കൊച്ചി: സ്രാവുകൾക്കൊപ്പം നീന്തുന്നു; ഇനി വലത് നിരീക്ഷകനും-പിണറായിയേയും പൊലീസിനേയും വിമർശിച്ച പോസ്റ്റിട്ട സിപിഎം സൈബർ സഖാവ് ഫെയ്‌സ് ബുക്കിൽ സ്റ്റാറ്റസും മാറ്റി. സിപിഎമ്മിന് വേണ്ടി സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടൽ നടത്തി അനീഷ് ഷംസുദീൻ സമൂഹമാധ്യമത്തിലൂടെ തന്നെ ഇടതുപക്ഷത്തെ തള്ളിപ്പറഞ്ഞത് സിപിഎമ്മിലെ സൈബർ വിഭാഗത്തെ ഞെട്ടിച്ചിട്ടുണ്ട്. ഇതിനൊപ്പം അനീഷീന് ആശ്വാസമാകാൻ റഫീഖ് അഹമ്മദ് ഇട്ട പോസ്റ്റും ചർച്ചയാവുകയാണ്. ഈ വിവാദ പോസ്റ്റ് റഫീഖ് പിൻവലിച്ചെങ്കിലും സ്‌കീൻ ഷോട്ടുകൾ ചർച്ചയാക്കുകയാണ് മറുപക്ഷത്തുള്ളവർ.

ഈ അടുത്ത കാലത്ത് പിണറായി സർക്കാരിന് ഏറ്റവും വലിയ തലവേദനയുണ്ടാക്കിയത് ഡിജിപിയായ ജേക്കബ് തോമസായിരുന്നു. സംസ്ഥാനത്തെ ഈ മുതിർന്ന ഐപിഎസുകാരനെതിരെ സിപിഎം സൈബർ ലോകവും അതിശക്തമായി പ്രതികരിച്ചു. ഇതിനെല്ലാം സ്രാവുകൾക്കൊപ്പം നീന്തുമ്പോഴെന്ന സർവ്വീസ് സ്‌റ്റോറിയുടെ തലവാചകം ഉപയോഗിച്ചാണ് ജേക്കബ് തോമസ് പ്രതിരോധിച്ചത്. അനീഷ് ഷംസുദ്ദീനും ഇപ്പോൾ ആ വാക്ക് ഫെയ്‌സ് ബുക്കിൽ സ്റ്റാറ്റാസാക്കുന്നു. ഒപ്പം വലതു പക്ഷത്തേക്ക് മാറിയെന്നും പ്രഖ്യാപിക്കുന്നു. എന്നാൽ നാട്ടിൽ പാർട്ടിക്കാരനായി തുടരുമെന്നും. അതുകൊണ്ട് തന്നെ ഏറെ വിലയിരുത്തലുകൾക്ക് അനീഷിന്റെ പോസ്റ്റുകളും സ്റ്റാറ്റസും ചർച്ചയാകും. ഇതിനൊപ്പമാണ് റഫീഖ് അഹമ്മദ് ഇട്ട പോസ്റ്റും.

അനീഷ് ഷംസുദീനോട് സഖാവ് ഇനി സിപഎമ്മിന് വേണ്ടി എഴുതരുത്. വിഡ്ഢിത്തമാണത്. സ്വയം നാശത്തിന്റെ പടുകുഴി തോണ്ടലും കൂടിയാണ് ഇതെന്ന് റഫീഖ് അഹമ്മദ് ഉപദേശ രൂപേണ കുറിച്ചു. ഇത് വിവാദത്തിന് പുതിയ തലം നൽകി. ഈ പോസ്റ്റ് നിമിഷങ്ങൾക്കുള്ളിൽ തന്നെ പിൻവലിക്കുകയും ചെയ്തു. ഇതിനൊപ്പമാണ് അനീഷ് ഷംസുദീൻ താൻ ഒരു വലതുപക്ഷക്കാരനെന്ന് വ്യക്തമാക്കി സ്റ്റാറ്റസും ഇടുന്നത്. കെ കെ രമയേയും കോൺഗ്രസ് നേതാക്കളേയും അധിക്ഷേപിച്ചതാണ് അനീഷിന് വിനയാകുന്നത്. ഈ വിഷയത്തിൽ രമ പൊലീസിൽ പരാതിയൊന്നും നൽകിയില്ല. എന്നാൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗൗരവത്തോടെ ഇടപെടൽ നടത്തി. ഇതാണ് സിപിഎം സൈബർ സഖാക്കൾക്കിടയിൽ പ്രതിസന്ധിയായി മാറുന്നത്.

