- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അദ്ദേഹത്തിനൊപ്പം ജോലി ചെയ്ത ഞങ്ങൾ മുപ്പതോളം പേർക്കു കോവിഡ് വന്നു; അന്നും അരികിൽ വന്ന് സുഖവിവരം അന്വേഷിച്ചു; നമ്മളൊക്കെ സൈനികരല്ലേ എന്നു പറഞ്ഞ് ധൈര്യം പകർന്നു; സ്ഥലം മാറ്റം കിട്ടിയപ്പോൾ അമ്മയക്കും ഭാര്യയ്ക്കും സാരി തന്ന മാഡം; റാവത്തിന്റെ ഡ്രൈവർക്ക് ഇത് തീരാനഷ്ടം; അനൂപ് നായർ ആ കാലം ഓർക്കുമ്പോൾ
പത്തനംതിട്ട: 'സംയുക്ത സേനാ മേധാവിയുടെ ആദ്യ ഡ്രൈവറാണ് ഞാൻ' ജനറൽ ബിപിൻ റാവത്തുമായി ഉണ്ടായിരുന്നത് ആത്മബന്ധം. മലയാളി സൈനികൻ അനൂപ് നായർ ആ ഓർമ്മകളിൽ നീറുകയാണ് ഇപ്പോൾ. ജനറൽ റാവത്ത് കരസേനാ മേധാവിയായിരുന്നപ്പോൾ 2 വർഷവും സംയുക്ത സേനാമേധാവിയായപ്പോൾ ആദ്യത്തെ ഒരു വർഷവും പത്തനംതിട്ട കൂടൽ എള്ളുംകാലായിൽ നായിക് അനൂപ് നായർ ആയിരുന്നു ഡ്രൈവർ
ജനറലിനൊപ്പം ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ഹവിൽദാർ സത്പാൽ, നായിക് ഗുർസേവക് സിങ്, നായിക് ജിതേന്ദ്ര കുമാർ, ലാൻസ് നായിക് ബി.സായിതേജ എന്നിവരും അനൂപിന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു. സേനാ മേധാവിയുടെ വസതിയിൽ ഒരുമിച്ചു ഡ്യൂട്ടി ചെയ്തിരുന്ന കൂട്ടുകാരായിരുന്നു അവർ. 'വലിയ സ്‌നേഹമുള്ള മനുഷ്യനായിരുന്നു' ജനറൽ റാവത്തിനെക്കുറിച്ച് അനൂപിന് പറയാനുള്ളത് ഇതാണഅ.
വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവരുടെയും കാര്യത്തിൽ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഉൾപ്പെടെയുള്ള പ്രമുഖരോടൊത്തുള്ള വിരുന്നുകളിൽ പങ്കെടുത്തശേഷം തിരിച്ചുവരുമ്പോൾ അദ്ദേഹം ആദ്യം അന്വേഷിക്കുക ഞങ്ങളൊക്കെ ഭക്ഷണം കഴിച്ചോ എന്നാകും. ഓരോ തവണ ഞാൻ ലീവിൽ പോയി വരുമ്പോഴും വീട്ടിലെ വിശേഷങ്ങൾ അന്വേഷിക്കും. അതുപോലെ സ്‌നേഹമായിരുന്നു ഭാര്യ മധുലികയ്ക്കും-അനൂപ് പറയുന്നു.
മാസങ്ങൾക്കു മുൻപ് ശ്രീനഗറിലേക്കു പോസ്റ്റിങ് ലഭിച്ചതിനെത്തുടർന്ന് യാത്ര പറഞ്ഞു പോരുമ്പോൾ എന്റെ അമ്മയ്ക്കും ഭാര്യയ്ക്കുമായി 2 സാരികൾ മാഡം തന്നയച്ചുവെന്നും അനൂപ് കൂട്ടിച്ചേർക്കുന്നു. തെറ്റു കണ്ടാൽ അദ്ദേഹം ശാസിക്കുകയും ചെയ്യും. 2 തവണ മാത്രമാണ് എന്നെ വഴക്കു പറഞ്ഞിട്ടുള്ളത്. ദേഷ്യം മാറുമ്പോൾ ക്ഷമ പറയും. തെറ്റിന്റെ ഗൗരവമെന്താണെന്നു സ്‌നേഹപൂർവം പറഞ്ഞു മനസ്സിലാക്കും-ഇതായിരുന്നു ജനറൽ റാവത്ത്.
അദ്ദേഹത്തിനൊപ്പം ജോലി ചെയ്തിരുന്ന ഞങ്ങൾ മുപ്പതോളം പേർക്കു കോവിഡ് വന്നു. അന്നും അരികിൽ വന്ന് സുഖവിവരം അന്വേഷിച്ചു. നമ്മളൊക്കെ സൈനികരല്ലേ, എന്നു പറഞ്ഞ് ധൈര്യം പകർന്നു-അനൂപ് ഓർക്കുന്നു. അപകടത്തിൽ മരിച്ചവരിൽ 4 സൈനികരുമായി വലിയ ആത്മബന്ധമായിരുന്നു. ഒരു പാത്രത്തിൽ ഭക്ഷണം കഴിച്ച് ഒരുമിച്ചുറങ്ങിയും ചിലപ്പോഴൊക്കെ വഴക്കിട്ടും സേനാമേധാവിയുടെ വസതിയിൽ ഡ്യൂട്ടി ചെയ്തിരുന്നു ഞങ്ങൾ. അടുത്തടുത്ത 5 കട്ടിലുകളായിരുന്നു ഞങ്ങളുടേത്.
സംയുക്ത സേനാ മേധാവി എന്ന പദവി 2 വർഷം മുൻപാണല്ലോ വന്നത്. ആദ്യ മേധാവിയായി ജനറൽ റാവത്ത് ചുമതലയേറ്റപ്പോൾ ഞാനായിരുന്നു ഡ്രൈവർ. അങ്ങനെ ഈ പദവിയിലുള്ളയാളുടെ ആദ്യ ഡ്രൈവറെന്ന നേട്ടം എനിക്കു ലഭിച്ചു. അദ്ദേഹത്തിനൊപ്പം ജോലി ചെയ്തതുകൊണ്ട് റിപ്പബ്ലിക് ദിന പരേഡിൽ പോലും വാഹനമോടിക്കാനായി. എത്രയെത്ര വലിയ ആളുകളെ നേരിൽ കാണാനായി-അനൂപ് വിശദീകരിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