- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുത്തച്ഛൻ നൽകിയ ക്യാമറയിൽ നിത്യവും പുഴയും തീരവും പകർത്തി; കോവിഡിന് ശേഷം കണ്ടത് പുഴയാകെ പ്ലാസ്റ്റിക് മാലിന്യങ്ങളും അറവുമാലിന്യവും ചവറും; ഫോട്ടോ അടക്കം മുഖ്യമന്ത്രി അങ്കിളിന് കത്തെഴുതിയത് വെറുതെയായില്ല; കണിയാമ്പുഴത്തീരം പൂവാടിയാകും; ആൻലിന അജുവിന് ഇനി കൈയടിക്കാലം
കൊച്ചി: നാലാം ക്ലാസുകാരിയായ ആൻലിന അജു എന്ന കൊച്ചു മിടുക്കി മുഖ്യമന്ത്രിക്കയച്ച പരാതി ഫലം കണ്ടു. മാലിന്യ കൂമ്പാരമായിരുന്ന ഏരൂർ കണിയാമ്പുഴയുടെ തീരം വൃത്തിയാക്കി സൗന്ദര്യവൽക്കരിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. കണിയാമ്പുഴയുടെ തീരത്ത് ആൻലിനയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ കെ. ബാബു എംഎൽഎയും ജില്ല കളക്ടർ ജാഫർ മാലിക്കും ചേർന്നാണ് ശുചീകരണ യജ്ഞം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ഈ ഭാഗത്ത് പൂച്ചെടികൾ വച്ചു പിടിപ്പിക്കാനാണ് ജില്ല ഭരണകൂടത്തിന്റെ തീരുമാനം.
കൊച്ചി നേവൽ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയായ ആൻലിനയുടെ പരാതിയാണ് കണിയാമ്പുഴയെ വീണ്ടെടുക്കുന്നതിലേക്ക് നയിച്ചത്. സ്‌കൂളിലേക്ക് പോകുന്ന വഴിയിൽ മാലിന്യം കുന്നുകൂടിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ആൻലീന ചിത്രങ്ങൾ സഹിതം മുഖ്യമന്ത്രിക്ക് പരാതി അയക്കുകയായിരുന്നു. ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി കളക്ടറെ ചുമതലപ്പെടുത്തുകയായിരുന്നു. ശുചീകരണ പ്രവർത്തനം നടത്തിയതുകൊണ്ട് മാത്രം മാലിന്യപ്രശ്നം അവസാനിക്കുകയില്ലെന്ന് വ്യക്തമായതോടെയാണ് പ്രദേശം വൃത്തിയാക്കി പൂച്ചെടികൾ നട്ടുവളർത്താൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. ഇറിഗേഷൻ വകുപ്പിന്റെ സഹകരണത്തോടെയാണ് ഇതിനുവേണ്ട പ്രവർത്തനങ്ങൾ നടക്കുക.
മാലിന്യപ്രശ്നം നിയമം മൂലം നിരോധിക്കുന്നതിന് ഉപരിയായി ജനങ്ങൾ എപ്പോഴും ഉണർന്നു പ്രവർത്തിക്കുകയും എപ്പോഴും കണ്ണ് തുറന്നിരിക്കുകയും ചെയ്താൽ മാത്രമേ പരിഹാരമാകൂവെന്ന് കെ.ബാബു എംഎൽഎ പറഞ്ഞു. പ്രദേശത്ത് കാമറ സ്ഥാപിക്കാനുള്ള നടപടികൾ ഉണ്ടാകണം. അതിന് ആവശ്യമായ എല്ലാവിധ സഹകരണങ്ങളും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു തുടക്കമാകട്ടെ എന്നും നഗരത്തിൽ മാലിന്യങ്ങൾ കുന്നുകൂടിക്കിടക്കുന്ന മറ്റു സ്ഥലങ്ങളും വൃത്തിയാക്കി പൂന്തോട്ടങ്ങളും പാർക്കുകളും നിർമ്മിക്കുമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. ഇങ്ങനെ ചെയ്യുന്നത് റോഡുകളും ജലാശയങ്ങളും സംരക്ഷിക്കുന്നതിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
പുഴ മലിനീകരണത്തിന് പരിഹാരം തേടി കുഞ്ഞ് ആൻലിന അജു മുഖ്യമന്ത്രി 'അങ്കിളിന്' കത്തെഴുതിയതാണ് നിർണ്ണായകമായത്. കൊച്ചി നേവൽ ചിൽഡ്രൻസ് സ്‌കൂളിൽ നാലാംക്ലാസ് വിദ്യാർത്ഥിനിയായ ആൻലിന, എരൂർ കണിയാമ്പുഴയുടെ തീരത്തിലൂടെയാണ് ദിനവും സ്‌കൂളിൽ പോയിരുന്നത്. മുത്തച്ഛൻ ജയിംസ് ആർപ്പൂക്കര വാങ്ങി നൽകിയ ക്യാമറയിൽ ആൻലിന നിത്യവും പുഴയും തീരവും പകർത്തിയിരുന്നു.
കോവിഡ് കാലത്തിനുശേഷം സ്‌കൂളിൽ പോകാൻ തുടങ്ങിയപ്പോൾ പുഴയാകെ പ്ലാസ്റ്റിക് മാലിന്യങ്ങളും അറവുമാലിന്യവും ചവറും നിറഞ്ഞ് വൃത്തിഹീനമായിരിക്കുന്നതാണ് കാണാൻ കഴിഞ്ഞത്. പുഴയുടെ നിറം മാറി, മീനുകൾ ചത്തുപൊങ്ങുന്നു. കുഞ്ഞുമനസ്സിന് ഈ കാഴ്ചകൾ താങ്ങാനായില്ല. മലിനമായ പുഴയെ ക്യാമറയിൽ പകർത്തിയ ആൻലിന, പരിഹാരം തേടിയാണ് മുഖ്യമന്ത്രിക്ക് കത്തെഴുതിയത്.
കത്തിനൊപ്പം മലിനമാകും മുമ്പും ശേഷവുമുള്ള പുഴയുടെ ചിത്രങ്ങളും ചേർത്തുവച്ചു. കത്ത് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുകയും ഉചിതനടപടിയെടുക്കാൻ കലക്ടറെയും ജില്ലയിലെ മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലിനെയും ചുമതലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് കളക്ടർ വീട്ടിലെത്തി. എടുത്ത ഫോട്ടോകൾ കലക്ടറെ കാണിച്ച് ആൻലിന എല്ലാം വിശദീകരിച്ചു. മാലിന്യം തള്ളുന്ന സ്ഥലങ്ങൾ കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഇറിഗേഷൻ വകുപ്പിനെയും തൃപ്പൂണിത്തുറ മുനിസിപ്പൽ സെക്രട്ടറിയെയും കലക്ടർ ചുമതലപ്പെടുത്തി.
2020ലെ സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യം പുരസ്‌കാര ജേതാവുകൂടിയായ ആൻലിന, നാവികസേന ലഫ്. കമാൻഡർ അജു പോളിന്റെയും ആൻ മേരി ജയിംസിന്റെയും മകളാണ്.
മറുനാടന് മലയാളി ബ്യൂറോ