ആർ.എംപി നേതാവ് കെ കെ രമയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വ്യാപകമായ സൈബർ ആക്രമണമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. അവരുടെ സ്ത്രീത്വത്തെ പോലും അപമാനിക്കുന്ന തരത്തിൽ അസഭ്യവർഷമാണ് ചിലർ ചൊരിയുന്നത്. പൊതുപ്രവർത്തക കൂടിയായ ഒരു സ്ത്രീയെ അപമാനിക്കുന്ന ഈ സംഘം കേട്ടാൽ അറയ്ക്കുന്ന ഭാഷയിലാണ് എഴുതുന്നത്. പൊതുരംഗത്ത് ഏറെ തിളങ്ങി നിന്ന ടിപി ചന്ദ്രശേഖരന്റെ ക്രൂരമായ കൊലപാതകത്തിന് ശേഷമാണ് കെ കെ രമ പാർട്ടിയുടെ നേതൃത്വം ഏറ്റെടുത്തത്. ഇവർ വിധവയും ഒരമ്മയുമാണെന്ന ഒരു ദാക്ഷിണ്യവുമില്ലാതെയാണ് രാഷ്ട്രീയ വിയോജിപ്പുകളുടെ പേരിൽ അങ്ങേയറ്റം അധിക്ഷേപം നടത്തുന്നത്. ടിപി ചന്ദ്രശേഖരനെ വധിച്ചിട്ടും വൈരാഗ്യം തീരാതെയാണ് കെ കെ രമയ്ക്കെതിരെ ആക്രമണം തുടരുന്നതെന്നായിരുന്നു പരാതിയിൽ ചെന്നിത്തല വിശദീകരിച്ചത്.

പൊലീസ് ആക്ട് 120 ഒ ,ക്യൂ ,354 എ 4 വകുപ്പ് സെക്ഷൻ 67 എന്നീ വകുപ്പുകൾ അനുസരിച്ചു ,അസഭ്യ വർഷം നടത്തുന്നവർക്കെതിരേ കേസെടുക്കണം. ഈ ആവശ്യം ഉന്നയിച്ചു ഡിജിപിക്ക് ചെന്നിത്തല കത്ത് നൽകി. സിപിഎം അധികാരത്തിൽ എത്തിയ ശേഷം സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ പരകോടിയിലെത്തി. കോടഞ്ചേരിയിൽ ഗർഭിണിയുടെ വയറിൽ ചവിട്ടി ഗർഭസ്ഥ ശിശുവിനെ കൊല്ലുന്നവരായി സിപിഎം നേതാക്കൾ മാറിക്കഴിഞ്ഞു.ബ്രാഞ്ച് സെക്രട്ടറിയടക്കമുള്ള പ്രതികളെ അറസ്റ്റ് ചെയ്യാനായി പരാതിക്കാർക്ക് പൊലീസ് സ്റ്റേഷന് മുന്നിൽ കുടിൽകെട്ടി സമരം ചെയ്യേണ്ടിവന്നത് സ്ത്രീകൾക്ക് സുരക്ഷയും നീതിയും ലഭിക്കുന്നില്ല എന്നതിന്റെ ഞെട്ടിപ്പിക്കുന്ന ഉദാഹരണമാണ്. ഇങ്ങനെ പ്രതികരണവും വിഷയത്തിൽ നടത്തി. ഇതോടെ കൃത്യമായ നടപടികൾക്ക് ഡിജിപി പൊലീസിന് നിർദ്ദേശം നൽകി.

വടകരയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം ഉണ്ടായ സിപിഎം അക്രമ സംഭവങ്ങൾക്കെതിരെ നടന്ന ബഹുജന മാർച്ചിൽ പങ്കെടുത്തതിനു പിന്നാലെയാണ് രമയ്‌ക്കെതിരായുള്ള അശ്ലീല സൈബർ ആക്രമണം രൂക്ഷമായത്. യു.ഡി.എഫ്, ആർ.എംപി.ഐ, സിപിഐ(എം.എൽ)റെഡ്സ്റ്റാർ തുടങ്ങിയ പാർട്ടികളുടെ നേതൃത്വത്തിലായിരുന്നു വടകരയിൽ ബഹുജന മാർച്ച് സംഘടിപ്പിച്ചിരുന്നത്. ഇതിൽ യു.ഡി.എഫ് നേതാക്കൾക്കൊപ്പമുള്ള രമയുടെ ചിത്രങ്ങൾ സഹിതമാണ് കേട്ടാലറക്കുന്ന അശ്ലീല പദപ്രയോഗങ്ങളുമായി സൈബർ സഖാക്കൾ രംഗത്ത് വന്നത്. വാലന്റെയിൻസ് ഡേയായായ കഴിഞ്ഞ 14ന് യു.ഡി.എഫ് നേതാക്കൾക്കൊപ്പം കറങ്ങുന്ന ആർ.എംപി.ഐ നേതാവെന്ന രീതിയിലാണ് പോസ്റ്റുകളും കമന്റുകളും ഫേസ്‌ബുക്കിലിട്ടിരിക്കുന്നത്.

രമേശ് ചെന്നിത്തല മുല്ലപ്പള്ളി രാമചന്ദ്രൻ എംപി, കെ.സി.വേണുഗോപാൽ എംപി, പാറക്കൽ അബ്ദുള്ള എംഎ‍ൽഎ, ഡി .സി.സി പ്രസിഡണ്ട് ടി .സിദ്ദിഖ്, ആർ.എംപി.ഐ സംസ്ഥാന സെക്രട്ടറി എൻ.വേണു, കെ.എസ് ഹരിഹരൻ തുടങ്ങിയ നേതാക്കൾ പങ്കെടുത്ത മാർച്ചിൽ പങ്കെടുത്തത് ചൂണ്ടിക്കാട്ടിയാണ് സൈബർമീഡിയയിലൂടെ ടിപിയുടെ ഭാര്യയെ അപമാനിച്ചത്. ഈ വിഷയത്തിൽ പരാതി കൊടുക്കാൻ രമ തയ്യാറായില്ല. സിപിഎമ്മിന്റെ പൊലീസിന് പരാതി കൊടുത്തിട്ട് കാര്യമില്ലെന്ന് രമ നിലപാട് എടുത്തു.

ഇതോടെയാണ് ചെന്നിത്തല പരാതി നൽകിയത്. ഇക്കാര്യത്തിൽ എടച്ചേരി പൊലീസ് അന്വേഷണം നടത്തി. രമയുടെ മൊഴിയെടുക്കുകയും ചെയ്തു. ഇതോടെയാണ് സൈബർ സഖാക്കളിലേക്ക് അന്വേഷണം എത്തിയത്. അനീഷ് ഷംസുദീനെ പ്രതിയാക്കാനും തീരുമാനിച്ചു. രാത്രിയിൽ അനീഷിന്റെ വീട്ടിൽ അറസ്റ്റിന് പൊലീസ് എത്തി. പൊലീസിനെ വീട്ടിൽ പോകാൻ അനുവദിക്കരുതെന്ന അനീഷിന്റെ ആവശ്യവും ആരും ഏറ്റെടുത്തില്ല. പൊലീസ് എത്തിയപ്പോൾ വീട്ടിൽ അനീഷ് ഉണ്ടായിരുന്നില്ല. അതുകൊണ്ട് അറസ്റ്റ് ഒഴിവായി. ഇതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ നിലപാട് വിശദീകരിച്ച് അനീഷ് ഷംസുദീൻ എത്തിയത്. പിന്നാലെ സ്റ്റാറ്റസും മാറ്റി. അതിനിടെ വിശദീകരണവും പുതുതായി നൽകി. പഴ പോസ്റ്റുകൾ നീക്കിയിട്ടാണ് പുതിയ വിശദീകരണം

അനീഷ് ഷംസുദീന്റെ ഫെയ്‌സ് ബുക്കിലെ പുതിയ വിശദീകരണം ഇങ്ങനെ

ന്നലെത്തെ പോസ്റ്റുകളെക്കുറിച് ഒരു വിശദീകരണം ആവശ്യമുണ്ടെന്ന് തോന്നുന്നു

കെ കെ രമ വിഷയം തന്നെയാണു , കേസൊന്നും ഗുരുതരമല്ല . സ്റ്റേഷൻ ജാമ്യം കിട്ടുന്ന ഒരു ചെറിയ കേസ് . ഹൈക്കോടതിയിൽ പോയാൽ ക്വാഷ് ചെയാവുന്ന അത്ര ദുർബലമാണു സൈബർ ഇടത്തിലെ കേസ് .

