- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോയ് വയലാട്ട് മുറിയിലെത്തി ബലം പ്രയോഗിച്ച് പീഡിപ്പിച്ചുവെന്ന് മൊഴി; ഈ സംഭവം കഴിഞ്ഞ് ഒരാഴ്‌ച്ച പിന്നിടുമ്പോൾ മിസ് കേരള അൻസി കബീറും സുഹൃത്തുക്കളും അപകടത്തിൽ മരിച്ചു; ഇരകളെ കുടുക്കിയത് ഫാഷൻ രംഗത്ത് ജോലി വാഗ്ദാനത്തിൽ; അഞ്ജലി റീമദേവിനെതിരെ ഉയരുന്നത് വമ്പൻ ആരോപണങ്ങൾ
കോഴിക്കോട്: ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ റോയ് വയലാട്ടിനെയും സൈജു തങ്കച്ചനെയും കുരുക്കിലാക്കി പരാതിക്കാരിയുടെ വെളിപ്പെടുത്തൽ. റോയിയുടെ ഹോട്ടലിൽ പെൺകുട്ടിയെ എത്തിച്ചത് അഞ്ജലി റിമാ ദേവും സൈജുവും ചേർന്നാണെന്നാണ് വെളിപ്പെടുത്തൽ. യൂട്യൂബറായ പെൺകുട്ടിക്ക് അഞ്ജലി റീമദേവ് തന്റെ ഉടമസ്ഥതയിലുള്ള മിസ് യൂണിക്കോൺ എന്ന സ്ഥാപനത്തിൽ ജോലി വാഗ്ദാനം ചെയ്തു. ജോലിയിൽ കയറി ഒരു മാസം പിന്നിട്ടപ്പോൾ ബിസിനസ് മീറ്റിങ്ങുണ്ടെന്നു പറഞ്ഞ് ഒരു ദിവസം കൊച്ചിയിലേക്ക് കൊണ്ടുപോയെന്നാണ് ആരോപണം.
അഞ്ജലിക്കൊപ്പം റോയിയുടെ സുഹൃത്തായ സൈജു തങ്കച്ചനും കേസിൽ പ്രതിയാണ്. ഫാഷൻ രംഗത്ത് ജോലി വാങ്ങിനൽകാമെന്ന് വാഗ്ദാനം ചെയ്താണ് പെൺകുട്ടികളെ കെണിയിൽപ്പെടുത്തിയത്. ഇവരെ കോഴിക്കോട് നിന്നും റോയിയുടെ ഫോർട്ട് കൊച്ചിയിലെ ഹോട്ടലിൽ എത്തിച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു. അഞ്ജലിയുടെ നിർദ്ദേശ പ്രകാരമാണ് പെൺകുട്ടികൾ ഫോർട്ട് കൊച്ചിയിലെത്തുന്നത്. ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഒൻപത് പെൺകുട്ടികൾ കൂടി അഞ്ജലിക്കെതിരെ കോടതിയിൽ മൊഴി നൽകിയതായാണ് പുറത്തുവരുന്ന വിവരം.
റോയ് മുറിയിലെത്തി ബലം പ്രയോഗിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. ഈ സംഭവം കഴിഞ്ഞ് ഒരാഴ്‌ച്ച പിന്നിടുമ്പോഴാണ് മുൻ മിസ് കേരള അൻസി കബീറും സുഹൃത്തുക്കളും മരണപ്പെടുന്നത്. നവംബർ ഒന്നിന് രാത്രി ഹോട്ടലിൽ നിന്നും മടങ്ങുമ്പോഴാണ് പാലാരിവട്ടം ബൈപ്പാസിൽ നിയന്ത്രണം വിട്ട കാർ അപകടത്തിൽപ്പെടുന്നത്. സൈജു മോഡലുകളെ പിന്തുടരുന്നതിനിടെയായിരുന്നു അപകടമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഈ കേസിലും റോയിയും സൈജുവും പ്രതികളാണ്.
