- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ച് പതിറ്റാണ്ടായുള്ള കൊച്ചിയിലെ കമ്മ്യൂണിസ്റ്റുകാരുടെ സ്വപ്നം പൂവണിഞ്ഞു; മട്ടാഞ്ചേരിയെ ചുവപ്പണിയിച്ച എഐവൈഎഫുകാരി ആൻസിയ ഇനി കൊച്ചി കോർപ്പറേഷനിൽ ഡെപ്യൂട്ടി മേയർ; തിരുവനന്തപുരത്തിന് പിന്നാലെ കൊച്ചിയെ നയിക്കാനും യുവരക്തം
കൊച്ചി: തെരഞ്ഞെടുപ്പിൽ മികച്ച വിജയം നൽകി ജനങ്ങൾ വിസ്മയിപ്പിച്ചതിന് മറുപടിയായി ഇടത് മുന്നണിയും തങ്ങളുടെ തീരുമാനങ്ങൾ കൊണ്ട് വിസ്മയിപ്പിക്കുകയാണ്. തിരുവനന്തപുരം മേയറായി എസ്എഫ്ഐയുടെ വനിതാ നേതാവ് ആര്യാ രാജേന്ദ്രനെ സിപിഎം തീരുമാനിച്ചതിന് പിന്നാലെ കൊച്ചിയിലെ സിപിഐയും കോർപ്പറേഷന്റെ ഭരണ സാരഥ്യത്തിലേക്ക് യുവരക്തത്തെ നിയോഗിച്ചിരിക്കുകയാണ്. ആൻസിയ എന്ന എഐവൈഎഫുകാരിയാണ് ഇനി കൊച്ചി കോർപ്പറേഷനിൽ ഡെപ്യൂട്ടി മേയറാകുക. പാർട്ടിയുടെ നിർദ്ദേശമനുസരിച്ച് ജനകീയ വിഷയങ്ങൾക്ക് പരിഹാരം കണ്ട് മുന്നോട്ട് പോകാനാണ് ലക്ഷ്യമിടുന്നതെന്ന് ആൻസിയ മറുനാടനോട് പറഞ്ഞു. പാർട്ടി ഏൽപ്പിക്കുന്ന ചുമതലകൾ കൃത്യമായി നിർവഹിക്കും. എന്നും ജനപക്ഷത്ത് തന്നെയായിരിക്കും. സംഘടനാ രംഗത്ത് നിന്നും അയൽക്കൂട്ടം പ്രവർത്തനങ്ങളിൽ നിന്നും ലഭിച്ച അനുഭവ സമ്പത്ത് പ്രയോജനപ്പെടുത്തുമെന്നും ആൻസിയ പ്രതികരിച്ചു.
ഈ 33കാരി സിപിഐയുടെ യുവജന വിഭാഗം നേതാവും കുടുംബശ്രീയുടെ സജീവ പ്രവർത്തകയുമാണ്. കൊച്ചിയുടെ ഹൃദയത്തുടിപ്പറിയുന്ന ഓട്ടോറിക്ഷാ ഡ്രൈവർ അഷ്റഫ് ആണ് ആൻസിയയുടെ ഭർത്താവ്. കഴിഞ്ഞ 51 വർഷമായി ലീഗ് കോട്ടയായിരുന്ന മട്ടാഞ്ചേരി അഞ്ചാം വാർഡ് പിടിച്ചെടുത്ത ആൻസിയക്കും എഐവൈഎഫ് പ്രവർത്തകർക്കും ഇത് അർഹതയ്ക്കുള്ള അംഗീകാരമാണ്.എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് അനൂബ്, ഷിയാസ്, പി കെ ഷബീബ്, അനീഷ്, മുഹമ്മദ് ഷാഫി, ബഷീർ തുടങ്ങിയ യുവ നിരയുടെ ദീർഘകാല ലക്ഷ്യമായിരുന്നു ലീഗിന്റെ ശക്തി കേന്ദ്രമായ മട്ടാഞ്ചേരി അഞ്ചാം വാർഡ് ചുവപ്പണിയിക്കുക എന്നത്. ഇപ്പോൾ ആൻസിയുലൂടെ ആ ലക്ഷ്യം കൈവന്നതിന് പിന്നാലെ ഇരട്ടിമധുരമാകുകയാണ് ഡെപ്യൂട്ടി മേയർ പദവി.
മട്ടാഞ്ചേരി ഹാർബറിലെ തൊഴിലാളിയും ഓട്ടോറിക്ഷ ഡ്രൈവറുമാണ് അൻസിയയുടെ ഭർത്താവ് കെ ബി അഷ്‌റഫ്.മൂന്ന് മക്കളാണ് ഈ യുവ വിപ്ലവകാരിക്കുള്ളത്. മൂത്ത മകൾ പ്ലസ്ടുവിന് പഠിക്കുന്നു. രണ്ടാമത്തെ മകൻ എട്ടാം ക്ലാസിലും മൂന്നാമത്തെ കുട്ടി രണ്ടാം ക്ലാസിലുമാണ് പഠിക്കുന്നത്. 75 അംഗ കോർപ്പറേഷനിൽ ആർക്കും കേവല ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. രണ്ട് വിമതരുടെ പിന്തുണയോടെയാണ് ഇടതുമുന്നണി അധികാരം ഉറപ്പിച്ചത്. 34 ഇടത് കൗൺസിലർമാരിൽ നാല് അംഗങ്ങളാണ് സിപിഐക്കുള്ളത്, ഇതിൽ ഏക വനിതയാണ് ആൻസിയ.
കൊച്ചി കോർപ്പറേഷൻ കൗൺസിലിൽ നാല് അംഗങ്ങളാണ് സിപിഐക്കുള്ളത്. പത്തുവർഷത്തിന് ശേഷമാണ് കൊച്ചി നഗരസഭ ഭരണം ഇടതുമുന്നണി തിരിച്ചു പിടിക്കുന്നത്. ലീഗ് വിമതൻ ടി കെ അഷ്‌റഫും കോൺഗ്രസ് വിമതൻ ജെ സനിൽ മോനും എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം മാനാശ്ശേരിയിൽ നിന്നും വിജയിച്ച സിപിഎം വിമതൻ കെ പി ആന്റണി ആരെയും പിന്തുണയ്ക്കാതെ മാറി നിൽക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. മറ്റൊരു കോൺഗ്രസ് വിമത മേരി കലിസ്റ്റ പ്രകാശൻ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
കൊച്ചി കോർപ്പറേഷനിൽ സിപിഎം നേതാവ് എം അനിൽകുമാർ മേയറാകും. കോർപ്പറേഷനിലേക്ക് മൽസരിച്ച ജില്ലാ കമ്മിറ്റി അംഗമാണ്, കൊച്ചിയിലെ ജനകീയ മുഖമായ അനിൽ കുമാർ. ഇന്നുചേരുന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം അനിൽ കുമാറിന്റെ പേരിന് അന്തിമ അംഗീകാരം നൽകുമെന്നാണ് സൂചന. എൽഡിഎഫിനെ പിന്തുണച്ച ടി കെ അഷ്‌റഫ് കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനാകും. ഡിസംബർ 28 നാണ് മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് നടക്കുക. സ്ഥിരം സമിതി അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് പിന്നീട് നടക്കും.
മറുനാടന് ഡെസ്ക്