായ കെ.വി. മുസ്തഫയുടെ നൂറിൽപരം പവൻ സ്വർണവും സൗദി മുദ്രയുള്ള 13 സ്വർണാഭരണങ്ങളും, ഇപ്പോഴത്തെ ഡെപ്യൂട്ടി പൊലീസ് കമീഷണർ ഡി. സാലിയുടെ മകൾ, മരുമകൻ, ശരവണ ഹോട്ടലുടമ എസ്. ശരവണൻ എന്നിവരുടെ 100 പവനിലധികം ആഭരണം എന്നിവയാണ് ലോക്കറിൽനിന്ന് കാണാതായത്. ഇതിൽ മുസ്തഫയുടെ കേസിലാണ് ഇപ്പോൾ അറസ്റ്റുണ്ടായത്. അനിൽകുമാർ ലോക്കറിൽനിന്ന് എടുത്ത് സ്വന്തംപേരിൽ പഞ്ചാബ് നാഷനൽ ബാങ്കിൽതന്നെ പണയംവച്ചിരുന്ന ഒരു കിലോയിലധികം സ്വർണത്തിൽനിന്ന് എട്ട് സ്വർണനാണയങ്ങൾ മുസ്തഫ തിരിച്ചറിഞ്ഞു.

വരവിൽ കവിഞ്ഞ സ്വത്തു സമ്പാധിച്ച അന്വേഷണം അനിൽകുമാറിനുനേരെ തിരയാൻ കാരണം.മോഷണം നടക്കുന്ന കാലത്ത് ബാങ്കിലെ പ്യൂണായിരുന്നു ഇയാൾ 30 ലക്ഷം രൂപ ചെലവിട്ടാണ് വീടുവച്ചത്. ഇതിനിടെ 23 ലക്ഷം രൂപ വായ്പയെടുത്തെന്നും ഇയാൾ നേരത്തെ ലോക്കൽ പൊലീസിന് മൊഴി നൽകിയിരുന്നു. പ്രതിയുടെ ഭാര്യക്ക് ജോലിയില്ല. ഇയാളുടെ മാസശമ്പളവും വിറകുകച്ചവടക്കാരനായ പിതാവിന്റെ വരുമാനവുംകൊണ്ട് 23 ലക്ഷം രൂപയുടെ തിരിച്ചടവ് നടക്കില്‌ളെന്ന് ക്രൈംബ്രാഞ്ച് കണ്ടത്തെി. 30 ലക്ഷം മുടക്കിയതായി പറയുന്ന വീടിന് ഒരുകോടിയോളം ചെലവ് വന്നതായും പൊലീസ് കണ്ടത്തെി.

ഭാര്യ മിനിറാണിയുടെ പേരിലാണ് അനിൽകുമാർ ഒരു കിലോയിലധികം സ്വർണം പണയംവച്ചത്. ഇതിലെ സൗദി മുദ്രയുള്ള ആഭരണങ്ങൾ എവിടെനിന്ന് വാങ്ങിയെന്നതിന് കൃത്യമായ ഉത്തരം നൽകാൻ ഇയാൾക്കായില്ല. മകളുടെ ജന്മദിന സമ്മാനമായി എട്ട് സ്വർണനാണയങ്ങൾ വാങ്ങിയെന്നായിരുന്നു മൊഴി. മൊയ്തീൻപള്ളി റോഡിലെ വിദേശവസ്തുക്കൾ വിൽക്കുന്ന ആളിൽനിന്ന് നാണയം വാങ്ങിയതെന്ന ഇയാളുടെ മുൻ മൊഴി കളവാണെന്ന് ക്രൈംബ്രാഞ്ച് കണ്ടത്തെി. ഒരുവർഷം മുമ്പ് അനിൽകുമാറിനെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കിയിരുന്നു. അന്ന് ചോദിച്ച 26 ചോദ്യങ്ങളിൽ 16നും കളവ് ഉത്തരമാണ് നൽകിയത്. പിന്നീട് നാർകോ അനാലിസിസ് പരിശോധനക്ക് പൊലീസ് ശ്രമിച്ചങ്കെിലും അനിൽകുമാർ സമ്മതിച്ചില്ല.

