- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യം കൈമാറിയ ഹാർഡ് ഡിസ്‌കിൽ കാര്യമായി ഒന്നുമില്ല; രണ്ടാം ഭാഗത്തിലും ആവശ്യപ്പെട്ട വിവരങ്ങൾ ഇല്ല; ഒളിച്ചുകളി തുടർന്നതോടെ നമ്പർ 18 ഹോട്ടലുടമ റോയ് ജെ വയലാട്ട് അറസ്റ്റിൽ; ഹോട്ടലിലെ അഞ്ചു ജീവനക്കാരും അറസ്റ്റിൽ; ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റ് നിർണായക തെളിവുകൾ നശിപ്പിച്ചതായി ബോധ്യപ്പെട്ടതോടെ
കൊച്ചി: മോഡലുകൾ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലുടമ റോയ് ജെ.വയലാട്ട് അറസ്റ്റിൽ. കേസിലെ നിർണായക തെളിവുകൾ നശിപ്പിച്ചതിനാണ് റോയിക്കെതിരെ കേസെടുത്തത്. ഹോട്ടലിലെ അഞ്ച് ജീവനക്കാരെയും അറസ്റ്റു ചെയ്തു.
റോയിയെ ചൊവ്വാഴ്ച 11 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ബുധനാഴ്ചയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു.രാവിലെ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ഹാജരായ റോയ് ജെ. വയലാട്ടുമായി നമ്പർ 18 ഹോട്ടലിൽ പൊലീസ് പരിശോധന നടത്തി.
റോയി പൊലീസിന് കൈമാറിയ ഹാർഡ് ഡിസ്‌കിൽ ആവശ്യപ്പെട്ട വിവരങ്ങൾ ഇല്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്നാണ് ഹോട്ടലിൽ വീണ്ടും പരിശോധന നടത്തിയത്. ഇതിനു പിന്നാലെയാണ് സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചതിന് ഇയാളെ ഉൾപ്പെടെ ആറു പേരെ അറസ്റ്റ് ചെയ്തത്.
അൻസിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ ഹോട്ടലുടമ റോയി വയലാട്ടിനെ സംശയിക്കുന്നുണ്ടെന്ന് കുടുംബം നൽകിയ പരാതിയിൽ പറയുന്നുണ്ട്. അപകടം നടന്ന രാത്രിയിലെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ റോയിയുടെ നിർദേശപ്രകാരം ജീവനക്കാർ നശിപ്പിച്ചെന്ന വിവരം ദുരൂഹത ഇരട്ടിപ്പിക്കുന്നുവെന്നും പരാതിയിൽ പറയുന്നു. മകളും സംഘവും സഞ്ചരിച്ച കാറിനെ മറ്റൊരു വാഹനം പിന്തുടർന്നത് എന്തിനാണെന്ന് അറിയണമെന്നും പരാതിയിലുണ്ട്. അപകടത്തെക്കുറിച്ചുള്ള ദുരൂഹത മാറാൻ വിപലുമായ അന്വേഷണം ആവശ്യമാണെന്ന് അൻസി കബീറിന്റെ ബന്ധു നിസാം പറഞ്ഞു. അൻസിയുടെ കുടുംബത്തിന്റെ പരാതിയിൽ പൊലീസ് ഒരു കേസ് കൂടിയെടുക്കാൻ സാധ്യതയുണ്ട്.
സിസിടിവി ദൃശ്യങ്ങൾ അടങ്ങുന്ന രണ്ട് ഡിവി ആറുകളിൽ ഒന്ന് ഇന്നലെ റോയി ഹാജരാക്കിയിരുന്നു. എന്നാൽ ഇത് കേസുമായി ബന്ധപ്പെട്ടതല്ലായിരുന്നു. അപകടമുണ്ടായ നവംബർ ഒന്നിന് ഹോട്ടലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെ പാലാരിവട്ടം സ്റ്റേഷനിൽ പൊലീസ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ്. അപകടമുണ്ടായതിന് പിന്നാലെ റോയി ഹോട്ടലിൽ എത്തി ഡിവിആർ കൊണ്ടുപോയെന്ന് ജീവനക്കാർ വെളിപ്പെടുത്തിയിരുന്നു.
യഥാർത്ഥ ഡിവിആർ നൽകിയില്ലെങ്കിൽ റോയിക്ക് എതിരെ തെളിവ് നശിപ്പിച്ചതിന് കേസ് എടുക്കുമെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ ഹാർഡ് ഡിസ്‌കുകൾ ഹാജരാക്കാൻ പൊലീസ് റോയിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇത് നൽകിയിരുന്നില്ല. ഇതോടെയാണ് പൊലീസ് അറസ്റ്റിലേക്ക് കടന്നത്.ഹാർഡ് ഡിസ്‌കിന് വേണ്ടിയുള്ള തെരച്ചിൽ പൊലീസ് വ്യാപിപ്പിക്കുകയും ചെയ്തിരുന്നു. ഫോർട്ട് കൊച്ചിയിലെ നമ്പർ 18 എന്ന ഹോട്ടലിലെ ഹാർഡ് ഡിസ്‌ക് തേടി പൊലീസ് തേവര കണ്ണങ്കര പാലത്തിന് സമീപമാണ് തെരച്ചിൽ നടത്തിയത്. ഹോട്ടൽ ഉടമ റോയി ജെ വയലാട്ടിന്റെ വീടിന് സമീപമാണ് തേവര കണ്ണങ്കര പാലം. ഹോട്ടലിലെ ജീവനക്കാരുമായാണ് പൊലീസ് തെരച്ചിൽ നടത്തിയത്. എന്നാൽ, പരിശോധനയിൽ ഡിവിആർ ലഭിച്ചില്ല.
ചൊവ്വാഴ്ച 11 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനു ശേഷം റോയ് ജോസഫ് വയലാട്ടിനെ വിട്ടയച്ചിരുന്നു. ഇന്ന് ഹാർഡ് ഡിസ്‌കുമായി എത്തുമെന്ന് അറിയിച്ചതിനെ തുടർന്ന് ഇന്നലെ വിട്ടയക്കുകയും ചെയ്തിരുന്നു. രണ്ട് ഹാർഡ് ഡിസ്‌കുകൾ റോയി ഹാജരാക്കുകയും ചെയ്തു. എന്നാൽ നിർണായക വിവരങ്ങൾ ഉള്ള ഹാർഡ് ഡിസ്‌ക് ഹാജരാക്കിയില്ലെന്ന നിഗമനത്തിലായിരുന്നു തെരച്ചിൽ.
മറുനാടന് മലയാളി ബ്യൂറോ