ദുബായ്: ഒൻപത് മാസത്തോളം ബർദുബായിലെ തെരുവിൽ കഴിയ മലയാളി വനിത തിരുവനന്തപുരം സ്വദേശിനി അനിതാ ബാലു ഒടുവിൽ നാട്ടിലേക്ക് പോയി. ദുബായ് എമിഗ്രേഷൻ അധികൃതർ സഹായഹസ്തം നീട്ടിയതിനാലാണ് വൻ തുക കടബാധ്യതയുണ്ടായിരുന്ന അനിതയ്ക്ക് നാട്ടിലേക്കു പോകാൻ സാധിച്ചത്. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ഔട്ട്പാസ് അനുവദിച്ചതോടെ കഴിഞ്ഞ ദിവസം ഇവർ നാട്ടിലേക്കു പോകുകയായിരുന്നു. ഇക്കാര്യം എമിഗ്രേഷൻ അധികൃതർ സാമൂഹിക പ്രവർത്തകരായ അഡ്വ.ഏബ്രഹാം പി.ജോൺ, ജിജോ എന്നിവരെയാണ് അറിയിച്ചത്. അതേസമയം ഇന്ത്യയിൽ എവിടേക്കാണ് അനിത പോയത് എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല.

അനിത ബർദുബായ് തെരുവിൽ കഴിയുന്നതിനെക്കുറിച്ച് മനോരമ ഓൺലൈൻ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇത് അഡ്വ.ഏബ്രഹാം പി. ജോൺ, ജിജോ എന്നിവർ ദുബായ് എമിഗ്രേഷന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് ഒരു മാസം മുൻപ് അധികൃതർ ഇവരെ കൂട്ടിക്കൊണ്ടുപോയി സംരക്ഷണം നൽകിയിരുന്നു. അനിത സുരക്ഷിതമായി എമിഗ്രേഷന്റെ കീഴിൽ ഷെൽട്ടറിൽ കഴിയുന്നതായി അധികൃതർ അറിയിക്കുകയും ചെയ്തു. ഇവരുടെ കട ബാധ്യതകൾ തീർക്കാൻ എമിഗ്രേഷൻ അധികൃതർ മുന്നോട്ട് വന്നതാണ് നാടിന്റെ തണലിലേക്കു പോകാൻ വഴിയൊരുങ്ങിയത്.

കോടികളുടെ കടബാധ്യത, ഒടുവിൽ തെരുവിൽ

കോടികളുടെ കടബാധ്യത പെരുകിയതോടെയാണ് അനിത ബാലു ദുബായിലെ തെരുവിൽ അന്തിയുറങ്ങേണ്ട അവസ്ഥയിൽ എത്തിപ്പെട്ടത്. മാസങ്ങളായി അനിത രാപ്പകൽ കഴിച്ചുകൂട്ടുന്നത് ബർദുബായ് വഴിയോരത്തെ ഒഴിഞ്ഞ പബ്ലിക് ടെലിഫോൺ ബൂത്തിലായിരുന്നു. ബൂത്തിലെ കുഞ്ഞു സ്റ്റൂളിലിരുന്ന് ഉറങ്ങിയിരുന്ന അനിത പ്രഭാതകൃത്യങ്ങൾ നടത്തിയിരുന്നത് തൊട്ടടുത്തെ പൊതുശൗചാലയത്തിലായിരുന്നു. പരിസരം വൃത്തിയാക്കുന്നതിനെ തുടർന്ന് ലഭിക്കുന്ന തുച്ഛമായ കൂലി കൊണ്ടായിരുന്നു വിശപ്പടക്കിയിരുന്നത്. തന്റെ പ്രശ്നം പരിഹരിക്കാതെ ഇവിടെ നിന്ന് എവിടേയ്ക്കുമില്ലെന്ന ഉറച്ച തീരുമാനത്തിലായിരുന്നു ഇവർ.

അഡ്വ.ഏബ്രഹാം പി. ജോൺ, ജിജോ എന്നിവർ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നായിരുന്നു അധികൃതർ പ്രശ്നത്തിൽ ഇടപെട്ടത്. ഭർത്താവ് ബാലു വരുത്തിവച്ച ലക്ഷങ്ങളുടെ കടബാധ്യതകളായിരുന്നു അനിതയ്ക്ക് ഉണ്ടായിരുന്നത്. ബർദുബായ് വഴിയോരത്തെ ഒഴിഞ്ഞ പബ്ലിക് ടെലിഫോൺ ബൂത്തിൽ കഴിയുന്ന മലയാളി വനിതയുടെ കഥ വൈറലായിരുന്നു. ഒൻപത് മാസത്തോളമായി ഇവർ കഴിഞ്ഞത് ടെലിഫോൺ ബൂത്തിലാണ്. ഭർത്താവിന്റെ ചതിയാണ് അനിതാ ബാലു എന്ന 46കാരിക്ക് ദുരവസ്ഥ നൽകിയത്. പിന്നണി ഗായകൻ എംജി ശ്രീകുമാറിന്റെ അടക്കം കുടുംബ സുഹൃത്തായിരുന്നു അനിതാ ബാലു.