അഞ്ജലിയെ കുടുക്കി കൂടുതൽ വിവരങ്ങൾ പുറത്തു വന്നു കഴിഞ്ഞു. കേസിലെ പ്രതികളിലൊരാളായ അഞ്ജലിയാണ് പെൺകുട്ടികൾ പീഡനത്തിനിരയായപ്പോൾ ദൃശ്യങ്ങൾ പകർത്തിയതെന്ന് കോഴിക്കോട് സ്വദേശിയായ പരാതിക്കാരി പറഞ്ഞു. പൊലീസിൽ പീഡന വിവരം അറിയിച്ചാൽ ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് അഞ്ജലി ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
ആഡംബര ഹോട്ടലിലായിരുന്നു ആദ്യ ദിവസം താമസിപ്പിച്ചിരുന്നത്. മോഡലുകൾക്ക് അപകടം പറ്റിയ ദിവസം സൈജു തങ്കച്ചൻ ഉപയോഗിച്ച അതേ കാറിൽത്തന്നെയായിരുന്നു നമ്പർ 18ലേക്കു കൊണ്ടുപോയത്. 'ഇച്ചായാ, ഞാൻ ആറു ഗേൾസിനെയും കൊണ്ട് വരുന്നുണ്ടെന്ന് ' യാത്രയ്ക്കിടെ സൈജു റോയിയെ വിളിച്ച് പറയുകയും ചെയ്തു. പാർട്ടി ഹാളിൽ പ്രമുഖരും സീരിയൽ നടന്മാരുമുണ്ടായിരുന്നുവെന്നാണ് വെളിപ്പെടുത്തൽ. ഹാളിലെത്തിയപ്പോൾത്തന്നെ ശീതള പാനീയം കുടിക്കാൻ അഞ്ജലി പിറകേനടന്നു പ്രേരിപ്പിച്ചിരുന്നു. ഇതിനിടെ റോയ് വരികയും മുൻ പരിചയമുള്ളതുപോലെ പേരെടുത്തു വിളിച്ച് സംസാരിക്കുകയും ചെയ്തു. നൃത്തം ചെയ്യാൻ നിർബന്ധിച്ചുവെങ്കിലും തങ്ങൾ കൂട്ടാക്കിയിരുന്നില്ല.
20 മിനിറ്റു കഴിഞ്ഞതോടെ പാർട്ടിയുടെ സ്വഭാവം മാറിത്തുടങ്ങി. എല്ലാവരും ലഹരിയുടെ മൂർധന്യത്തിലേക്ക് എത്തിത്തുടങ്ങി. ഹാളിൽ കാലുകുത്താനുള്ള സ്ഥലം പോലുമില്ലാത്തത്ര തിരക്കായിരുന്നു. പെൺകുട്ടികളായിരുന്നു അധികവും. റോയി അവർക്കൊപ്പം നൃത്തം ചെയ്തിരുന്നു. ലഹരിയിലായതിനാൽ പല പെൺകുട്ടികളും മറ്റുള്ളവർ അവരുടെ ശരീരത്തിൽ എന്തുചെയ്യുന്നുവെന്നു പോലും അറിയാത്ത അവസ്ഥയിലായിരുന്നു. ഇതു കണ്ടു പേടിച്ച് പുറത്തേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും സെക്യൂരിറ്റി അനുവദിച്ചില്ല. ഒടുവിൽ ബഹളംവച്ചാണ് പുറത്തെത്തിയത്.
രാത്രി ഏറെ വൈകിയതിനാൽ പിന്നീട് അഞ്ജലിക്കൊപ്പം തന്നെ മടങ്ങേണ്ടി വന്നു. ടെലികോളർ, മോഡൽ, പഴ്‌സനൽ മേക്കപ്പ് ആർട്ടിസ്റ്റ് തുടങ്ങിയ ജോലികളിലേക്കാണ് അഞ്ജലി പെൺകുട്ടികളെ നിയമിച്ചിരുന്നത്. ഹോട്ടലിൽ നടന്നത് വെറുമൊരു പോക്‌സോ കേസല്ലെന്നും കൂടുതൽ തെളിവുകൾ നൽകാൻ തയാറാണെന്നും പെൺകുട്ടി പറഞ്ഞു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കെണിയിൽ പെടുത്തുന്ന റാക്കറ്റ് ഫോർട്ട്‌കൊച്ചിയിലെ നമ്പർ 18 ഹോട്ടൽ കേന്ദ്രീകരിച്ചു പ്രവർത്തിച്ചതായി പൊലീസിനു തെളിവു ലഭിച്ചു.
റോയിയും സൈജുവും പ്രതികളായ, മോഡലുകൾ അപകടത്തിൽ മരിച്ച കേസ് അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘത്തിനു തന്നെ പോക്‌സോ കേസും കൈമാറി. പ്രതികൾ കെണിയിൽ അകപ്പെടുത്തിയ മുഴുവൻ പെൺകുട്ടികളും മൊഴി നൽകിയാൽ പ്രതികൾക്കെതിരെ കൂടുതൽ പോക്‌സോ കേസ് രജിസ്റ്റർ ചെയ്യും. റോയ് മുൻകൂർ ജാമ്യത്തിനു ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഹർജി പരിഗണിക്കുന്ന ബുധനാഴ്ച വരെ പ്രതിയെ അറസ്റ്റ് ചെയ്യരുതെന്നു കോടതി വാക്കാൽ നിർദേശിച്ചിട്ടുണ്ട്. അറസ്റ്റ് ഒഴിവാക്കാനായി മറ്റു 2 പ്രതികളും മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കാൻ കൊച്ചിയിലെ അഭിഭാഷകരെ സമീപിച്ചു.
മറുനാടന് മലയാളി ബ്യൂറോ