വെഞ്ഞാറമൂട്: തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ ഭർത്താവിന്റെ പരസ്ത്രീ ബന്ധം താങ്ങാനാവാതെ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് പഴകുറ്റി ഉളിയൂർ മോഹനൻ ഭവനിൽ പരേതനായ ബാലുവിന്റെയും തങ്കച്ചിയുടെയും മകൾ അഞ്ജു (24) ഭർത്തൃഗൃഹത്തിൽ ജീവനൊടുക്കും മുമ്പ് സ്വന്തം ശരീരത്തിലാണ് ആത്മഹത്യാക്കുറിപ്പ് കോറിയിട്ടത്. ഭർത്താവായ വെഞ്ഞാറമൂട് ആലന്തറമാമൂട്ടിൽ അജിഭവനിൽ അജിയെ പൊലീസ് ചോദ്യം ചെയ്തു വരുകയാണ്.

ഭർത്താവിന്റെ പരസ്ത്രീ സൗഹൃദം കരിനിഴൽ വീഴ്‌ത്തിയതോടെ രണ്ട് മക്കളെ തനിച്ചാക്കി അഞ്ജു ആത്മഹത്യ ചെയ്യുകയായിരുന്നു. സ്വകാര്യ ആശുപത്രി ജീവനക്കാരിയായ യുവതിയുമായുള്ള ഭർത്താവിന്റെ അടുപ്പത്തെ ചോദ്യം ചെയ്തു. ഇതോടെ അഞ്ജുവിനെ മർദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതാണ് യുവതി ജീവനൊടുക്കാൻ കാരണമെന്ന് ബന്ധുക്കൾ പറയുന്നു. അഞ്ജുവിന്റെ സഹോദരന്റെ പരാതിയിൽ അജിയെ കസ്റ്റഡിയിലെടുത്ത പൊലീസ് യുവതിയുടെ ആത്മഹത്യാകുറിപ്പിൽ പരാമർശിക്കുന്ന സ്ത്രീയുടെ മൊബൈൽഫോൺ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ഇക്കാര്യം സ്ഥിരീകരിച്ച ശേഷമായിരുന്നു അജിയുടെ അറസ്റ്റ്.

ഏറെനാളായി ഒരുമിച്ച് താമസിക്കുകയും രണ്ട് കുട്ടികൾക്ക് ജന്മം നൽകുകയും ചെയ്‌തെങ്കിലും അഞ്ജുവിനെ നിയമപരമായി വിവാഹം ചെയ്തില്ലെന്നതാണ് വസ്തുത. നാലുമാസമായി അജിയുടെ ഫോണിലേക്ക് നിരന്തരം വിളിച്ചുകൊണ്ടിരുന്ന ഒരു സ്ത്രീ ശബ്ദമാണ് വില്ലത്തിയാത്.. നിരന്തരമുള്ള ഈ ഫോൺവിളി ചോദ്യം ചെയ്ത അഞ്ജുവിനെ അജി അടുത്തിടെ തല്ലുകയും അവളുടെ ഫോൺ നിലത്തടിച്ച് തകർക്കുകയും ചെയ്തത് സഹിക്കാനാകാതെയാണ് അഞ്ജു ജീവനൊടുക്കിയത്. അജിയുടെ ബന്ധുവായ അനിതയാണ് വിളിക്കുന്നതെന്നായിരുന്നു ഇയാൾ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ ഇത് കള്ളമാണെന്ന് ബോദ്ധ്യപ്പെട്ട അഞ്ജു ഫോൺവിളികൾക്ക് പിന്നിലാരാണെന്ന് നിരന്തരം അന്വേഷിക്കാൻ തുടങ്ങി. കഴിഞ്ഞ നാലുദിവസമായി അജിയും അഞ്ജവും തമ്മിൽ ഇതേചൊല്ലിയുണ്ടായ നിരന്തര വഴക്കാണ് ചൊവ്വാഴ്ച മർദ്ദനത്തിലും മൊബൈൽഫോൺ തകർക്കലിലും കലാശിച്ചത്. അഞ്ജുവിനെ മർദ്ദിച്ച അജി പുറത്തുപോയപ്പോഴാണ് അഞ്ജു കിടപ്പുമുറിയിൽ ചുരിദാർ ഷാളിൽ ജീവനൊടുക്കിയത്.