നിത്യവും പരിസരം വൃത്തിയാക്കുന്നതിനെ തുടർന്നു ലഭിക്കുന്ന തുച്ഛമായ കൂലി കൊണ്ടാണു വിശപ്പടക്കുന്നത്. ആലപ്പുഴ കണ്ടല്ലൂർ സ്വദേശിനിയാണ് അനിതാ ബാലു. ആരുടേയും കണ്ണ് നയിപ്പിക്കുന്നതാണ് അനിതാ ബാലുവിന്റെ കഥ. ഭർത്താവ് ആലപ്പുഴ മുതുകുളം സ്വദേശി ബാലു ദുബായിൽ ബിസിനസുകാരനായിരുന്നു. 1996 മുതൽ നടത്തിയ ബിസിനസ് പിന്നീട് തകരുകയും വിവിധ ബാങ്കുകളിൽ നിന്നു ബാലു വൻതുക വായ്പയെടുക്കേണ്ടി വരികയും ചെയ്തു. അതിനെല്ലാം ജാമ്യം നിർത്തിയതു ഭാര്യ അനിതയെയായിരുന്നു.

വായ്പ തിരിച്ചടക്കാനാതായപ്പോൾ ബാലു അനിതയെ ഉപേക്ഷിച്ച് ഇളയെ മകനേയും കൂട്ടി നാട്ടിലേയ്ക്ക് പോയി. ദുരിതത്തിലായ അവർ മൂത്ത മകനെയും കൊണ്ടു പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും വായ്പ തിരിച്ചടക്കാത്തതിനെ തുടർന്നു ബാങ്കുകാരും മറ്റൊരു കമ്പനിയും കേസു കൊടുക്കുകയും ഒടുവിൽ അനിത കീഴടങ്ങുകയുമായിരുന്നു. 36 മാസം തടവു ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയപ്പോൾ താമസിക്കാനുള്ള ഇടം പോലും നഷ്ടപ്പെട്ടിരുന്നു. മകൻ താൻ പഠിച്ച സ്‌കൂളിൽ ചെറിയൊരു ജോലിയിൽ പ്രവേശിച്ചിരുന്നു. എന്നാൽ മകന്റെ കൂടെ താമസിക്കാൻ അനിത തയ്യാറായതുമില്ല. ഭർത്താവിനോടുള്ള പ്രതിഷേധവുമായി അവർ തെരുവിൽ ഇറങ്ങി. ഇയാൾക്ക് കേരളത്തിൽ വേറെ ഭാര്യയും കുട്ടിയുമുണ്ട്.

തന്റേതല്ലാത്ത കാരണത്താൽ അനുഭവിക്കുന്ന സാമ്പത്തിക ബാധ്യത തീരാതെ താൻ നാട്ടിലേയ്ക്കു മടങ്ങില്ലെന്നാണ് ഇവരുടെ നിലപാട്. 22 ലക്ഷത്തോളം ദിർഹമായിരുന്നു ബാങ്കിലടക്കേണ്ടിയിരുന്നത്. മറ്റൊരു കമ്പനിക്ക് 5 ലക്ഷത്തോളം ദിർഹവും. രണ്ടു കൂട്ടരും സിവിൽ കേസ് നൽകിയപ്പോൾ കുടുങ്ങിയത് അനിതയും. അഡ്വ. ഏബ്രഹാം പി. ജോണിന്റെ ശ്രമഫലമായി ബാങ്കു വായ്പ തുക രണ്ടു ലക്ഷമാക്കി കുറച്ചുനൽകാൻ ബാങ്കുകാർ തയ്യാറായിരുന്നു. ഇക്കഴിഞ്ഞ നവംബർ 30ന് മുൻപ് തുക അടയ്ക്കണമെന്നായിരുന്നു ബാങ്ക് ആവശ്യപ്പെട്ടത്. അതിന് കഴിഞ്ഞിട്ടില്ല.

അഡ്വ.ഏബ്രഹാം ജോൺ ബാങ്കിന് വീണ്ടും അപേക്ഷ നൽകിയപ്പോൾ ഡിസംബർ അവസാനം വരെ കാലാവധി നീട്ടി നൽകി. ആ തീയതിക്ക് മുൻപ് പണം അടച്ചില്ലെങ്കിൽ ഇളവ് റദ്ദാക്കുമെന്നും ബാങ്ക് അധികൃതർ അറിയിച്ചു. അതും നടന്നില്ല. ഇതിനിടെ അനിതയ്ക്ക് താത്കാലികമായി താമസ സൗകര്യം നൽകാൻ തയ്യാറാണെന്ന് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചിട്ടുണ്ടെങ്കിലും തന്റെ കേസുകൾ ഒത്തുതീർപ്പാക്കാതെ തെരുവിൽ നിന്ന് മാറില്ലെന്ന് അവർ പറയുന്നു.

