ഷിംല: പ്രണയിച്ച് വഞ്ചിച്ച യുവാവിന് യുവതിയുടെ വക അടിയും ഉപദേശവും. ഉത്തരാഖണ്ഡ് മന്ത്രി ഹാരക് സിങ് റാവത്തിന്റെ അനന്തരവൻ അങ്കിത് റാവത്തിനാണ് എക്‌സ് കാമുകിയുടെ മർദനമേറ്റത്. യുവതി ഇയാളെ മർദിക്കുന്നതും പെൺകുട്ടികളെ ശല്യം ചെയ്യരുതെന്ന് പറയുകയും ചെയ്യുന്ന വീഡിയോ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്.

അങ്കിതും യുവതിയും ഒരു വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. മറ്റു സ്ത്രീകളുമായി അങ്കിതിനുള്ള ബന്ധമാണ് യുവതിയെ പ്രകോപിപ്പിച്ചത്. എന്തിനാണ് തന്റെ സഹോദരിക്കും മെസേജ് അയച്ചതെന്നും പെൺകുട്ടി അങ്കിതിനോട് ചോദിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. ഇനി മറ്റു പെൺകുട്ടികളുമായി ബന്ധം സ്ഥാപിക്കില്ലെന്ന് സത്യം ചെയ്യാനും യുവതി ഇയാളോട് ആവശ്യപ്പെടുന്നതായി കാണാം. അഥവാ മറ്റു പെൺകുട്ടികൾക്കൊപ്പം കണ്ടാൽ താൻ അടിക്കുമെന്നും യുവതി പറയുന്നുണ്ട്.

'ഇനി ധർമശാലയിലെ ഒരു പെൺകുട്ടിക്കുമൊപ്പം ഞാൻ കറങ്ങി നടക്കില്ല. അങ്ങനെ ചെയ്താൽ എന്നെ തല്ലിക്കോളൂ' എന്നാണ് അങ്കിതിനോട് പറയാൻ ആവശ്യപ്പെടുന്നത്. ആദ്യം സമ്മതിച്ചില്ലെങ്കിലും പിന്നീട് യുവതിയുടെ ആവശ്യങ്ങളെല്ലാം അങ്കിത് കരഞ്ഞുകൊണ്ട് സമ്മതിക്കുന്നതും കാണാം. ഡെറാഡൂണിലെ ബഞ്ചാരാവാലിയിലാണ് സംഭവം. യുവതിക്കൊപ്പമുള്ള മറ്റൊരു സ്ത്രീയാണ് വീഡിയോ എടുത്തിരിക്കുന്നത്.