- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനിത പുല്ലയിൽ നിയമസഭാ മന്ദിരത്തിൽ കടന്നത് സഭാ ടിവിക്ക് ഒടിടി സഹായം നൽകുന്ന ബിട്രൈയിറ്റ് സൊലൂഷനിലെ ജീവനക്കാരുടെ സഹായത്തോടെ; ലോക കേരളസഭ നടന്ന ശങ്കരൻ തമ്പി ഹാളിൽ കടക്കാൻ കഴിഞ്ഞില്ല; സഭാ ചീഫ് മാർഷലിന്റെ റിപ്പോർട്ട്
തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലുമായുള്ള ബന്ധത്തിന്റെ പേരിൽ ആരോപണവിധേയായ പ്രവാസി വനിത അനിത പുല്ലയിൽ ലോകകേരള സഭ നടക്കുമ്പോൾ നിയമസഭയിലെത്തിയത് സഭാ ടിവിക്ക് സാങ്കേതിക സഹായം നൽകുന്ന സ്വകാര്യ കമ്പനിയുടെ സഹായത്തോടെ. സഭയുടെ സുരക്ഷാ ചുമതലയുള്ള ചീഫ് മാർഷൽ നിയമസഭാ സെക്രട്ടറിക്ക് റിപ്പോർട്ട് കൈമാറി.
സഭാ ടീവിക്ക് ഒടിടി സഹായം നൽകുന്ന ബിട്രൈയിറ്റ് സൊലൂഷനിലെ ജീവനക്കാരുടെ സഹായത്തോടെയാണ് ഇവർ നിയമസഭാ മന്ദിരത്തിൽ എത്തിയത്. സഭാ ടിവി ഓപ്പൺ ഫോറത്തിൽ പങ്കെടുക്കാനുള്ള ക്ഷണക്കത്ത് അനിതയുടെ കൈവശം ഉള്ളതുകൊണ്ടാണ് കടത്തിവിട്ടതെന്നാണ് സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ മൊഴി.
അനിത പുല്ലയിലിനെ കമ്പനിയുടെ ജീവനക്കാർ സഭയിൽ അനുഗമിച്ചതായി റിപ്പോർട്ടിൽ പറയുന്നു. രണ്ടു ജീവനക്കാരാണ് കൂടെയുണ്ടായിരുന്നത്. ഇവരുടെ തിരിച്ചറിയൽ രേഖകൾ കണ്ടതോടെ സുരക്ഷാ ജീവനക്കാർ അകത്തേക്കു കടത്തി വിട്ടു. എന്നാൽ, ലോക കേരളസഭ നടക്കുന്ന ശങ്കരൻ തമ്പി ഹാളിൽ കടക്കാൻ അനിതയ്ക്കു കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ട്. ആറു വാച്ച് ആൻഡ് വാർഡുമാരിൽനിന്ന് ചീഫ് മാർഷൽ തെളിവു ശേഖരിച്ചു.
സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. മാധ്യമങ്ങളുടെ വാഹനങ്ങൾ പാർക്കു ചെയ്യുന്ന സ്ഥലത്താണ് സമ്മേളനത്തിന്റെ ഭാഗമായുള്ള ഓപ്പൺ ഫോറം നടന്നത്. പാസ് നൽകിയാണ് വിദ്യാർത്ഥികളെ അടക്കം ഓപ്പൺ ഫോറത്തിൽ പങ്കെടുപ്പിച്ചത്. ഓപ്പൺ ഫോറത്തിൽ പങ്കെടുക്കാനുള്ള പാസ് അനിതയുടെ കൈവശം ഉണ്ടായിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. അനിതയ്ക്കു പാസ് ലഭിക്കാനിടയായ സാഹചര്യം പരിശോധിച്ചു വരുന്നു. നാളെ അന്വേഷണ റിപ്പോർട്ട് സംബന്ധിച്ച കാര്യങ്ങൾ സ്പീക്കർ മാധ്യമങ്ങളോട് വിശദീകരിക്കും. സ്പീക്കർക്ക് കൈമാറിയ റിപ്പോർട്ടിന്മേൽ നാളെ നടപടി ഉണ്ടാകും.
ലോക കേരള സഭക്കിടെ അനിതാ പുല്ലയിൽ നിയമസഭാ മന്ദിരത്തിലെത്തിയത് വൻ വിവാദമായതോടെയാണ് അന്വേഷണത്തിന് സ്പീക്കർ നിയമസഭാ ചീഫ് മാർഷലിനെ ചുമതലപ്പെടുത്തിയത്. അനിത സഭാമന്ദിരത്തിലേക്ക് വരുന്നത് മുതലുള്ള കാര്യങ്ങൾ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
ഓപ്പൺ ഫോറത്തിലെ അതിഥികൾക്കുള്ള ക്ഷണക്കത്ത് നോർക്ക വിവിധ പ്രവാസി സംഘടനകൾക്കായിരുന്നു നൽകിയത്. ഈ സംഘടനകൾ വഴിയായിരിക്കും ക്ഷണക്കത്ത് അനിതക്ക് കിട്ടാൻ സാധ്യത. തുടർച്ചയായ രണ്ട് ദിവസവും അനിത സമ്മേളന സമയത്ത് എത്തിയതിനെ ഗൗരവത്തോടെയാണ് നിയമസഭാ സെക്രട്ടറിയേറ്റ് കാണുന്നത്.
രണ്ട് ദിവസം വന്നതിൽ വലിയ സുരക്ഷാ വീഴ്ചയുണ്ടെയെന്നാണ് വിലയിരുത്തൽ. മാധ്യമങ്ങളുടെ റിപ്പോർട്ടിന് ശേഷം മാത്രമാണ് അനിതയെ മന്ദിരത്തിൽ നിന്നും മാറ്റിയത്. അനിതക്ക് സഹായം നൽകിയ ബിട്രെയ്റ്റ് സൊലൂഷനുമായുള്ള കരാർ റദ്ദാക്കാനും സാധ്യതയുണ്ട്. റിപ്പോർട്ട് പരിശോധിച്ച ശേഷം നാളെ വാർത്താസമ്മേളനത്തിൽ സ്പീക്കർ നടപടി പ്രഖ്യാപിക്കും.
മറുനാടന് മലയാളി ബ്യൂറോ