പബ്ലിക് ടെലിഫോൺ ബൂത്തിനെ വീടാക്കി

ബർദുബായിലെ ക്ഷേത്രത്തോടും പള്ളിയോടും ചേർന്നുള്ള പബ്ലിക് ടെലിഫോൺ ബൂത്തായിരുന്നു അനിതയുടെ വീട്. അവിടെ ബാഗും വസ്ത്രങ്ങളും ട്രാൻസിസ്റ്ററും കാണാം. വിവിധ വസ്തുക്കളിൽ ചിത്രങ്ങൾ വരച്ച് വിറ്റ് കിട്ടുന്ന തുകയും ഇവർ ഉപജീവനത്തിന് ഉപയോഗിക്കുന്നു. പഠിക്കുന്ന കാലത്ത് ചിത്രം വരച്ചിരുന്നെങ്കിലും പിന്നീട് ആ കഴിവ് നഷ്ടപ്പെട്ടിരുന്നു. ടെലിഫോൺ ബൂത്ത് ജീവിതത്തിന്റെ വിരസത ഒഴിവാക്കാനായിരുന്നു റേഡിയോയിൽ പാട്ടുകൾ കേട്ടുകൊണ്ടുള്ള ചിത്ര രചന.

പരിസരങ്ങളിലെ ഓഫീസുകളിൽ ജോലി ചെയ്യുന്ന മലയാളികളടക്കമുള്ളവരും താമസിക്കുന്നവരും അനിതയെ പലപ്പോഴും സമീപിച്ച് ഭക്ഷണവും പണവും സഹായം വാഗ്ദാനം ചെയ്യാറുണ്ടെങ്കിലും അവർ അത് സ്വീകരിക്കാൻ തയ്യാറായിരുന്നില്ല. ചലച്ചിത്ര പിന്നണി ഗായകൻ എം.ജി.ശ്രീകുമാറിന്റെ കുടുംബസുഹൃത്തുക്കളായിരുന്നു അനിതയും ഭർത്താവും. അനിതയുടെ ദുഃഖകഥ അറിഞ്ഞ ശ്രീകുമാർ അവരെ സഹായിക്കാൻ താത്പര്യം അറിയിച്ചിരുന്നു. സംഗീതത്തിലുള്ള അനിതയുടെ അവഗാഹമാണ് ശ്രീകുമാറിനെ ആ കുടുംബവുമായി അടുപ്പിച്ചതെന്നാണ് സൂചന. ആ സഹായവും വേണ്ടെന്ന് വച്ചു.

ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ അവർ ബർ ദുബായ് റഫാ പൊലീസ് സ്റ്റേഷനിൽ നിന്നു പോകാൻ തയ്യാറായില്ലെന്നതാണ് വസ്തുത. സഹതാപം തോന്നിയ പൊലീസ് ഉദ്യോഗസ്ഥർ അവർക്കു ഭക്ഷണവും മറ്റും നൽകി. പിന്നീട് ടെലിഫോൺ ബൂത്ത് താമസ സ്ഥലമായി തിരഞ്ഞെടുക്കുകയായിരുന്നു. നിരന്തരം പൊലീസിന്റെ സാന്നിധ്യമുള്ള ഇവിടെ മറ്റാരുടെയും ശല്യം ഇവർ നേരിടേണ്ടി വരുന്നില്ല.

അനിതയുടെ ദുരിത ജീവിതത്തിന് പരിഹാരം കണ്ടെത്തണം എന്നാവശ്യപ്പെട്ട് പല സാമൂഹിക പ്രവർത്തകരും ഇന്ത്യൻ കോൺസുലേറ്റിനെ സമീപിച്ചിരുന്നു. സാമൂഹിക പ്രവർത്തകൻ ഷിജു ബഷീറാണ് ആദ്യമായി അനിതയെ പുറംലോകത്തിന് കാട്ടിക്കൊടുത്തത്. എന്നാൽ, വൻതുകയാണ് ഇവരുടെ പ്രശ്നപരിഹാരത്തിന് ആവശ്യം എന്നത് പുനരധിവസിപ്പിക്കാനുള്ള ശ്രമത്തിൽ നിന്ന് പലരെയും പിന്തിരിപ്പിച്ചു. ഇന്ത്യൻ കോൺസുലേറ്റ് പോലും നിസ്സഹായരായി.

പിന്നീട് ബാങ്കുകളിലെ ബാധ്യതകൾ എമിഗ്രേഷൻ ഒത്തുതീർപ്പാക്കാനാണ് ശ്രമിച്ചത്. ഇത് ഭാഗികമായി വിജയം കണ്ടതിന് ശേഷമാണ് അനിതയെ നാട്ടിലേക്ക് തിരിച്ചയച്ചത് എന്നാണ് റിപ്പോർട്ടുകൾ. ബാങ്കുകളിലെയും സ്വകാര്യ കമ്പനിയിലെയും ബാധ്യതകൾ ദുബായ് എമിഗ്രേഷൻ ചർച്ച ചെയ്ത് പരിഹരിക്കുകയായിരുന്നു.