എന്നാൽ കേസ് എടുത്ത രീതി തന്നെ തെറ്റാണു . പൊലീസ് ആസ്ഥാനത്ത് നിന്ന് സൈബർ സെല്ലിലേക്ക് അറിയിക്കുന്നു , സൈബർ സെൽ ആദ്യം എന്റ ഭാര്യയുടെ ഫോണിൽ വിളിച് സംസാരിക്കുന്നു , അത് കഴിഞ്ഞ് റിപ്പോർട്ട് കൊടുക്കുന്നു അവിടന്ന് വടകര സ്റ്റേഷനിലേക്ക് FIR ഇട്ട് ആളെ അറസ്റ്റ് ചെയാൻ ഉത്തരവ് കൊടുക്കുന്നു . പൊലീസ് FIR ഇട്ട് ഉടൻ തന്നെ എന്നെ വിളിച് ഹാജരായില്ലെങ്കിൽ വീട്ടിൽ വന്ന് അറസ്റ്റ് ചെയും എന്ന് പറയുന്നു , പിറ്റേ ദിവസം വീണ്ടും വിളിക്കുന്നു , അതിനു ശേഷം ഉടൻ തന്നെ വടകരയിൽ നിന്ന് ആലുവയിൽ എന്റെ വീട്ടിൽ പൊലീസ് വരുന്നു .

ഈ കേസിന്റെ വേഗത കണ്ടിട്ട് ആരാണ് ആഭ്യന്തര വകുപ്പ് ഭരിക്കുന്നതെന്നാണു എന്റ സംശയം .

FB യിലെ സംഭവത്തെക്കുറിച് ഒരു കേസ് രജിസ്റ്റർ ചെയണമെങ്കിൽ ആദ്യം ഫേസ്‌ബുക്ക് ആയി ബന്ധപ്പെട്ട് ഡീറ്റയിൽസ് എടുക്കണം , അല്ലാതെ നിയമപരമായി അത് നില നിൽക്കില്ല എന്നത് യാഥാർത്ത്യമാണു .

മരിചുപോയ ഡേവിസ് സഖാവിനെതിരെ കുറച് നാൾ മുൻപ് ഉണ്ടായ ആരോപണത്തിന്റെ നിജസ്ഥിതി തെളിയിക്കാൻ ഉതകുന്ന ഒരു പരാതി രണ്ട് വർഷമായി സൈബർ സെല്ലിൽ അടയിരിക്കുന്നു . വാട്സപ്പിലൂടെ കൊല്ലും എന്ന് ഭീഷണിപ്പെടുത്തി വോയിസ് ക്ലിപ്പ് അയചവർക്കെതിരെ വ്യക്തമായ തെളിവോടെ മലപ്പുറത്തുള്ള ഒരു യുവതി കേസ് കൊടുത്തിട്ട് മാസം മൂന്ന് കഴിഞ്ഞു . ഒന്നും സംഭവിചട്ടില്ല . ഷുഹൈബ് വധത്തിൽ പങ്കുണ്ട് എന്ന് ഫോട്ടോ സഹിതം പോസ്റ്റർ അടിച് പ്രചരിപ്പിചവർക്കെതിരെ തലശേരിയിൽ ഒരു സഖാവ് കേസ് കൊടുത്തിട്ട് ഒരു തേങ്ങയും നടന്നിട്ടില്ല . പീഡോഫീൽനെ ന്യായീകരിച കേസ് മുതൽ എനിക്ക് തന്നെ അറിയാവുന്ന ഒരുപാട് സൈബർ കേസുകൾ ഇപ്പോഴും ഫയലിൽ വിശ്രമിക്കുകയാണു . എന്തിനേറെ ... കോഴിക്കോട് ജില്ലാ സെക്രട്ടറിയെ ആക്രമിക്കാനും , AKG സെന്റർ ആക്രമിക്കാനും ആഹ്വാനം നടത്തിയ , രക്തസാക്ഷി സുധീഷിന്റെ അമ്മയെ അവഹേളിച്ച RMP കാരനെതിരെ ഒരു FIR പോലും ഇട്ടിട്ടില്ല . ജ്യാം ഇല്ലാ വകുപ്പിൽ കേസ് എടുക്കാവുന്ന കുറ്റമാണു
അപ്പോഴാണു എനിക്കെതിരെ കൊടുത്ത കേസിൽ ഇത്രക്ക് ശുഷ്‌കാന്തി

