സാധാരണ വിദ്യാർത്ഥികൾ ഗെയിം കളിച്ച് പഠിക്കേണ്ടുന്ന സമയം വെറുതെ കളയുമ്പോൾ പോക്കർ ഗെയിം കളിച്ച് തന്റെ പഠനത്തിനുള്ള പണം കണ്ടെത്തിയ ചരിത്രമാണ് സ്‌കോട്ട്ലൻഡിൽ ഡിഗ്രി പഠിക്കാനെത്തിയ ഇന്ത്യൻ വിദ്യാർത്ഥിയായ അന്മോൽ ശ്രീവാസ്റ്റ്സിനുള്ളത്. നാലര വർഷം കൊണ്ട് ഈ മിടുക്കൻ പോക്കർ കളിച്ചുണ്ടാക്കിയിരിക്കുന്നത് 80,000 പൗണ്ടാണ്. കളിയിലെ കണക്ക് പഠിച്ച ന്മോലിനെ പ്രശംസിച്ച് ബ്രിട്ടീഷ് മാദ്ധ്യമങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ഒരു സിംഗിൾ ഹാൻഡിൽ 6000 പൗണ്ട് വരെ നേടാറുള്ള അന്മോൽ ആ പണം ഉപയോഗിച്ചായിരുന്നു യൂണിവേഴ്സിറ്റി ഫീസടച്ചിരുന്നത്. സംഖ്യാപരമായ തന്റെ കഴിവുകൾ ഉപയോഗിച്ചായിരുന്നു ഈ മാത് സ് അണ്ടർഗ്രാജ്വേറ്റ് കഴിഞ്ഞ നാല് വർഷത്തിനിടെ ഈ നേട്ടം കൈവരിച്ചത്.

സ്‌കോട്ട്ലൻഡിലെ യൂണിവേഴ്സിറ്റി ഓഫ് സെന്റ് ആൻഡ്രൂസിൽ പഠിക്കുന്നതിനിടെയാണ് അന്മോൽ ഈ തിളങ്ങുന്ന വിജയം നേടിയിരിക്കുന്നത്. ശരാശരി സ്‌കോട്ടിഷ് വിദ്യാർത്ഥി 10 ലക്ഷം രൂപ കടമുണ്ടാക്കുമ്പോൾ 22കാരനായ അന്മോൽ വർഷത്തിൽ ശരാശരി 20 ലക്ഷം രൂപ ഉണ്ടാക്കുകയായിരുന്നു ചെയ്തത്. തന്റെ ആദ്യ വർഷം ബംഗളുരുകാരനായ ഈ വിദ്യാർത്ഥി സമ്പാദിച്ചത് 50 ലക്ഷം രൂപയായിരുന്നു. തന്റെ 15ാം വയസിലായിരുന്നു അന്മോൽ പോക്കർ കരിയർ ആരംഭിച്ചത്. തുടർന്ന് ഒരു ഓൺലൈൻ ടൂർണമെന്റിൽ ഈ മിടുക്കൻ 24000 രൂപ നേടുകയും ചെയ്തു. ഇതോടെ ഗെയിം രംഗത്തെ ജൈത്രയാത്രയ്ക്ക് അന്മോൽ തുടക്കം കുറിക്കുകയായിരുന്നു. തന്റെ ജീവിതച്ചെലവ് ഓരോ വർഷവും ഇതിലൂടെ നേടിയിരുന്നുവെന്നാണ് അന്മോൽ വ്യക്തമാക്കുന്നത്. ഇതിലൂടെ പണം വളരെ പെട്ടെന്ന് നഷ്ടമാകുമെന്ന ബോധ്യവും ഇദ്ദേഹത്തിനുണ്ട്.

ഇതിലൂടെ തന്റെ ജീവിതനിലവാരം വർധിപ്പിക്കാൻ സാധിച്ചിട്ടുണ്ടെന്നും ഈറ്റിങ് ഹാളുകളിൽ നിന്നും ഭക്ഷണം കഴിക്കുന്നതിന് പകരം ചിലപ്പോഴൊക്കെ താൻ റസ്റ്റോറന്റുകളിൽ നിന്നും ഭക്ഷണം കഴിക്കാറുണ്ടെന്നും അന്മോൽ വെളിപ്പെടുത്തുന്നു. നടന്ന് പോകുന്നതിന് പകരം ടാക്സി വിളിക്കാനും സാധിക്കാറുണ്ട്. ഒരു ഓൺലൈൻ ടൂർണമെന്റിൽ നിന്നും താൻ 16,000 പൗണ്ട് വരെ നേടിയിട്ടുണ്ടെന്നും ഈ വിദ്യാർത്ഥി വെളിപ്പെടുത്തുന്നു. പോക്കർ കളിക്കുന്നത് തന്റെ ഡിഗ്രിക്കും ഗുണപ്രദമായെന്ന് അന്മോലിന് തോന്നാറുണ്ട്. ഇതിലൂടെ തന്റെ ഗണിതശാസ്ത്രപരമായ കഴിവുകൾ മെച്ചപ്പെട്ടുവെന്ന് ഈ വിദ്യാർത്ഥി സാക്ഷ്യപ്പെടുത്തുന്നു. യൂണിവേഴ്സിറ്റി പഠനത്തിന് ശേഷം ഒരു ട്രേഡറായി പ്രവർത്തിക്കാനാണ് അന്മോൽ ആഗ്രഹിക്കുന്നത്. ട്രേഡിംഗിനും പോക്കർ കളിക്കുന്നതിനും തമ്മിൽ ഒരു പാട് സാമ്യതകളുണ്ടെന്നും അന്മോൽ വിശ്വസിക്കുന്നു.