തിരുവനന്തപുരം: ക്വാറി ഉടമകളിൽനിന്ന് കൈക്കൂലി വാങ്ങിയതിന് സസ്‌പെൻഷനിലായ പത്തനംതിട്ട എസ് പി രാഹുൽ ആർ നായർക്കെതിരെ വീണ്ടും ഇന്റലിജൻസ് അന്വേഷണം. മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശം പരിഗണിച്ചാണ് ഇത്. എഡിജിപി ശ്രിലേഖയ്ക്കും ഐജി മനോജ് എബ്രഹാമിനെതിരേയുമുള്ള വിജിലൻസ് കോടതി പരാതിക്ക് പിന്നിൽ രാഹുൽ ആർ നായരാണോ എന്നാണ് ഇന്റലിജൻസ് പരിശോധിക്കുന്നത്.

ഐജി മനോജ് എബ്രഹാമിനെതിരെ തൃശൂർ വിജിലൻസ് കോടതിയിൽ പരാതിനൽകിയത് ആറന്മുള സ്വദേശിയും ആർഎസ്എസ് പ്രവർത്തകനുമായ ചന്ദ്രശേഖരൻനായരാണ്. രണ്ട് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരെ കരുവാക്കാൻ രാഹുൽ നടത്തുന്ന നീക്കമാണ് വിജിലൻസ് പരാതിയെന്നാണ് ആക്ഷേപം. വിജിലൻസ് കോടതിയിൽ നൽകിയ പരാതിയും നേരത്തെ രാഹുൽ ആർ നായർ വിജിലൻസ് മേധാവിക്കുനൽകിയ മൊഴിയും സമാനമാണെന്ന കണ്ടെത്തലിനെത്തുടർന്നാണിത്. ചന്ദ്രശേഖരൻ നായരും രാഹുൽ ആർ നായരും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നാണ് രഹസ്യാന്വേഷണ വിഭാഗം പരിശോധിക്കുന്നത്.

രാഹുൽനായർ എസ്‌പിയായിരിക്കെ അദ്ദേഹത്തിന്റെ ഓഫീസിലെ സ്ഥിരം സന്ദർശകനായിരുന്ന ഹിന്ദുഐക്യവേദി പ്രമുഖന്റെ അടുപ്പക്കാരനാണ് ചന്ദ്രശേഖരൻനായർ. അതിനാൽ മൂന്നുപേരുടെയും ഫോൺ വിശദാംശങ്ങളും ഇന്റലിജൻസ് പരിശോധിക്കുന്നുണ്ട്. പത്തനംതിട്ടയിലെ ഒരു ക്വാറി ഉടമയിൽനിന്ന് 17 ലക്ഷം രൂപ കൈക്കൂലിവാങ്ങിയെന്നാണ് രാഹുൽ ആർ നായർക്കെതിരായ പരാതി. എഡിജിപി ആർ ശ്രീലേഖയും ഐജി മനോജ് എബ്രഹാമുമാണ് തന്നെക്കൊണ്ട് എല്ലാ ചെയ്യിച്ചതെന്നായിരുന്നു എസ്‌പിയുടെ വിശദീകരണം.

ഇക്കാര്യം പരിശോധിച്ച വിജിലൻസ് പരാതി അടിസ്ഥാനരഹിതമാണെന്നുകണ്ട് തള്ളിയിരുന്നു. എന്നാൽ, ഈ പരാതി മാദ്ധ്യമങ്ങൾക്ക് ചോർത്തിനൽകി തങ്ങളെ അപമാനിക്കാൻ ശ്രമിച്ചുവെന്നാണ് ശ്രീലേഖയുടേയും മനോജ് എബ്രഹാമിന്റേയും പരാതി. ഇതിനിടെ എഡിജിപിയുംഐജിയും എസ്‌പിക്കെതിരെ ഡിജിപിക്ക് പരാതി നൽകി. ഈ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നതിനിടെയാണ് ചന്ദ്രശേഖരൻനായർ തൃശൂർ വിജിലൻസ് കോടതിയെ സമീപിച്ചത്. തുടർന്ന് ചന്ദ്രശേഖരൻനായരുടെ പരാതിയിൽ ദുരൂഹതയുണ്ടെന്നും ഇതിൽ രാഹുൽ ആർ നായരുടെ പങ്ക് അന്വേഷിക്കണമെന്നും പൊലീസ് ആസ്ഥാനത്ത് ചേർന്ന ഉന്നത ഐപിഎസ് ഉദ്യോഗസ്ഥരുടെ യോഗം ആവശ്യപ്പെട്ടു.

ഇതേത്തുടർന്നാണ് പരാതിക്കാരന്റെ ലക്ഷ്യം ഇന്റലിജൻസ് അന്വേഷിച്ചത്. പ്രവാസിയായിരുന്ന ചന്ദ്രശേഖരൻനായർ നാട്ടിലെത്തിയശേഷം ആർഎസ്എസിന്റെ പ്രധാന പ്രവർത്തകനായി. ആർഎസ്എസ് നേതാവായ പ്രദീപ് ഐരൂരുമായും ബന്ധമുണ്ട്. വിഎച്ച്പി നേതൃത്വത്തിലുള്ള വിജയാനന്ദ വിദ്യാപീഠം നടത്തിപ്പുകാരനുമാണ് ഇദ്ദേഹമിപ്പോൾ.