കാസർകോഡ്: മുഖ്യമന്ത്രി പിണറായി വിജയനെ വാഴ്‌ത്തിയുള്ള വ്യവസായ വകുപ്പിന്റെ അനൗൺസ്‌മെന്റ് വീഡിയോ വൈറലായതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ ചൂടേറിയ ചർച്ച. കെൽഇഎംഎൽ ഉദ്ഘാടനത്തിനായി മുഖ്യമന്ത്രിയെ ക്ഷണിച്ചപ്പോഴാണ് ചർച്ചകൾക്കു വഴിതെളിച്ച അനൗൺസ്‌മെന്റുണ്ടായത്. ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നിലപാടുകൾക്കു വിരുദ്ധമാണ് മുഖ്യമന്ത്രിയെ വിശേഷിപ്പിച്ച വാക്കുകളെന്നാണു വിമർശനമുയർത്തുന്നവർ പറയുന്നത്.

കാസർകോഡ് വെച്ച് നടന്ന വ്യവസായ വകുപ്പിന്റെ പരിപാടിയിലാണ് പിണറായി വിജയനെ വാഴ്‌ത്തിക്കൊണ്ടുള്ള അനൗൺസ്‌മെന്റ് ഉണ്ടായത്. 'നിഷ്‌കളങ്ക ഭക്തിയുടെ നിറകുടം' എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള അനൗൺസ്മെന്റ് വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായത്.

മുഖ്യമന്ത്രി ഉദ്ഘാടകനായ കേരള സർക്കാർ ഏറ്റെടുത്ത് നവീകരിച്ച കെൽ ഇലക്ട്രിക്കൽ മെഷീൻസ് ലിമിറ്റഡിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു ഈ അനൗൺസ്മെന്റ്. 'നിഷ്‌കളങ്ക ഭക്തിയുടെ നിറകുടത്തിന് മാത്രമേ അന്തരംഗ ശ്രീകോവിലിലേക്ക് പരമപ്രകാശത്തെ ആനയിക്കാൻ കഴിയുമെന്ന സന്ദേശം ഉണർത്തിക്കൊണ്ട് മുഖ്യമന്ത്രി ദീപം തെളിയിക്കുന്നു' എന്നായിരുന്നു വൈറലായ അനൗൺസ്‌മെന്റ്. ഇതിനെതിരെ വ്യാപക വിമർശനങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ അടക്കം ഉയരുന്നത്.

വ്യവസായ മന്ത്രി പി രാജിവ് അടക്കം വേദിയിൽ ഉള്ളപ്പോഴായിരുന്നു മുഖ്യമന്ത്രിയെ വാഴ്‌ത്തി അനൗൺസ്‌മെന്റ് വന്നത്. ഔദ്യോഗിക പരിപാടികളുടെ ചട്ടങ്ങൾക്ക് വിരുദ്ധമായാണ് അനൗൺസ്മെന്റ് നടത്തിയതെന്നും വിമർശനമുയർന്നിട്ടുണ്ട്. വ്യക്തി ആരാധനയുടെ ശൈലിയിലിൽ ഇത്തരത്തിലുള്ള പരാമർശങ്ങൾ പാർട്ടിയുടെ പ്രഖ്യാപിത നയങ്ങൾക്കെതിരാണ് എന്ന് പി ജയരാജൻ വിഷയത്തിൽ പിണറായി വിജയൻ അടക്കം പല തവണ വ്യക്തമാക്കിയത് ചൂണ്ടിക്കാട്ടിയാണ് സോഷ്യൽ മീഡിയയിൽ ചർച്ചകൾ കൊഴുക്കുന്നത്.



എൽഡിഎഫ് സർക്കാരിന്റെ നിലപാടുകൾക്ക് ചേരാത്ത വാക് പ്രയോഗങ്ങളുണ്ടായിട്ടും മുഖ്യമന്ത്രി പ്രതികരിച്ചില്ലെന്നും വിമർശനം ഉയർന്നു.ഇടതു സർക്കാരിന്റെ ഔദ്യോഗിക പരിപാടിയിൽ ഇത്തരം പരാമർശങ്ങളുണ്ടായത് അനുചിതമായെന്ന മട്ടിലായിരുന്നു വിമർശനങ്ങളുണ്ടായത്. എന്നാൽ പ്രതികരിക്കത്തക്ക ഗൗരവം സംഭവത്തിനില്ലെന്നും അനൗൺസറുടെ പരിചയക്കുറവാണ് ഇങ്ങനെ സംഭവിക്കാൻ ഇടയായതെന്നുമാണു മുഖ്യമന്ത്രിയെ അനുകൂലിക്കുന്നവർ പറയുന്നത്.