വാലന്റൈൻ ദിനത്തിൽ ഇതിലും വലിയൊരു സമ്മാനം മറ്റൊരാൾക്കും നൽകാനാവില്ല. കാണാതായ ഭാര്യയെത്തേടി സൈക്കിളിൽ 750 കിലോമീറ്ററോളം സഞ്ചരിച്ച് 28 ദിവസത്തിനുശേഷം കണ്ടെത്തിയത് പ്രണയികളുടെ ദിനത്തിൽ. ഝാർഖണ്ഡിലെ ബലിയഗോഡ ഗ്രാമത്തിൽനിന്നുള്ള മനോഹർ നായിക്കാണ് ഭാര്യയെത്തേടി സൈക്കിളിൽ 55 ഗ്രാമങ്ങളിലൂടെ അലഞ്ഞത്. പോകുന്നിടത്തെല്ലാം ഭാര്യയുടെ ചിത്രം കാണിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ ബംഗാളിൽനിന്നാണ് ഭാര്യ അനിതയെ മനോഹറിന് കണ്ടെത്താനായത്.

ഓരോ ദിവസവും 25 കിലോമീറ്റർവരെ സൈക്കിളിൽ യാത്ര ചെയ്തായിരുന്നു അന്വേഷണം. അന്വേഷണം നീണ്ടുപോയതോടെ ജനുവരി 24-ന് മുസബോനി പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി. ഫെബ്രുവരി ഒന്നുവരെ വിവരമൊന്നും ലഭിക്കാതെ വന്നതോടെ അനിതയെ കണ്ടെത്താനാകുമെന്ന പ്രതീക്ഷ തനിക്ക് നഷ്ടമായതായി മനോഹർ പറഞ്ഞു. എന്നാൽ, കഴിഞ്ഞ ഞായറാഴ്ച മുസബോനി പൊലീസ് മനോഹറിനെ വിളിച്ച് തന്റെയും ഭാര്യയുടെയും ആധാർ കാർഡുകളുമായി ഹാജരാകാൻ ആവശ്യപ്പെട്ടു.

പശ്ചിമബംഗാളിലെ കാർഗ്‌പോർ പൊലീസ് സ്‌റ്റേഷനിലെത്താനായിരുന്നു പൊലീസ് ആവശ്യപ്പെട്ടത്. അവിടെ അനിതയുണ്ടായിരുന്നു. മുസബോനി പൊലീസ് ഫോട്ടോയടക്കം നൽകിയ വിവരം അനുസരിച്ച് സമീപത്തെ മറ്റ് സറ്റേഷനുകളിലെ പൊലീസകാരും അന്വേഷണം നടത്തിയിരുന്നു. ഒഡിഷയിലെയും പശ്ചിമബംഗാളിലെയും പൊലീസും അന്വേഷണത്തിൽ പങ്കാളികളായി. ഒടുവൽ കാർഗ്‌പോർ പൊലീസാണ് വഴിയരികിൽ അനാഥാവസ്ഥയിൽ കഴിഞ്ഞിരുന്ന അനിതയെ കണ്ടെത്തിയത്.

മനോവൈകല്യമുള്ള അനിത, താൻ വീടുവിട്ടിറങ്ങിയശേഷം ആന്ധ്ര പ്രദേശിലും ഒഡിഷയിലും പോയതായി പൊലീസിനോട് പറഞ്ഞു. മീൻപിടിക്കാനും ഇതിനിടെ പോയിരുന്നു. ഭാര്യയെ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് ഇപ്പോൾ മനോഹർ. കാലികാപുറിലെ ആശുപത്രിയിൽ ചികിത്സയിലാണ് അനിതയിപ്പോൾ. കൂട്ടിന് മനോഹറിന്റെ മൂത്ത സഹോദരിയുമുണ്ട്.