ചെങ്ങന്നൂർ: സോളാർ തട്ടിപ്പിൽ ഇനിയും പുറത്തു വരാത്ത രഹസ്യങ്ങൾ മൂടിവയ്ക്കാൻ പൊലീസ് നടത്തിയ വൻ അട്ടിമറി പുറത്താകുന്നു. കേസിലെ നിർണായക സാക്ഷിയെ ഭീഷണിപ്പെടുത്തി വിളിച്ചു വരുത്തി നാടുകടത്തിയ പൊലീസ് സോളാർ തട്ടിപ്പ് അന്വേഷിക്കുന്ന കമ്മിഷൻ മുമ്പാകെ അയാളെപ്പറ്റി ഒരു സൂചനയും നൽകാനും തയാറായിട്ടില്ലെന്ന് പറയുമ്പോഴാണ് അട്ടിമറിയുടെ ആഴം വ്യക്തമാകുന്നത്. സോളാർ അന്വേഷണ കമ്മീഷന് മുന്നിൽ ഇയാളെ എത്തിക്കാതിരിക്കാനും ഉന്നത ഗൂഡാലോചന തുടങ്ങി.

മുഖ്യസാക്ഷിയും ടീം സോളാറിന്റെ പർച്ചേസ് മാനേജരുമായിരുന്ന തിരുവല്ല തുകലശേരി ഇടക്കുളഞ്ഞിയിൽ ചെല്ലപ്പന്റെ മകൻ മോഹൻദാസിനെയാണ് പൊലീസ് വിളിച്ചു വരുത്തി രഹസ്യമായി ചോദ്യം ചെയ്തത്. മോഹൻദാസിന്റെ മൊഴിയിലെ വലിയ രഹസ്യങ്ങൾ കേട്ട് ഞെട്ടിത്തരിച്ച പൊലീസ് നേതൃത്വം രായ്ക്ക് രാമാനം അയാളെ ഖത്തറിലേക്ക് നാടുകടത്തി. മൊഴിയിലെ സുപ്രധാന ഭാഗങ്ങൾ എല്ലാം നീക്കം ചെയ്ത അന്വേഷണസംഘത്തിലെ ഡിവൈ.എസ്‌പിമാർ ഒരാളും കൈയെത്തിപ്പിടിക്കാൻ കഴിയാത്ത ദൂരത്തേക്ക് മോഹൻദാസിനെ അയയ്ക്കുകയായിരുന്നു. ബിജെപി നേതാവും തിരുവല്ല കോടതിയിലെ യുവ അഭിഭാഷകനുമായ വ്യക്തിയുമായി ചേർന്നാണ് പൊലീസ് കേസ് അട്ടിമറിച്ചതെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ടീം സോളാറിന്റെ എല്ലാ രഹസ്യവും അറിയുകയും മിക്കതിനും ദൃക്‌സാക്ഷിയാവുകയും ചെയ്തിരുന്ന മോഹൻദാസ് സരിതയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനായിരുന്നു.

സംസ്ഥാന മന്ത്രിയുടെ വീട്ടിൽ വച്ച് കേന്ദ്രമന്ത്രി തന്നെ കടന്നു പിടിച്ചുവെന്നും അതിന്റെ വീഡിയോ ക്ലിപ്പിംഗും ഫോട്ടോകളും മോഹൻദാസിന്റെ കൈവശം സൂക്ഷിച്ചിട്ടുണ്ടെന്നും അന്വേഷണത്തിന്റെ ഒരു ഘട്ടത്തിൽ സരിത മൊഴി നൽകിയിരുന്നു. ഇതോടെ പൊലീസ് മോഹൻദാസിനെ തേടി നെട്ടോട്ടം തുടങ്ങി. സോളാർ കേസിലെ ഒന്നാം പ്രതി ബിജു രാധാകൃഷ്ണന്റെ ചിറ്റപ്പനാണ് മോഹൻദാസ്. ഖത്തറിൽ ജോലി ചെയ്യുകയായിരുന്ന ഇയാൾ മകളുടെ വിവാഹം കൂടാൻ 2010 ൽ നാട്ടിൽ വന്നു. പിന്നീട് മടങ്ങിപ്പോകാൻ കഴിയാതെ നിന്ന മോഹൻദാസിനെ ബിജു രാധാകൃഷ്ണൻ വിളിച്ചു കൊണ്ടുപോയി ടീം സോളാറിന്റെ പർച്ചേസ്/സെയിൽസ് മാനേജർ ആക്കുകയായിരുന്നു. തട്ടിപ്പു പുറത്താകുമെന്ന് വന്നതോടെ സരിത തന്നെ മുൻകൈയെടുത്താണ് ഇയാളെ കൊല്ലത്തുള്ള പ്രമുഖ മലയാളി വ്യവസായിയുടെ, ഖത്തറിലെ കമ്പനിയിൽ ജോലിവാങ്ങിക്കൊടുത്തത്.