തൂങ്ങിയ നിലയിൽ കണ്ട അഞ്ജുവിനെ വീട്ടുകാർ ഉടൻ അഴിച്ചിറക്കി സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആശുപത്രിയിലെത്തിയ അജി ഭാര്യമരിച്ചെന്നറിഞ്ഞതോടെ അവിടെ നിന്ന് മുങ്ങി. ആശുപത്രി അധികൃതർ നടത്തിയ പരിശോധനയിൽ ഇടതുകാലിന്റെ കണങ്കാലിൽ കറുത്ത മഷിയിൽ ഒരു മൊബൈൽ നമ്പരും സ്ത്രീയുടെ പേരും പരാമർശിച്ച് 'അവൾ കള്ളിയാണ് , അവൾ കാരണമാണ് ഞാൻ മരിക്കുന്നത്. അവൾ പറഞ്ഞ പേര് കള്ളമാണ് , അവളെ പിടിക്കണം' എന്നെഴുതിയിരുന്നു. ആരൊടെന്നില്ലാതെ സ്വന്തം ശരീരത്തിൽ അഞ്ജു കുത്തിക്കുറിച്ച ഈ വാക്കുകളാണ് അജിയുടെ പരസ്ത്രീ ബന്ധത്തിലേക്കും അഞ്ജുവിന്റെ ആത്മഹത്യയിലേക്കും വിരൽ ചൂണ്ടിയത്. ആത്മഹത്യാകുറിപ്പിൽ അഞ്ജു എഴുതിയിരുന്ന ഫോൺ നമ്പരിൽ നിന്ന് അജിയുമായുള്ള ഫോൺ സംഭാഷണങ്ങളും എസ്.എംഎസ് സന്ദേശങ്ങളുമുൾപ്പെടെ വിശദമായ തെളിവുകൾ സൈബർ പൊലീസ് സഹായത്തോടെ പൊലീസ് ശേഖരിച്ചു.

പത്താം ക്‌ളാസിൽ പഠിക്കുമ്പോൾ മൊട്ടിട്ട പ്രണയമാണ് അഞ്ജുവിനെ ടിപ്പർ ലോറി ഡ്രൈവറായ അജിയുടെ ഭാര്യയാക്കിയത്. വർഷങ്ങൾക്ക് മുമ്പ് സ്‌കൂളിൽ പോകും വഴിയാണ് അഞ്ജുവിനെ നെടുമങ്ങാട് ഇലക്ട്രിക് കടയിൽ സഹായിയായി ജോലി നോക്കിയിരുന്ന അജി ആദ്യമായി കണ്ടത്. പ്രണയക്കുരുക്കിൽ വീഴ്തി മഞ്ജുവിനെ പ്രായപൂർത്തിയാകുംമുമ്പേ തട്ടിക്കൊണ്ടുപോയി. അജിയുമായുള്ള പ്രണയം അറിയാമായിരുന്ന വീട്ടുകാർ പൊലീസിൽ പരാതി നൽകാനോ മറ്റ് നടപടികൾക്കോ മുതിർന്നില്ല. വിവാഹശേഷവും ഇലക്ട്രിക് കടയിൽ ജോലി ചെയ്ത് കുടുംബം പുലർത്തിയിരുന്ന അജി ഏതാനും വർഷങ്ങൾക്ക് മുമ്പാണ് ടിപ്പർ ഡ്രൈവറായി പോയി തുടങ്ങിയത്. അർജുൻ (6), ആരോമൽ (4) എന്ന രണ്ടുമക്കളുമായി അജിയുടെ കുടുംബവീട്ടിലായിരുന്നു ഇവരുടെ താമസം.

അഭിപ്രായ വ്യത്യാസങ്ങൾ രൂക്ഷമായി തുടരുന്നതിനിടെ അഞ്ജുവിന്റെ മാലയും വളകളുമുൾപ്പെടെ പത്തുപവനോളം ആഭരണങ്ങൾ ഏതാനും ദിവസം മുമ്പ് അജി കൈക്കലാക്കിയിരുന്നതായി അഞ്ജുവിന്റെ ബന്ധുക്കൾ ആരോപിക്കുന്നു. അഞ്ജുവിനെ ആശുപത്രിയിൽ എത്തിച്ച അവസരത്തിൽ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളും ആശുപത്രി ജീവനക്കാർ ഊരി ഇയാൾക്കാണ് കൈമാറിയത്. പ്രേമവിവാഹമായിരുന്നതിനാൽ മകൾക്ക് സ്ത്രീധനമായി പണമോ സ്വർണമോ നൽകാൻകഴിയാത്തതിന്റെ കുറവ് പരിഹരിക്കാൻ നൽകിയ സ്വർണമാണ് അജി കൈക്കലാക്കിയത്.

കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് അജിയുടെ ഫോണിൽ നിന്നാണ് അഞ്ജു അവസാനമായി മാതാവ് തങ്കച്ചിയെ വിളിച്ചത്. അച്ഛന്റെ മരണശേഷം തന്റെ എല്ലാമായിരുന്ന അമ്മയോട് അവൾ വിങ്ങിപ്പൊട്ടി. അജിയെ ആരോ ഫോണിൽ വിളിക്കുന്നതും അത് ചോദിച്ചതിന് തന്നെ ക്രൂരമായി മർദ്ദിച്ചതും ഫോൺ എറിഞ്ഞുടച്ചതുമെല്ലാം അമ്മയോട് പറഞ്ഞു. ഒരു പുതിയ പട്ടുസാരി വാങ്ങിവയ്ക്കണമെന്നും അതു തന്റെ ശരീരത്തിൽ മൂടണമെന്നും പറഞ്ഞതായി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. വെഞ്ഞാറമൂട് സി.ഐ വിജയന്റെ നേതൃത്വത്തിലാണ് കേസിന്റെ അന്വേഷണം.