എനിക്കെതിരെ കേസ് എടുത്തതിനു സർക്കാരിനെ അഭിനന്ദിച് രശ്മി നായർ ഇട്ട പോസ്റ്റിൽ പറയുന്നത് ' കേസ് കണ്ടപ്പോൾ പേടിചു ' എന്നാണു .

സഘികൾ നോട്ടം ഇട്ടു എന്ന് മനസിലായപ്പോൾ ' ബിസിനസ് സുഖമമാക്കാൻ ' സി പി എം ലേക്ക് ഫേസ്‌ബുക്കിലൂടെ ഊർന്നിറങ്ങിയ അവർക്ക് അറിയില്ലല്ലൊ , SFI യിലും DYFI യിലും ഒക്കെ ഗ്രണ്ട് ലവലിൽ പ്രവർത്തിചവർ എത്ര കേസ് നേരിട്ടിട്ടുണ്ടാകും എന്ന് ??

നേരിടേണ്ടിവന്ന കേസിന്റെ എണ്ണമോ വലിപ്പമൊ ഒന്നും പറയുന്നില്ല , പക്ഷെ ഒരു കാര്യം പറയാം രണ്ട് തവണ ഇടതുപക്ഷം പ്രതിപക്ഷത്ത് ഇരിക്കുംബോൾ ഞാൻ വിദ്യാർത്ഥി യുവജന ഭാരവാഹി ആയിരുന്നു . കോളേജിൽ ചേരുന്ന വർഷം പോലും ആദ്യം ആലുവ കോടതിയിൽ പോയി കേസിന് ഹാജരായിക്കഴിഞ്ഞാണ് ക്ലാസിൽ പോയിരുന്നത് . ദിവസവും പെരുംബാവൂർ സ്റ്റേഷനിൽ പോയി ഒപ്പിടണമായിരുന്നു ഒരുകാലത്ത് . അന്നുപോലും ഒരു പൊലീസുകാരൻ വീട്ടിൽ എന്നെ അന്വേഷിച് വന്നിട്ടില്ല . പെരുംബാവുരും അങ്കമാലിയിലും എന്റ നാട്ടിലുമൊക്കെ പാർട്ടി നേതൃത്വങ്ങൾ അങ്ങനെ ആയിരുന്നു . പ്രതിപക്ഷത്ത് ഇരിക്കുംബോൾ പോലും പൊലീസ് സ്റ്റേഷനുമായി അവർക്കുള്ള ബന്ധം അങ്ങനെ ആയിരുന്നു

എന്നിട്ടാണു ഇത്ര ചീള് കേസിൽ എന്നെ അന്വേഷിച് വീട്ടിൽ പൊലീസ് വന്നത് . അതും വടകരയിൽ നിന്ന് ഞാൻ പലരോടും പറഞ്ഞിരുന്നു വീട്ടിൽ പൊലീസ് വന്നാൽ ഉമ്മ പ്രശ്‌നം ഉണ്ടാക്കും , പിന്നെ എഫ് ബി പൂട്ടേണ്ടിവരും അത് ഒഴിവാക്കണം എന്ന് . വ്യക്തമായി അറിയിക്കേണ്ടവരോട് കാര്യം പറഞ്ഞിരുന്നു . എന്നിട്ടും വീട്ടിൽ പൊലീസ് വന്നു , അതുകൊണ്ട് എഫ് ബി രാഷ്ട്രീയം തൽക്കാലം നിറുത്താൻ നിർബന്ധിതനായി

ഇതുപോലെയുള്ള ആഭ്യന്തര വകുപ്പാണെങ്കിൽ തൽക്കാലം വിട്ട് നിൽക്കൽ തന്നെ നല്ലത് .