സാമാന്യ വിദ്യാഭ്യാസം പോലുമില്ലാത്ത മോഹൻദാസിന് ലക്ഷങ്ങൾ ശമ്പളം കിട്ടുന്ന ജോലിയാണ് കമ്പനിയിൽ ലഭിച്ചതെന്ന് അറിയുമ്പോഴാണ് സരിതയുടെ പിടിപാട് മനസിലാകുന്നത്. സോളാർ തട്ടിപ്പ് വിവാദം കൊടുമ്പിരിക്കൊള്ളുകയും മുഖ്യമന്ത്രി പ്രതിക്കൂട്ടിലാവുകയും ചെയ്ത സാഹചര്യത്തിൽ മോഹൻദാസിനെ ഖത്തറിൽ നിന്നും അന്വേഷണസംഘം വിളിച്ചു വരുത്തുകയായിരുന്നു. ചെങ്ങന്നൂർ ഡിവൈ.എസ്‌പിയായിരുന്ന പ്രസന്നൻ നായരാണ് ഖത്തറിലേക്ക് വിളിച്ച് മോഹൻദാസിനോട് നാട്ടിലെത്താൻ ആവശ്യപ്പെട്ടത്. അറസ്റ്റിലാകുമെന്ന് ഭയന്ന ഇയാൾ നാട്ടിലെത്താൻ മടിച്ചു. ഇതോടെ മോഹൻദാസിന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി അന്വേഷണസംഘം സമ്മർദതന്ത്രം പ്രയോഗിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി അടുത്തബന്ധം പുലർത്തുന്ന അഭിഭാഷകൻ കേസിൽ ഇടപെടുന്നത് ഈ ഘട്ടത്തിലാണ്.

അന്വേഷണസംഘവുമായി സംസാരിച്ച് ഒരു ധാരണയിൽ എത്തിയ ശേഷം അരുൺ ഖത്തറിൽ നിന്നു മോഹൻദാസിനെ വരുത്തി ചെങ്ങന്നൂർ ഡിവൈ.എസ്‌പിക്ക് മുൻപാകെ ഹാജരാക്കി. തുടർന്ന് ഇയാളെ ചോദ്യം ചെയ്ത ഡിവൈ.എസ്‌പി പ്രസന്നൻ നായർ, കോട്ടയം ഡിവൈ.എസ്‌പി വി. അജിത്ത് എന്നിവർ, സരിതയെ കേന്ദ്രമന്ത്രി കടന്നു പിടിക്കുന്ന വീഡിയോ ക്ലിപ്പിംഗും ചിത്രങ്ങളും നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ, തന്റെ കൈയിൽ അങ്ങനെ ഒരു ക്ലിപ്പിങ് ഇല്ലെന്നും ഇക്കാര്യം സരിത തന്നോടു മുൻപ് സൂചിപ്പിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നുമാണ് മോഹൻദാസ് മൊഴി നൽകിയത്.

ഇവർക്ക് പുറമേ തളിപ്പറമ്പ് ഡിവൈ.എസ്‌പി സുദർശനൻ, താമരശേരി ഡിവൈ.എസ്‌പി ജയ്‌സൺ കെ. ഏബ്രഹാം, പെരുമ്പാവൂർ ഡിവൈ.എസ്‌പി ഹരികൃഷ്ണൻ എന്നിവർ മോഹൻദാസിനെ ചോദ്യം ചെയ്തിരുന്നു. ഹരികൃഷ്ണനും വീഡിയോ ക്ലിപ്പിങ് നൽകാൻ മോഹൻദാസിനോട് ആവശ്യപ്പെട്ടു. ഇതിന് മറുപടി നൽകിയതിനൊപ്പം തനിക്ക് അറിയാവുന്നതും പിന്നീട് പലരെയും കുഴപ്പത്തിലാക്കുന്നതുമായ നിരവധി കാര്യങ്ങൾ മോഹൻദാസ് വെളിപ്പെടുത്തി. എന്നാൽ, ഇതൊന്നും അന്വേഷണസംഘം രേഖപ്പെടുത്താൻ തയാറായില്ല.