ലോക്കറുകൾ കൈാര്യംചെയ്തിരുന്നത് പ്യൂണായ അനിൽകുമാറും അസി. മനോജറുമായിരുന്നു. നുണപരിശോധന നിശ്ചയിച്ചിരുന്നതിന് ദിവസങ്ങൾക്കുമുമ്പ് അസി. മാനേജരെ തൃശൂരിലെ വീട്ടിൽ ആത്മഹത്യചെയ്ത നിലയിൽ കണ്ടത്തെിയിരുന്നു. മോഷണവും ദുരൂഹമരണവും തമ്മിൽ ബന്ധമുണ്ടോ എന്നതും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. പ്യൂണായിരുന്ന കാലത്ത് രണ്ടുതവണ സാമ്പത്തിക തിരിമറിക്ക് പിടിക്കപ്പെട്ട അനിൽകുമാറിനെ രക്ഷിക്കാൻ ബാങ്കിന്റെ ഉന്നതരടക്കം ശ്രമിച്ചതായും ആക്ഷേപമുണ്ട്.

കേസിന്റെ തുടക്കംമുതൽതന്നെ ആരോപിതനാണെങ്കിലും ഉന്നതരെ സ്വാധീനിച്ചും, തെറ്റിദ്ധരിപ്പിച്ചും ഇയാൾ പിടിച്ചു നിൽക്കയായിരുന്നു.സീനിയർ അഭിഭാഷകരുടെ നിർദേശമനുസരിച്ച്മാത്രം മൊഴി നൽകിയിരുന്ന അനിൽകുമാറിനെതിരെ നിരവധി സാഹചര്യത്തെളിവുകൾ ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. എസ്. ശരവണന്റെ ലോക്കറിൽനിന്നാണ് ആദ്യമായി സ്വർണം കാണാതാവുന്നത്. ഇദ്ദേഹം നൽകിയ പരാതിയിൽ ടൗൺ പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ശരവണന്റെ ഒന്നാം നമ്പർ ലോക്കറിലെ പൂട്ടിനുപകരം മറ്റൊരു പൂട്ടാണ് മഹസർ സാക്ഷിയായ അനിൽകുമാർ അന്ന് പൊലീസിന് കൈമാറിയതെന്ന് കണ്ടത്തെി. ടൗൺ പൊലീസ് ബാങ്കിൽ പരിശോധന നടത്തുംമുമ്പ് അനിൽകുമാർ പൂട്ടുമാറ്റി അന്വേഷണം അട്ടിമറിക്കുകയായിരുന്നു. പൂട്ട് മാറ്റിയതിനാലാണ് അന്ന് കേസ് തെളിയാതെപോയത്. എന്നാൽ ഇത്തവ ആ കുബുദ്ധിയൊന്നും അനിലിന്റെ രക്ഷക്ക് എത്തിയില്ല.

അതേസമയംഈ കേസ് പുറത്തുവന്ന് കുറച്ച് കാലത്തേക്ക് കർശനമാക്കിയെന്നല്ലാതെ, ലോക്കറുകളുടെ കാര്യത്തിൽ മിക്ക ബാങ്കുകളും അനാസ്ഥതുടരുകയാണെന്ന് ആക്ഷേപമുണ്ട്. ബാങ്ക് തലപ്പത്തെ ഒന്നു രണ്ടുപേർ ഒത്തുകളിച്ചാൽ ഏത് ലോക്കറും തുറക്കാമെന്നു തന്നെയാണ് ഇത്തരം സംഭവങ്ങൾ തെളിയിക്കുന്നത്.