ഇന്നലെത്തെ പോസ്റ്റ് കണ്ട് ഇതര പാർട്ടിയിലുള്ള പല സുഹൃത്തുക്കളും അവരോട് കൂടെ ചേർന്നാൽ എന്ത് സഹായവും ചെയാം എന്ന് പറഞ്ഞ്. ( ആരൊക്കെ എന്ന് ഇൻബോക്‌സിൽ ചോദിക്കണ്ട )

അവരോട് നന്ദി അറിയിചുകൊണ്ട് തന്നെ ആ ക്ഷണം തള്ളിക്കളയുന്നു . കാരണം മറ്റൊന്നുമല്ല , ഞാൻ ഫേസ്‌ബുക്കിലൂടെ ഇടത് പക്ഷത്ത് എത്തിയ ആളല്ല. ഞാൻ ആദ്യം DYFI ഭാരവാഹിയും പാർട്ടി മെംബറും ആയതിനു ശേഷമാണു SFI മെംബർഷിപ്പിലേക്ക് വരുന്നത് . 20 ആം വയസിൽ പാർട്ടി മെംബർഷിപ്പിൽ വന്ന് 67 ആം വയസിലും പാർട്ടി മെംബർഷിപ്പിൽ ഉള്ള ആളാണു എന്റ പിതാവ് . ( പാർട്ടിക്കാരൻ ഷംസു എന്നാണു ആളുടെ ഐഡന്റിറ്റി തന്നെ ഏത് പാർട്ടി എന്ന് പോലും പറയണ്ട . പാർട്ടി എന്ന് പറഞ്ഞാൽ തന്നെ CPM ആണ് എന്റ നാട്ടിൽ )

ഞാൻ പ്രവാസി ആയതിനാൽ നാട്ടിൽ പ്രവർത്തിക്കാൻ കഴിയാത്തതുകൊണ്ട് മാത്രം ഫേസ്‌ബുക്കിലേക്ക് കളം മാറ്റി എന്നേ ഒള്ളു . അതുകൊണ്ട് പിണറായി വിജയന്റെ ആഭ്യന്തര വകുപ്പൊ , സർക്കാരിന്റെ നിലപാടുകളൊ എന്റെ നിലപാടുകളെ സ്വാധീനിക്കുന്ന സ്ഥിതി ആയിട്ടില്ല ഇത്വരെ . അങ്ങനെ ആകുകയും ഇല്ല .

ഈ ആഭ്യന്തര വകുപ്പ്കൊണ്ട് പാർട്ടിക്കുണ്ടായിട്ടുള്ള ഡാമേജ് ഇതുവരെ ആർക്കും മനസിലായിട്ടില്ലെങ്കിൽ അനുഭവത്തിൽ മനസിലാകും എന്നേ പറയാനൊള്ളു .

ഒരു വർഷം മാക്‌സിമം ശിക്ഷ ലഭിക്കാവുന്ന iPC 509 ൽ ഇത്ര ശുഷ്‌കാന്തി കാണിക്കുന്ന പൊലീസ് ആസ്ഥാനത്തുള്ളവർ ആർക്ക് വേണ്ടിയാ പണി എടുക്കുന്നത് എന്ന് പാർട്ടി അന്വേഷിക്കേണ്ടിയിരിക്കുന്നു . ഇല്ലെങ്കിൽ കാൽചുവട്ടിലെ മണ്ണൊലിച് പോകുന്നത് അറിയില്ല .

അതുകൊണ്ട് തൽക്കാലം ഒന്ന് കളം മാറ്റി ചവിട്ടുന്നു , ഫേസ് ബുക്കിൽ നിന്ന് നാട്ടിലേക്ക് പ്രവർത്തനം മാറ്റുന്നു

ഇതിൽ കൂടുതൽ വിശദീകരിക്കാൻ ഇല്ല , ഇൻബോക്‌സിലും .
സഹായം വാഗ്ദ്ധാനം ചെയ്ത എല്ലാ പാർട്ടിയിലും പെട്ട സുഹൃത്തുക്കൾക്കും നന്ദി അറിയിക്കുന്നു .